Wednesday, April 25, 2012

കമന്റ്

പുകഴ്ത്തൽ ഇഷ്ടപ്പെടാത്ത ആരെങ്കിലും ബൂലോകത്തല്ല ; ഭൂലോകത്തു പോലും ഉണ്ടെന്ന് തോന്നുന്നില്ല. അതെ സമയം പൊള്ളയായ പുകഴ്ത്തലുകൾ ഒരുവിധം ജീവിതാനുഭവമുള്ളവർക്കെല്ലാം എളുപ്പം പിടി കിട്ടുകയും ചെയ്യും. അത്തരക്കാർ വിമർശനങ്ങളെയും അതെ അർത്ഥത്തിൽ ഉൾക്കൊള്ളും. യഥാർത്ഥത്തിൽ കമന്റ്, ബൂലോകത്തെ എഴുത്തുകാരനും വായനക്കാരനും വീണു കിട്ടിയ ഏറ്റവും വലിയ വരദാനമാണ്.. തന്റെ എഴുത്ത്  എങ്ങനെ വായിക്കപ്പെട്ടു എന്നറിയാൻ എഴുത്തുകാരനും താൻ എങ്ങനെ വായിച്ചു എന്നഭിപ്രായപ്പെടാൻ വായനക്കാരനും അവസരം നൽകുന്ന വേദി..അഭിപ്രായം പറയുമ്പോൾ, വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും സത്യസന്ധത പാലിക്കാൻ ശ്രദ്ധിച്ചാൽ മതി.ബൂലോകത്ത്, വായനക്കാരിലധികവും എഴുത്തുകാർ ആണെന്നുള്ളതു കൊണ്ട്, ആ സത്യസന്ധത സ്വയം പാലിച്ചില്ലെങ്കിൽ, എല്ലാവരും പുറംചൊറിയൽ കമന്റുകൾ സൃഷ്ടിക്കുന്ന മൂഢസ്വർഗ്ഗത്തിൽ മുഴുകി  എഴുത്തുജീവിതം നരകമാക്കാനിടയുണ്ട്..

Thursday, April 19, 2012

സ്വാതന്ത്ര്യം

അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യം നേടുമ്പോൾ ഭരിച്ചവർ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം മാത്രമല്ല, ദു:സ്വാതന്ത്ര്യം കൂടി അവരിൽ വന്നു ചേരും, അത് സ്വാഭാവികമാണ്. അതാണ് സ്വാതന്ത്ര്യത്തിലെ മന:ശാസ്ത്രം. മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന പുരുഷന്മാർ ധാരാളമുള്ള നാട്ടിൽ, വളർന്ന് വലുതാവുമ്പോൾ അതു കൂടി ചെയ്താലെ തങ്ങളുടെ സ്വാതന്ത്ര്യത്തിനു പൂർണ്ണതയുള്ളു എന്നു കുട്ടികൾ കരുതും.അങ്ങിനെ ചെയ്യുകയും ചെയ്യും. നേരെ മറിച്ച്, ഉയരമുള്ള ഒരു തെങ്ങിൽ കയറുകയാണ് പുരുഷനായതിന്റെ ലക്ഷണം എന്നു കരുതുന്ന സമൂഹത്തിൽ , കുട്ടികൾ ( സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർ ) തെങ്ങിൽ കയറാൻ പരിശ്രമിച്ചു കൊണ്ടിരിക്കും.

അതുകൊണ്ട് സ്ത്രീകൾ ദു:സ്വാതന്ത്ര്യമെടുക്കുന്നു എന്ന് പരിഭവമുള്ള പുരുഷന്മാർ, ആദ്യം തങ്ങളാസ്വദിക്കുന്ന ദു:സ്വാതന്ത്ര്യങ്ങൾ വേണ്ടെന്നു വെക്കുകയാണു വേണ്ടത്..