Sunday, November 25, 2012

വായനയെ കുറിച്ച്..

                                                       മേതിലിന്റെ  ജൂലൈ ഓഗസ്റ്റ് സെപ്റ്റംബർ എന്ന കഥയുടെ വായനയും  അല്പം ചിന്തയും.

വായനയിലെ വളർച്ച എന്നൊന്നുണ്ട് എന്നു വിശ്വസിക്കുന്നു.. ലളിതമായതിൽ നിന്ന് ഗഹനമായതിലേക്ക് തന്നെയാണാ വളർച്ച സംഭവിക്കുന്നതും. പലരും ആ വളർച്ച സ്വയം തടയുകയാണ്. വളരുന്തോറും ബൗദ്ധികമായ അദ്ധ്വാനം കൂടി വരുന്നു എന്നുള്ളത് തന്നെ ഒരു കാരണം. ആ അദ്ധ്വാനം വളരെ ശ്രമകരമായ ഒന്നാണ്.മടുപ്പിക്കുന്ന ഒന്നാണ്...ഇടയ്ക്കോരോന്ന് വീണുകിട്ടിയില്ലെങ്കിൽ പോലും അവസാന വാക്കുവരെ അസാമാന്യക്ഷമയോടെ തിരഞ്ഞു പോകേണ്ടിവരും ലക്ഷ്യമെത്താൻ. ചിലപ്പോൾ ആദ്യശ്രമത്തിൽ എത്തിയില്ലെന്നും വരാം..അതേ സമയം നാലഞ്ചു തവണ ആ വഴി സഞ്ചരിച്ചവന് അതത്ര ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല.. മേതിലിന്റെ കഥകൾ മുൻപ് വായിച്ച് ആസ്വദിച്ചവർക്ക്  ഈ കഥ വായിക്കാനും തടസ്സമുണ്ടാകില്ല. പക്ഷെ വർഷങ്ങൾമുമ്പ് ആദ്യശ്രമത്തിൽതന്നെ വഴിയിൽ വീണുപോയ എന്നെപോലുള്ളവർക്ക് ഈ കയറ്റവും  കഠിനം തന്നെ.

മറ്റൊരു കാരണം, മനുഷ്യർ പൊതുവെ വൈകാരികമായ പരിസരങ്ങൾ ഇഷ്ടപ്പെടുന്നു എന്നുള്ളതാണ്. സ്നേഹവും പ്രണയവുമെല്ലാം നൽകുന്ന ശീതളച്ഛായയിൽ നിന്ന് മസ്തിഷ്ക്കത്തിന്റെ ഊഷ്മാവ് കൂട്ടുന്ന പാതയിലൂടെയുള്ള യാത്ര സ്വയം സ്വീകരിക്കാൻ സന്നദ്ധനാവുക എളുപ്പമുള്ള കാര്യമൊന്നുമല്ല..ഒരർത്ഥത്തിൽ സന്യാസത്തിലേക്കുള്ള യാത്രപോലെ തന്നെയാണത്.

അതുകൊണ്ടു തന്നെ ജീവിതപരിസരത്തുചുറ്റിപറ്റിനിന്ന് പുതിയ പുതിയ ആഹ്ലാദങ്ങൾ കണ്ടെത്തുന്നവരെ തള്ളിപ്പറയേണ്ടതുമില്ല. ജീവിതം തന്നെ ഒരു വലിയ വിസ്മയമാണാല്ലൊ.ഏറ്റവും കുറഞ്ഞത്, വായനയുടെ യാത്ര ആരംഭിക്കാൻ,തുടർന്ന് കൂടുതൽ വിസ്മയങ്ങൾ പകർന്ന് ഉയർത്തിക്കൊണ്ടു പോകാൻ വായനയുടെ വൈവിധ്യതകളൊരുക്കുന്ന എഴുത്തുകാർ ആവശ്യമാണല്ലൊ..
ഏതെങ്കിലുമൊരു ഘട്ടത്തിൽ വായനക്കാരനു രുചിക്കാവുന്ന വിധത്തിൽ എഴുതുകയല്ല, അവന്റെ വായനായാത്രയുടെ ആരംഭം മുതൽ അങ്ങേയറ്റം വരെ രുചിക്കുന്ന വിധത്തിൽ എഴുത്തിൽ വൈവിധ്യം പുലർത്തുകയായിരിക്കും ഒരെഴുത്തുകാരൻ നേടേണ്ട ലക്ഷ്യം എന്നാണ് എന്റെ ചിന്ത.

No comments:

Post a Comment