Wednesday, September 19, 2012

കഥയെഴുതുമ്പോൾ


എന്റെ കഥയെഴുത്തിനെ കുറിച്ചും ശ്രദ്ധിക്കാൻ ശ്രമിക്കുന്ന കാര്യങ്ങളെ കുറിച്ചും പറയാം..

1.പുതുമയുള്ള പ്രമേയങ്ങൾ കണ്ടെത്താൻ ശ്രമിക്കാറുണ്ട്. പലപ്പോഴും അത് വിജയിക്കാറില്ല. അപ്പോൾ കഥ പറയുന്നതിൽ പുതുമ വരുത്താൻ ശ്രമിക്കും. ചിലപ്പോൾ അതും വിജയിക്കാറില്ല. :)

2. 'ഞാൻ' ആയി കഥ പറയുമ്പോൾ വികാരങ്ങളും വൈഷമ്യങ്ങളും അനുഭവപ്പെടുന്നതും പങ്കുവെക്കുന്നതും കൂടുതൽ എളുപ്പമായി തോന്നാറുണ്ട്.( എഴുതുമ്പോൾ ചിരിക്കാറുണ്ട്, കരയാറുണ്ട്, കഥാപാത്രങ്ങളുടെ മാനസിക വികാരങ്ങൾ അനുഭവപ്പെടാറുണ്ട് ) മുൻപൊരിക്കൽ, 'ഞാൻ' എഴുതിയ ഒരു ഗവിത വായിച്ച ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടു, അതിലെ 'ഞാൻ', 'എന്റേത്' എന്നുള്ളത് പരമാവധി വെട്ടിക്കളയാൻ. സത്യമായിരുന്നു. അതെല്ലാം വെട്ടിക്കളഞ്ഞിട്ടും ആശയത്തിനും സംവേദനത്തിനും മാറ്റമൊന്നുമുണ്ടായില്ല. ഈ വസ്തുത , 'ഞാൻ' കഥ പറയുമ്പോഴും ശ്രദ്ധിക്കാറുണ്ട്.
എങ്കിലും, എല്ലാ കഥകളും 'ഞാനായി' തന്നെ പറയുന്നത് പ്രായോഗികമാണെന്ന് കരുതുന്നില്ല.
(കഥ പറയുന്ന രീതികളെ കുറിച്ച് കൂടുതൽ പഠിച്ചിട്ടുള്ള ഒരു സുഹൃത്തിനോട് ഇവിടെ അഭിപ്രായം പറയാൻ ആവശ്യപ്പെട്ടുണ്ട്. അദ്ദേഹത്തെ കാത്തിരിക്കുന്നു. )

3. നെടുങ്കൻ ഖണ്ഡികകൾ എഴുതുന്നത് പരമാവധി ഒഴിവാക്കും. ചെറിയ ചെറിയ പാരഗ്രാഫുകളും ഇടയ്ക്കിടെയുള്ള സംഭാഷണങ്ങളും വായനയിൽ താല്പര്യം ജനിപ്പിക്കും എന്നാണു വിശ്വാസം. സംഭാഷണങ്ങൾ ഉദ്ധരണിയിൽ (ക്വട്ടേഷൻ മാർക്ക് ) ഇടാൻ ശ്രദ്ധിക്കാറുണ്ട്.

4. ഡയലോഗുകൾ സന്ദർഭത്തിനും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും സംസ്ക്കാരത്തിനും അനുയോജ്യമാണോ എന്ന് ശ്രദ്ധിക്കാറുണ്ട്.

5. ആദ്യം ഡയറിയിലാണ് കഥയെഴുതുക. പിന്നെ വേഡിൽ ടൈപ്പ് ചെയ്യുന്നു. ടൈപ്പ് ചെയ്യുമ്പോൾ തന്നെ പല വെട്ടിത്തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും നടത്താറുണ്ട്. പിന്നെ, പല ദിവസങ്ങളും അത് വീണ്ടും വായിക്കും, ആവശ്യമെന്ന് തോന്നുന്ന തിരുത്തലുകൾ വരുത്തും. അക്ഷരത്തെറ്റുകൾ കണ്ടു പിടിക്കാനായി മാത്രം ഒരു വായന നടത്താൻ ശ്രമിക്കാറുണ്ട്. ചിലപ്പോൾ മടി കാരണം പാതിവഴിയിൽ ഉപേക്ഷിക്കും. അവസാനമാണ് ബ്ലോഗിൽ കോപ്പി പേസ്റ്റ് ചെയ്യുക. പബ്ലിഷ് ചെയ്തതിനുശേഷം വീണ്ടും വായിക്കും. അപാകതകളും അക്ഷരത്തെറ്റുകളും കണ്ടാൽ വീണ്ടും എഡിറ്റ് ചെയ്യും.
6. കമന്റുകളിൽ നിന്ന്, ഭൂരിഭാഗം വായനക്കാരും മറ്റൊരു രീതിയിലാണ് കഥ വായിച്ചതെന്ന് തോന്നിയാൽ , അല്ലെങ്കിൽ അപാകതകൾ ചൂണ്ടി കാണിച്ചാൽ, വീണ്ടും എഡിറ്റിങ്ങ്&/കൂട്ടിച്ചേർക്കലുകൾ നടത്തും.

7. മറ്റുള്ളവരുടെ കഥകൾ എത്ര ഇഷ്ടപ്പെട്ടാലും ആ ശൈലിയോ ഭാഷയോ അനുകരിക്കാൻ ശ്രമിക്കാറില്ല. ചില കഥകളുടെ പ്രമേയങ്ങളിൽ നിന്ന് പുതിയ കഥാതന്തു വികസിപ്പിച്ചെടുക്കാൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കാറുണ്ട്. വിരളമായേ ലഭിക്കാറുള്ളൂ.

8. കടുത്ത ജീവിതാനുഭവങ്ങൾ കുറവായതുകൊണ്ട്, തിരക്കോ മറ്റ് അത്യാവശ്യങ്ങളോ ഇല്ലെങ്കിൽ, ബോറടിപ്പിക്കാത്ത ഏതൊരാളുടെയും സംസാരം കേട്ടിരിക്കാൻ ശ്രമിക്കാറുണ്ട്. മനസ്സിൽ തട്ടിയ ചിലതിൽ, അത്തരം സാഹചര്യങ്ങളിൽ ഞാനായിരുന്നാൽ എന്തായിരിക്കും എന്നാലോചിക്കും. എന്റെ പല കഥകളും ജനിച്ചത് അങ്ങനെയാണ്.

9. കഥയിൽ ബിംബങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിൽ, അത് അങ്ങനെയായി കാണാൻ കഴിവില്ലാത്ത വായനക്കാരനെയും മുന്നിൽ കണ്ട്, അവനത് കഥയിൽ മുഴച്ചു നിൽക്കുന്നതായി അനുഭവപ്പെടാതെ കഥ പറയാൻ ശ്രമിക്കാറുണ്ട്.എല്ലായ്പ്പോഴും വിജയിക്കാറില്ല.

10.എഴുതിയ എല്ലാ കഥകളും ഒരു പോലെ അനുഭവപ്പെടാറില്ല. ചിലതിന് മസ്തിഷ്ക്കം കൂടുതൽ പ്രവർത്തിച്ചിട്ടുണ്ടാവും, എഴുതി ഫലിപ്പിക്കാനായി കൂടുതൽ ബുദ്ധിമുട്ടിയിട്ടുണ്ടാകും. ആ കഥകളെ അങ്ങനെ തന്നെ കാണും.


No comments:

Post a Comment