Thursday, February 28, 2013

ശാസ്ത്രത്തിന്റെ രീതി


ശാസ്ത്രത്തിന്റെ രീതിയുടെ സവിശേഷതകൾ ഇവയാണ്.

1. അവ പരീക്ഷണത്തിലും യുക്തിചിന്തയ്ക്കും പുറമേ പരീക്ഷണങ്ങളിൽ അടിയുറച്ചതാണ്.

2. പരീക്ഷണത്തിലൂടെ തെറ്റാണോ ശരിയാണോ എന്നു കൃത്യമായി പരിശോധിക്കാവുന്ന പ്രമേയങ്ങൾ മാത്രമെ  ശാസ്ത്രത്തിന്റെ പരിധിയിൽ വരൂ. ( ഉദാഹരണം : ഈ പ്രപഞ്ചം സൃഷ്ടിച്ചത്  സർവ്വജ്ഞനും സർവ്വശക്തനും സർവ്വവ്യാപിയുമായ ദൈവമാണ് എന്ന പ്രസ്താവന നോക്കൂ. ഇത് തെറ്റാണെന്ന് തെളിയിക്കാവുന്ന ഒരു പരീക്ഷണവും നമുക്ക് നിലവിൽ നടത്താനാവില്ല. ശരിയാണെന്നും പരീക്ഷണത്തിലൂടെ തെളിയിക്കാനാവില്ല. അതുകൊണ്ടു തന്നെ ഇതൊരു ശാസ്ത്രീയമായ പ്രസ്താവനയല്ല. എന്നാൽ പ്രപഞ്ച സൃഷ്ടി നടന്നത് 4004 ബി സി യിൽ ആയിരുന്നു എന്ന പ്രസ്താവമോ ? അതു തെറ്റാണെന്ന് തെളിയിക്കാവുന്ന എത്രയോ പരീക്ഷണങ്ങൾ ഉണ്ട്.  അതുപോലെ തന്നെ ആദ്യം മനുഷ്യനെ സൃഷ്ടിച്ചു, പിന്നെ മറ്റു ജീവജാലങ്ങളെ സൃഷ്ടിച്ചു എന്ന പ്രസ്താവവും തെറ്റാണെന്ന് തെളിയിക്കാൻ കഴിയും.  വിശ്വാസത്തിന്റെ മേഖലയിലെ പല സിദ്ധാന്തങ്ങളും തെറ്റാണെന്ന് തെളിയിക്കാൻ കഴിയാത്തവയാകയാലാണ് അവ നിലനിൽക്കുന്നത് )

3. ഒരു സിദ്ധാന്തത്തിലും അത് എത്ര കാലം നിലനിന്നു എന്നോ ആര് സ്ഥാപിച്ചതാണെന്നോ എത്ര പേർ അതിനെ മുറുകെ പിടിക്കുന്നു എന്നോ നോക്കിയല്ല ആധികാരികത ലഭിക്കുന്നത്; മറിച്ച് പരീക്ഷണങ്ങളെ അതിജീവിക്കാൻ അതിനു കഴിയുന്നുണ്ടോ എന്നുള്ളതിനെ ആശ്രയിച്ചാണ്.

4. പരീക്ഷണത്തിൽ തെറ്റെന്നു തെളിഞ്ഞാൽ ഏതു സിദ്ധാന്തവും തിരുത്തിയേ പറ്റൂ.

5. ഏതു സിദ്ധാന്തത്തിനെയും അവിശ്വസിക്കാനും ചോദ്യം ചെയ്യാനും തിരുത്താനും ആർക്കും അവകാശമുണ്ട്. വിമർശനങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് ശാസ്ത്ര ലോകത്തെ രീതി. ഇതിന്റെ മറുവശമാണ് ഒന്നിനെയും ചോദ്യം ചെയ്യാതെ അംഗീകരിക്കാതിരിക്കുക എന്നതും. ആരോഗ്യകരമായ സംശയ ദൃഷ്ടി (  a healthy skepticism)  ശാസ്ത്ര രീതിയുടെ അനുപേക്ഷണീയമായ ഘടകമാണ്.

6. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ നാമെത്തുന്ന സിദ്ധാന്തം അന്തിമമോ ശാശ്വതമോ ആയ സത്യം ആകണമെന്നില്ല. പുതിയ വസ്തുതകളോ പരീക്ഷണങ്ങളോ അതുമായി യോജിക്കാതെ വന്നാൽ അതു തിരുത്തപ്പെടാം. ഈ തിരിച്ചറിവ് ശാസ്ത്രജ്ഞർക്ക് വിനയവും  പുതിയ കാര്യങ്ങളെ ഉൾക്കൊള്ളാനുള്ള തുറന്ന മനസ്സും നൽകുന്നു. അതേ സമയം നേരത്തേ സൂചിപ്പിച്ച സംശയദൃഷ്ടിയും ചോദ്യം ചെയ്യുന്ന ബുദ്ധിയും ചേരുമ്പോഴേ ശാസ്ത്രമനസ്സ് പൂർണ്ണമാകൂ. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രത്തിന്റെ രീതിയുപയോഗിച്ച് പ്രപഞ്ചപ്രതിഭാസങ്ങളെ പറ്റി നമുക്ക് ഇന്നു രൂപീകരിക്കാൻ കഴിയുന്ന അറിവാണു ശാസ്ത്രം.

 കടപ്പാട് : ആർ.വി. ജി മേനോൻ