Wednesday, January 16, 2013

പങ്കാളിത്ത പെൻഷൻ സമരം. താത്വികമായ അവലോകനം, നിരീക്ഷണം, പ്രവചനം ( എല്ലാം ഇവിടെ കിട്ടും )





ആദ്യമേ പറയട്ടെ, ഒരിടതുപക്ഷക്കാരനാണെന്ന് സ്വയം വിശ്വസിക്കാനാണിഷ്ടം. നിങ്ങൾ എങ്ങനെ കാണുന്നതിലും വിരോധമില്ല.

സമരം എന്തിനായിരുന്നു ?

1. ഇടതുപക്ഷ സർവീസ് സംഘടനകളെ സംബന്ധിച്ചിടത്തോളം, സമരം അനിവാര്യമായ ഒരു ഘട്ടമായിരുന്നു. ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ 2013 ഏപ്രിൽ മുതൽ ജോലിക്ക് കയറുന്ന ഉദ്യോഗാർത്ഥികൾക്ക്  പങ്കാളിത്ത പെൻഷൻ ബാധകമാക്കി ഉത്തരവിറങ്ങി കഴിഞ്ഞിരിക്കുന്നു. സൂചനാ പണിമുടക്കുൾപ്പെടെയുള്ള പ്രതിഷേധങ്ങളും ചർച്ചകളും നടത്തിയിട്ടും ഫലമൊന്നുമുണ്ടായില്ല. ജോലിയ്ക്ക് കയറാൻ തയ്യാറായി നിൽക്കുന്ന ചെറുപ്പക്കാർ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും പകരം  ‘എത്രയും വേഗം ഒരു ജോലി കിട്ടിയാൽ മതി’ എന്ന ചിന്തയ്ക്കാണ് ഊന്നൽ കൊടുക്കുക എന്നുള്ളത് ഊഹിക്കാവുന്നതേയുള്ളൂ.പങ്കാളിത്ത പെൻഷൻ ജീവനക്കാരെ  സംബന്ധിച്ചിടത്തോളം ഭീമമായ നഷ്ടമാണ്, കിട്ടുന്ന ആനുകൂല്യങ്ങൾ ഒന്നൊന്നായി നഷ്ടപ്പെടുന്നതോടെ ഈ മേഖലയിലെ സംഘടനാ ശേഷി തകരും എന്ന തിരിച്ചറിവുള്ളവർക്ക് ഈ സമരം  അനാവശ്യമായല്ല, അനിവാര്യമായ  ഒന്നായാണ് ബോധ്യപ്പെടുക. അനിവാര്യമാണ് എന്നു ബോധ്യപ്പെട്ടാൽ, പിന്നെ വിജയസാധ്യതയും പരാജയസാധ്യതയുമൊന്നും പരിശോധിച്ചല്ല യുദ്ധത്തിനിറങ്ങുക.  ഇറങ്ങുക തന്നെയേ പോം വഴിയുള്ളു. ഒപ്പം,  മനസ്സിനുള്ളിൽ പരാജയപ്പെടും എന്നാണെങ്കിലും, അണികളുടെ മനസാനിദ്ധ്യം നഷ്ടപ്പെടാതിരിക്കാൻ സമരം വിജയിക്കും എന്നൊരു ആത്മവിശ്വാസം പകർന്നു കൊണ്ടിരിക്കുകയേ നേതാക്കൾക്ക് നിവൃത്തിയുള്ളു. ജീവനക്കാരുടെ പൾസ് അറിയാവുന്ന,  സ്വന്തം സംഘടനയിൽ ദീർഘകാലപ്രവർത്തിപരിചയമുള്ള നേതാക്കൾ, സർക്കാരിനെ കൊണ്ടു പങ്കാളിത്ത പെൻഷൻ  പിൻവലിപ്പിച്ചേ പിൻവാങ്ങുകയുള്ളൂ എന്ന ദൃഡനിശ്ചയത്തോടെയാണ് സമരത്തിനിങ്ങിയത് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ‘പുതുതായി സർവീസിൽ വരുന്നവരെ ഒറ്റുകൊടുക്കാൻ നമുക്കാവില്ല.അവരുടെ പെൻഷൻ സംരക്ഷണത്തിനായി നമുക്ക് ആഗസ്റ്റ് 21 ലെ ( 2012 ) പണിമുടക്കിൽ പങ്കെടുക്കാം’ എന്ന് ആഹ്വാനം ചെയ്ത ഭരണപക്ഷാനുകൂല സർവീസ് സംഘടന, ഭാവിയിൽ ജോലിയിൽ കയറാൻ പോകുന്ന ജീവനക്കാർക്കു വേണ്ടി നിലവിലുള്ളവർ വലിയ ത്യാഗസന്നദ്ധതയൊന്നും കാണിക്കാനിടയില്ല എന്ന ധാരണയിൽ തന്നെയായിരിക്കണം അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിൻമാറിയതും.

2. പങ്കാളിത്ത പെൻഷൻ ഫണ്ട് ഓഹരിവിപണി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിക്ഷേപിക്കാനാണ് നിലവിലുള്ള നിർദേശം.  ഓഹരിവിപണിയിൽ ഇനിയൊരിക്കലും വിലത്തകർച്ച ഉണ്ടാവില്ലെന്നും നിക്ഷേപിക്കുന്നവർക്കെല്ലാം അതിലധികം തുക നൽകാനാവുമെന്നും ഉറപ്പ് നൽകാൻ സർക്ക
ാർ തയ്യാറാകുമോ ? അമേരിക്കയടക്കമുള്ള ചില രാജ്യങ്ങളിൽ പെൻഷൻ ഫണ്ട് ഓഹരിവിപണിയിലാണ് നിക്ഷേപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ ആദ്യം തകർന്നതും പെൻഷൻ ഫണ്ടു തന്നെ. ഫലം, അവിടത്തെ പെൻഷൻകാർക്ക് പെൻഷൻ നഷ്ടപ്പെട്ടു. ഈ ഒരു അനുഭവം കൂടി മുന്നിലുണ്ടായിട്ട്  സർക്കാർ ജീവനക്കാർ തങ്ങളുടെ പെൻഷൻ ഫണ്ട് ഓഹരിവിപണിയിൽ തന്നെ നിക്ഷേപിക്കണമെന്ന നിർദേശത്തെ എതിർക്കാതിരിക്കുന്നതെങ്ങിനെ ?

3. നിലവിലുള്ളവർക്ക് കുഴപ്പമൊന്നുമുണ്ടാകുകയില്ലല്ലൊ പിന്നെന്തിന് സമരം എന്ന് ചോദിച്ചിരുന്നവരുമുണ്ട്. അതിന്റെ ആന്തരികാർത്ഥം തന്നെ വരാൻ പോകുന്നവർക്ക് ബുദ്ധിമുട്ടുകളുണ്ടാവും എന്നാണ്.അവിടെയാണു ചോദ്യവും.  അങ്ങനെ വരാൻ പോകുന്ന തലമുറകൾക്ക്  ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മുൻകൂട്ടി കാണുന്നതുകൊണ്ടല്ലേ നാം പുഴകളും കാടുകളും മലകളുമെല്ലാം സംരക്ഷിക്കാൻ ശ്രമിക്കുന്നത് ? എന്തിന്, സ്വത്ത് സമ്പാദിക്കുന്നതും സൂക്ഷിച്ച് ചിലവഴിക്കുന്നതുമെല്ലാം വരാൻ പോകുന്ന തലമുറ സുഖമായി ജീവിക്കട്ടെ എന്നു കരുതിയല്ലേ ? അല്ലെങ്കിൽ പിന്നെ  സ്വയമാർജ്ജിച്ചതും പാരമ്പര്യമായി കിട്ടിയതുമെല്ലാമെടുത്ത് അടിച്ചു പൊളിച്ചു ജീവിച്ചു തീർക്കുകയല്ലേ വേണ്ടത് ? പകരം നാം, നമുക്കും ജീവിക്കണം, അവർക്കും ജീവിക്കണം എന്നൊരു നിലപാട് സ്വീകരിക്കുന്നു. ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടുകയും പൊതുവിദ്യാലയത്തിൽ കുട്ടികളെ പഠിപ്പിക്കുയും ചെയ്യുന്ന ഒരു പാവപ്പെട്ടവൻ, ചുരുങ്ങിയത്    സൗകര്യങ്ങളെങ്കിലും  തന്റെ ഭാവി തലമുറയ്ക്കും ലഭിക്കണമെന്നാണോ കരുതുക , എല്ലാ ആനുകൂല്യങ്ങളും തനിക്കു ശേഷം ഇല്ലാതായാലും പ്രശ്നമില്ല എന്നാണോ കരുതുക ?  തങ്ങൾക്കു ലഭിക്കുന്ന സൗകര്യങ്ങളെല്ലാം ഭാവിയിൽ ജോലിയിൽ കയറുന്നവർക്കും വേണം എന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നതിൽ എന്താണ് തെറ്റ് ? അതിനു വേണ്ടി പണിമുടക്കുന്നതിലെ   നന്മ എന്തുകൊണ്ടു കാണുന്നില്ല ?

നേട്ടമോ കോട്ടമോ ?

1.സാങ്കേതികാർത്ഥത്തിൽ സമരം അമ്പേ പരാജയമാണ്. പങ്കാളിത്ത പെൻഷൻ പിൻവലിക്കണം എന്നായിരുന്നു ആവശ്യം. അതംഗീകരിക്കപ്പെട്ടില്ല. സംഘടനയിൽ പെട്ടവരെ ഒന്നിച്ച് സമരത്തിന് അണി നിരത്താനും ഇടതുപക്ഷ സംഘടനകൾക്കായില്ല.

2. തങ്ങൾക്കു   വേണ്ടിയല്ല, ഭാവിയിൽ തൊഴിൽ ചെയ്യാൻ പോകുന്നവർക്ക് വേണ്ടിയായിരുന്നു സമരം എന്നുള്ളതുകൊണ്ട്, ഒരു കാക്കത്തൂവൽ പോലും നേടിയെടുക്കാൻ കഴിഞ്ഞാൽ അതൊരു നേട്ടം തന്നെയാണ്. ഇങ്ങനെ പണിമുടക്കിയിരുന്നില്ലെങ്കിൽ ഈ നാലു വ്യവസ്ഥകൾ സ്വയം ആകാശത്തു നിന്ന് പൊട്ടിമുളച്ച് വീഴാനൊന്നും പോകുന്നില്ല. റിലയൻസിനെ പോലുള്ള കൊള്ളക്കാർക്ക് ഭീമമായൊരു തുക അടിച്ചുമാറ്റാനവസരം നൽകുന്നതിനു പകരം, പെൻഷൻ ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കാനായാൽ അതു തന്നെയായിരിക്കും കേരളസമൂഹത്തിന് ഈ സമരം നൽകിയ ഏറ്റവും വിലയേറിയ സമ്മാനം.



നിരീക്ഷണങ്ങൾ

1. നവമുതലാളിത്ത കാലത്തെ തൊഴിലാളി സമരം എന്ന രീതിയിൽ, സർവീസ് സംഘടനകൾക്കു മാത്രമല്ല ഇടതുപക്ഷത്തിനും  നിരീക്ഷിക്കാനും പഠിക്കാനും പലതുമുണ്ട് ഈ സമരത്തിൽ.
സമരങ്ങൾ ഏറ്റെടുക്കുന്നതിലും അതിലെ രാഷ്ട്രീയം ഉൾക്കൊള്ളുന്നതിനും ആവാത്ത ഒരാൾക്കൂട്ടമെംബർഷിപ്പ്   ആളെണ്ണത്തിനും ഫണ്ട് വർദ്ധനയ്ക്കും മാത്രമേ ഉപയോഗപ്പെടൂ എന്ന് കൂടുതൽ വ്യക്തമാവുകയാണ്.  അദ്ധ്യയന രംഗത്തും മറ്റ് സർക്കാർ ജോലികളിലും വർദ്ധിച്ചു വരുന്ന സ്ത്രീസാനിദ്ധ്യവും  അവരുടെ ആകുലതയും ചാപല്യവും മനശാസ്ത്രവുമെല്ലാം പഠിക്കാതെയും ഉൾക്കൊള്ളാതെയും ഇനിയും  സർവീസ്സ് സംഘടനകൾക്ക് മുന്നോട്ടു പോകാനാവില്ല എന്നുള്ളതാണ് രണ്ടാമത്തെ പാഠം.

2. നഷ്ടപ്പെടാൻ ഒന്നുമില്ലാവത്തരെ പോലെയല്ല നഷ്ടപ്പെടാൻ പലതുമുള്ളവർ പ്രതികരിക്കുന്നത് എന്ന് സമരം വ്യക്തമാക്കി തരുന്നു. ‘മറ്റാർക്കോ വേണ്ടിയാണല്ലൊ’ എന്ന സ്വാർത്ഥത തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. ചില പരിസ്ഥിതി സമരങ്ങളും രാഷ്ട്രീയ സമരങ്ങളും ഒഴിച്ചുനിർത്തിയാൽ, മറ്റുള്ളവർക്കും/മറ്റുള്ളവയ്ക്കും വേണ്ടി എത്ര സമരങ്ങൾ  നടക്കുന്നുണ്ട് കേരളത്തിൽ ? സമൂഹം, ‘ഞാൻ’ എന്നതിലേക്ക് ചുരുങ്ങുക  തന്നെയാണ്.

3. സർക്കാർ ജീവനക്കാർക്ക് പൊതുജനപിന്തുണ എന്നുള്ളത് ഒരു നടക്കാത്ത സ്വപ്നം മാത്രമാണ്. അധികാരമുള്ളവൻ അതെപ്പോഴും പ്രയോഗിക്കാൻ ആഗ്രഹിക്കുന്നു, മറ്റുള്ളവർ അവരോടുള്ള വെറുപ്പ് എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. ഇവർ രണ്ടുകൂട്ടരും തോളിൽ കയ്യിട്ട് നടക്കണമെങ്കിൽ ഇരുവരേയും ഒരു പോലെ ഭരിക്കുന്ന മൂന്നാമതൊരു കൂട്ടർ വരണം.

4. കൈക്കൂലിയും അലസതയും കള്ളത്തരങ്ങളും സർക്കാർ ജീവനക്കാരന്റെ മാത്രം ദു:സ്വാഭവങ്ങളല്ല. സമൂഹം മൊത്തത്തിൽ അതെല്ലാം പ്രകടിപ്പിക്കുന്നുണ്ട്. അധികാരമുള്ളതുകൊണ്ട് ജീവനക്കാരന് ചോദിച്ചു വാങ്ങിക്കാനും ഒളിപ്പിച്ചു വയ്ക്കാനുമെല്ലാം കൂടുതൽ എളുപ്പമുണ്ട്. അത്രമാത്രം. ഇഷ്ടം പോലെ ഉദാഹരണങ്ങൾ ചൂണ്ടികാണിക്കാം. ചെയ്ത ജോലിക്കുള്ള കൃത്യമായ കൂലിക്കുപരിയായി മറ്റെന്തോ കൂടി ആഗ്രഹിക്കുന്നു, എന്നുള്ളതാണല്ലൊ കൈകൂലിയ്ക്കുള്ള ഏറ്റവും ലളിതമായ നിർവചനം.  ചുമട്ടു തൊഴിലാളികൾ തൊട്ട്  വാറന്റി  സമയത്ത് വീടുകളിൽ ഇലക്ട്രോണിക് സാമഗ്രികൾ റിപ്പയർ ചെയ്യാൻ വരുന്നവർ വരെ, അങ്ങനെ ചിലതാഗ്രഹിക്കുന്നു.പലരും സന്തോഷപൂർവം കൊടുക്കുന്നു. സംഘടിത ശേഷിയുള്ളിടത്ത് ചോദിച്ചു വാങ്ങുക പോലും ചെയ്യുന്നു. കൃത്യമായ മേൽനോട്ടമില്ലെങ്കിൽ കൂലി തൊഴിലാളികൾ തൊട്ട് സോഫ്റ്റ് വെയർ എഞ്ചിനീയർമാർ വരെ  പണി ചെയ്യാൻ മടിക്കുന്നു. (അതിപ്പോൾ വിദേശത്തായാലും മാറ്റമുണ്ടെന്ന് കരുതുന്നില്ല.) തൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടുക്കുന്നവരെ നോക്കൂ. ഞങ്ങളുടെ നാട്ടിലൊക്കെ, പുരയിടത്തിലെ പണികൾ ചെയ്യണമെങ്കിൽ അവർക്ക് ആ വീട്ടുകാർ കാലത്തും  വൈകീട്ടും ലഘുഭക്ഷണം കൊടുക്കേണ്ടത്, നിർബന്ധമുള്ള ഒരു നാട്ടുനടപ്പായി തീർന്നിരിക്കുന്നു, അങ്ങനെയൊന്നും ഒരിടത്തും നിയമമില്ലെങ്കിലും.
ഇനി സത്യസന്ധതയിലേക്ക് വരാം. ഒരു ആനുകൂല്യം നേടുന്നതിനുവേണ്ടി നിങ്ങളുടെ കുട്ടിക്ക് ഒരു വരുമാന സർട്ടിഫിക്കറ്റ് വേണ്ടി വരുന്നു എന്ന് കരുതുക. നിങ്ങളിൽ എത്ര പേർ സത്യസന്ധമായി അപേക്ഷയിൽ വരുമാനം കാണിക്കും ? പ്രവാസികളായ എത്ര പേർ ശരിയായ മാർഗ്ഗത്തിലൂടെ നാട്ടിലേക്ക് പൈസ അയക്കുന്നുണ്ട് ? എത്ര പേർ സത്യസന്ധമായി നികുതി ഒടുക്കുന്നുണ്ട് ? ഇനിയിപ്പോൾ ഇതെല്ലാം കൃത്യമായി കണ്ടു പിടിക്കാനും നടപടിയെടുക്കാനുമാണ് സർക്കാർ ജീവനക്കാരെ നിയമിച്ചിരിക്കുന്നത് എന്ന് വാദിക്കാം. പക്ഷെ, ‘ ഞങ്ങൾ ഇഷ്ടം പോലെ കള്ളത്തരം കാണിക്കും, അതെല്ലാം പിടികൂടുകയാണ് നിങ്ങളുടെ ജോലി’ എന്നു പറഞ്ഞാൽ അത് ധാർമ്മികമായി ശരിയാണോ ? ( മറ്റുള്ളവർ കൈകൂലി  വാങ്ങുന്നവരും അലസരുമാണ്. അതുകൊണ്ട് സർക്കാർ ജീവനക്കാരും അങ്ങനെയാവുന്നതിൽ തെറ്റല്ല എന്നു സ്ഥാപിക്കാനല്ല ഇതു പറയുന്നത്. ഒരു നിരീക്ഷണം മാത്രം )

ഇങ്ങനെ ചെറുകിട കൈമടക്കല്ലാതെ, ലക്ഷങ്ങളും  കോടികളും സർവീസ് കാലത്ത് സമ്പാദിക്കുന്നവരുമുണ്ട്. അഴിമതിയും കൈക്കൂലിയുമെല്ലാം വളരെ വേഗത്തിൽ നിയമത്തിനു മുമ്പിൽ കൊണ്ടു വരികയും കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും വേണം.. പക്ഷെ ഒരു പ്രശ്നമുണ്ട്, പെൻഷൻ, ജോലിഭാരം കുറവ്, തെറ്റില്ലാത്ത ശമ്പളം ( വളരെ മികച്ചത് എന്നൊരിക്കലും പറയാൻ കഴിയില്ല ) തുടങ്ങിയവയാണല്ലൊ സർക്കാർ  സർവീസിന്റെ  മറ്റ് ആകർഷണങ്ങൾ. ( കൈക്കൂലിയും ഒരാകർഷണമാണല്ലൊ ) . മറ്റുള്ള ആകർഷണങ്ങളെല്ലാം കാലക്രമേണ ഇല്ലാതാവുന്നതോടെ സർക്കാർ ജോലിക്കു തന്നെ ആരും മിനക്കെടില്ല.


പ്രവചനങ്ങൾ

1  ഒരു കാര്യം ഉറപ്പാണ്. ‘പഴയകാലമല്ല. പങ്കാളിത്ത പെൻഷനാ..ഇതു പോര കാർന്നോരേ’ എന്ന ചില  അടക്കിപ്പറച്ചിലുകൾ സർക്കാർ ചുമരുകൾ പുതുതായി കേട്ടു തുടങ്ങും.

2. ഈ  ഡയസ്നോൺ കാലം ഇനിവരുന്ന കാലത്തെ ഇടതുപക്ഷ സർക്കാർ അവധിയായി പരിഗണിക്കും. ( ക്രെഡിറ്റിൽ നിന്ന് 6 ലീവ് നഷ്ടപ്പെടും എന്ന് സാരം ) . അച്ചടക്ക നടപടികളെല്ലാം   ആ സർക്കാർ പിൻവലിക്കും.

3. ധാർമ്മിക ബാധ്യതയുണ്ടെങ്കിലും, ഇനി അധികാരത്തിലെത്തുന്ന ഇടതുപക്ഷ സർക്കാരും പങ്കാളിത്ത പെൻഷൻ  പിൻവലിക്കില്ല. സമരത്തിനു പിന്തുണ നൽകിയ സി പി എം നേതാക്കളാരും അങ്ങനെ പ്രസ്താവിച്ചതായി കേട്ടില്ല.  സി പി ഐ  സെക്രട്ടറി അങ്ങനെ പറഞ്ഞെങ്കിലും, മുഖ്യമന്തി സ്ഥാനവും ധനമന്ത്രി സ്ഥാനവും കൈയ്യേൽക്കാൻ പോകുന്ന സി പി എമ്മിനൊരു ചെറിയ ആപ്പു വെച്ചതായി കണക്കാക്കിയാൽ മതി.  നടപ്പാക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും, ഇടതുപക്ഷ സർക്കാർ അധികാരത്തിലേറി കഴിഞ്ഞും സി പി ഐ യും  ജോയിന്റ്  കൗൺസിലും  ഇങ്ങനെയൊരാവശ്യം ഉന്നയിക്കാനിടയുണ്ട്. പക്ഷെ  സി പി  എമ്മും എൻ ജി ഒ യൂണിയനും മൗനം കൊണ്ട് അതിനെ നേരിടും.

3. സമൂഹത്തെ മൊത്തം കൊള്ളയടിച്ച് ആ ധനമെല്ലാം സ്വകാര്യ, ആഗോള കുത്തകകൾക്ക് അടിയറ വെക്കുമ്പോൾ, ആ സമൂഹത്തിനു ഗുണത്തിനു വേണ്ടി ഉപയോഗിക്കാവുന്ന ധനത്തിന്റെ അളവു ഇനിയും  കുറയും. ആ കുറവു ചൂണ്ടിക്കാട്ടി, സമൂഹത്തിൽ താരതമ്യേന മെച്ചപ്പെട്ടവരുടെ കൈയ്യിൽ നിന്ന് തട്ടിപ്പറിക്കാൻ
 ദരിദ്രവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ജനവിഭാഗത്തോട് ആഹ്വാനം ചെയ്യുന്ന ഭരണകൂടങ്ങൾ ഇനിയും ശക്തിപ്പെടും. ( സമൂഹത്തിലെ എല്ലാവരും ദരിദ്രരായി, ഊറ്റിയെടുക്കാനിവിടെയൊന്നും ബാക്കിയില്ലാതാവുന്നതുവരെ അത്തരം നടപടികൾ ശക്തമായി അവർ തുടരുകയും ചെയ്യും. എന്നാലോ, അതിവേഗം അതിസമ്പന്നരാവുന്നവരേയും കുത്തകകളേയുമെല്ലാം പിന്നേയും പിന്നേയും ധനം സമ്പാദിക്കാനും ആവോളം നികുതിയിളവുകൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അപ്പോഴൊന്നും ഈ സാമ്പത്തിക പ്രശ്നമോ കടബാധ്യതകളൊ പ്രശ്നമാവില്ല.). ഇതിന്റെയെല്ലാം ഫലമായി,സർക്കാർ മേഖലയിൽ കരാർ നിയമനങ്ങൾ വ്യാപകമാകും, ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കപ്പെടും.. എല്ലാത്തിനും ‘ജനപിന്തുണ’ ആവോളം ലഭിക്കുകയും ചെയ്യും.

3. പത്തോ പതിനഞ്ചോ വർഷങ്ങൾക്കു ശേഷം, 2013 ജനുവരി നു മുമ്പ്  സർവീസിൽ കയറിയവർക്കും പങ്കാളിത്ത പെൻഷൻ ബാധകമാക്കി ഉത്തരവിറങ്ങും. ഒരു എക്സിക്യൂട്ടീവ് ഉത്തരവിന്, അതിനെ റദ്ദാക്കുന്ന മറ്റൊരു എക്സിക്യൂട്ടീവ് ഉത്തരവ് വരെയെ ആയുസ്സും പ്രാബല്യവുമുള്ളു. അന്ന് സമരത്തിലൂടെയുണ്ടായേക്കാവുന്ന ചെറുത്തു നില്പും വളരെ ദുർബലമായിരിക്കും. ഒന്നാമത്തെ കാരണം, സംഘടനാശേഷിയുടെ കുറവ് തന്നെയായിരിക്കും.രണ്ടാമത്, പങ്കാളിത്ത പെൻഷൻ അംഗീകരിച്ച് ജോലിയിൽ കയറിയവരായിരിക്കും അന്ന് നല്ലൊരു  പങ്കും ( ഒരു വർഷം 15,000 പേർ റിട്ടയർ ചെയ്യുന്നതായി കണക്കാക്കിയാൽ ഒന്നര ലക്ഷത്തിലധികം പേർ ). തങ്ങൾക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടാകാത്ത കാര്യത്തിനു വേണ്ടി അവർ പണിമുടക്കാൻ തയ്യാറാകുമെന്നൊന്നും കരുതുക വയ്യ.

4. ഇത്രയൊക്കെയേ കവിടി നിരത്തിയപ്പോൾ തെളിയുന്നുള്ളു..ഗുരു,  മഹാജോതിഷി കുക്കുടാനന്ദനെ മനസ്സിൽ  ധ്യാനിച്ച്, പത്തമ്പതു വർഷങ്ങൾക്കു ശേഷമുള്ള സിവിൽ സർവീസിനെ ഗണിച്ചു നോക്കിയപ്പോൾ നാലഞ്ച് കവിടികൾ  നിന്നനിൽപ്പിൽ പുകഞ്ഞു പോയി. സുകൃതക്ഷയം !!..ദാ പല്ലി ചിലച്ചു. സത്യം !!



ലേബൽ : സമരത്തിന്റെ ഹാങ്ങ് ഓവർ
   

5 comments:

  1. ഞാന്‍ ഗണിച്ച് കണ്ടെത്തിയവ .
    ൧, പെന്‍ഷന്‍ ഇല്ലാതാവുന്നതോടെ ആവശ്യമില്ലെങ്കിലും സര്‍വീസില്‍ കടിച്ചു തൂങ്ങി കിടകുന്നവര്‍ (പെന്‍ഷന്‍ കൊതിച്ച് )
    ൨. സര്‍വീസ്‌ അനാകര്‍ഷകമാകുന്നതോടെ ആവശ്യകാര്‍ക്ക് ജോലി ലഭിക്കും
    ൩. സര്‍ക്കാര്‍ ജോലിയുടെ പേരില്‍ വില പേശുന്ന സ്ത്രീധനം കുറയും.
    ൪. ജോലികിട്ടാത്തത് മൂലംമുണ്ടാകുന്ന നിരാശ യോടെ ജീവിക്കുന്നവരുടെ എണ്ണം കുറയും
    ൬. ഐടെദ്‌ സ്കൂള്‍ അധ്യാപക തസ്ഥികാ കച്ചവടം അവസാനിക്കും (നിരക്കെന്കിലും കുറയും).
    ൭. ഈയടുത്ത കാലത്ത്‌ ജോലിക്ക് കയറിയ എന്നെ പോലെഉള്ളവരുടെ കാര്യം ഗുധാ ഹുവാ..

    ReplyDelete
  2. വായിച്ചു. പക്ഷെ അഭിപ്രായമില്ല

    ReplyDelete
  3. വായിച്ചു. ഒന്നും പറയാനാവുന്നില്ല. ആകെ കൺഫ്യൂഷൻ.

    ReplyDelete
  4. മിനി.പിസി11:52 PM, February 15, 2013

    വലിയ വലിയ കാര്യങ്ങളാണല്ലോ !പെന്‍ഷന്‍ വേണ്ടെന്നു പറഞ്ഞാ ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങിക്കുന്ന വീട്ടിലുള്ളവര്‍ വരെ ഓടിക്കും ,വേണമെന്ന് പറഞ്ഞാ വേറെ പലരും ,എന്തായാലും എല്ലാവരും ഇത് വായിക്കട്ടെ ,ആഴത്തില്‍ പറഞ്ഞിരിക്കുന്നു .

    ReplyDelete
  5. ആ നിരീക്ഷണങ്ങൾക്കാണ് കാശ് കേട്ടൊ ഭായ്

    ReplyDelete