Saturday, December 20, 2014

വീണ്ടും ചുംബാൻസികൾ




ചുംബാൻസികൾ എന്ന പേര് കുറെ ചിരിപ്പിച്ചു. അതുകൊണ്ടാണിങ്ങനെയൊരു തലക്കെട്ട്. അല്ലാതെ സദാചാര ഗോറില്ലയായതുകൊണ്ടല്ല.

1.ഒരു സമരം/കലാപം രൂപപ്പെടുന്നതും മുന്നേറുന്നതും മിക്കപ്പോഴും അക്കമിട്ടെഴുതിയ ലക്ഷ്യങ്ങൾ വച്ചുകൊണ്ടല്ല എന്ന് ഒരുവിധം ചരിത്രബോധമുള്ളവർക്കെല്ലാവർക്കുമറിയാം.  സമരം തുടങ്ങുന്ന ആളോ ആളുകളോ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങളായിരിക്കണമെന്നില്ല  ജനപങ്കാളിത്തം ഏറുന്തോറും സമരസംഘങ്ങളിൽ നിന്നുയരുക. 1857 ലെ ശിപായി ലഹള തൊട്ട്, മുല്ലപ്പൂ വിപ്ലവം വരെ എത്രയോ ഉദാഹരണങ്ങൾ. ജനക്കൂട്ടത്തിന്റെ വൈകാരികനിയന്ത്രണമേറ്റെടുക്കാൻ പാടവമുള്ളവർക്ക്, പുതിയ ലക്ഷ്യങ്ങൾ മുന്നോട്ടു വെച്ചുകൊണ്ട് സമരത്തിന്റെ ഗതി മാറ്റാൻ വരെ കഴിയാറുണ്ട്.

2.മാർഗ്ഗവും ലക്ഷ്യബോധവും പലതായിരിക്കേ, ഒരൊറ്റ മുദ്രാവ്യാക്യത്തിനു കീഴിൽ അണിനിരക്കുന്ന ഒരു സമരജനത പുലർത്തുന്ന  ചില സവിശേഷതകളും ദൗർബല്യങ്ങളുമുണ്ട്. നമ്മുടെ സ്വാതന്ത്ര്യസമരം തന്നെ നോക്കൂ.  ‘സ്വാതന്ത്ര്യം വേണം, ബ്രിട്ടീഷുകാർ ഇന്ത്യ വിടണം’ എന്ന  ഒരൊറ്റ മുദ്രാവാക്യത്തിനു കീഴിൽ അണിനിരക്കുമ്പോഴും  സായുധവിപ്ലവത്തിലൂടെയും അഹിംസാസമരങ്ങളിലൂടെയും  അതിനു ശ്രമിച്ച, അഖണ്ഡഭാരതവും, ഹിന്ദുരാജ്യവും, ജനാധിപത്യ രാജ്യവും കമ്മ്യൂണിസ്റ്റ് രാജ്യവും എല്ലാം ലക്ഷ്യങ്ങളായി പ്രഖ്യാപിച്ച, പരസ്പരം അംഗീകരിക്കാൻ പോലും തയ്യാറാവാതിരുന്ന പല പല സംഘങ്ങൾ ചേർന്ന ഒരു കൂട്ടായ്മയാണല്ലോ അത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട ശേഷവും, ഇതല്ല ഞങ്ങൾ പറഞ്ഞ സ്വാതന്ത്ര്യം, ഇതല്ല ഞങ്ങൾ പറഞ്ഞ ഭാരതം എന്നു ചിന്തിക്കുന്നവർ പോലും ഇന്നും നമുക്കിടയിലുണ്ട്.

3.കോഴിക്കോട് ഡൗൺ ടൗൺ ഹോട്ടലിൽ, യുവതീയുവാക്കൾ പരസ്യമായി ചുംബനത്തിലേർപ്പെടുന്നു എന്ന വാർത്ത ജയ്ഹിന്ദ് ചാനൽ പ്രക്ഷേപണം ചെയ്യുകയും സംഘപരിവാർ സംഘടനകൾ ആ  ഹോട്ടൽ അടിച്ചു  തകർക്കുകയും   ചെയ്യുന്നതോടെയാണ്,  ‘വ്യക്തിസ്വാതന്ത്ര്യത്തിനും സാമൂഹ്യജീവിതത്തിനും മേലെയുള്ള ഫാസിസ്റ്റ് കടന്നുകയറ്റത്തെ ചെറുക്കുക’ എന്നൊരു മുദ്രാവാക്യം    അക്രമത്തെ അപലപിച്ച ഓരോരുത്തരിലും രൂപപ്പെടുന്നത്. അങ്ങനെയൊരു മുദ്രാവാക്യത്തിനു കീഴിൽ ഒരുമിക്കുമ്പോൾ പോലും, എങ്ങനെയായിരിക്കണം വ്യക്തിസ്വാതന്ത്ര്യം, എങ്ങനെയായിരിക്കണം സാമൂഹ്യജീവിതം എങ്ങനെയായിരിക്കണം  ഫാസിസത്തോടുള്ള ചെറുത്തു നില്പ് എന്നീ കാര്യങ്ങളിൽ ആശയപരമായ ഒരുമ രൂപപ്പെട്ടിരുന്നില്ല.
(രൂപപ്പെടേണ്ട ആവശ്യമുണ്ടെന്നും കരുതുന്നില്ല. അതല്ലല്ലോ ജനാധിപത്യം ). ചിലർ പത്രപ്രസ്താവനകളിലൂടെ പ്രതികരിച്ചു. പിന്നെ ചിലർ സോഷ്യൽ സൈറ്റുകൾ ഉപയോഗപ്പെടുത്തി. കോഴിക്കോട്ടുകാരാകട്ടെ, പിറ്റേന്നു മുതൽ തന്നെ കുടുംബസമേതവും സുഹൃദ്സമേതവും ഡൗൺ ടൗൺ ഹോട്ടലിൽ  കയറി ഭക്ഷണം കഴിച്ച് എതിർപ്പ് ബോധ്യപ്പെടുത്തി. 

4.ചുംബിക്കുന്നവരെ ആക്രമിക്കുന്നു – അതുകൊണ്ട് ആലിംഗനങ്ങൾ കൊണ്ടും ചുംബനം കൊണ്ടും  അക്രമത്തെ എതിർക്കാം’ എന്ന വളരെ ലളിതമായ ആശയമാണ്  ചുംബനസമരത്തെ രൂപപ്പെടുത്തിയത് എന്നാണു മനസ്സിലാക്കുന്നത്. ആ ആശയലാളിത്യമാണ് സമരത്തിന്റെ ആകർഷണീയതയും. ഫാസിസത്തെ എതിർക്കുന്ന ആർക്കും – നക്സലൈറ്റുകൾക്കു തൊട്ട് അരാഷ്ട്രീയവാദികൾക്കു വരെ വിശ്വാസികൾ  തൊട്ട് അവിശ്വാസികൾക്കു വരെ അവിടെ ഇടമുണ്ടായിരുന്നു.  സ്വാഭാവികമായും, ചുംബനസമരത്തെ എതിർത്തവരും  അനുകുലിച്ചവരും ചുംബനത്തെ  വ്യാഖാനിച്ചത് താന്താങ്ങളുടെ ഇഷ്ടപ്രകാരമാണ്. ചിലർക്ക് അത് സൗഹൃദത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു,  ചിലർക്ക് വാത്സല്യവും സ്നേഹവും,  ചിലർക്ക് പ്രണയം, പിന്നെയും ചിലർക്ക് ഇതെല്ലാം. അതാതിനനുസരിച്ച്, എവിടെയൊക്കെ, എങ്ങനെയൊക്കെ  ചുംബിക്കാം/ചുംബിക്കാതിരിക്കാം എന്നുള്ള ധാരണകൾ പോലും അതാതുവിഭാഗക്കാർക്ക് ഉണ്ടായിരുന്നിരിക്കാനുമിടയുണ്ട്. സ്വന്തം സ്കെയിൽ വെച്ച് മറ്റുള്ളവരുടെ അവകാശങ്ങളെ  അളക്കുന്നവർക്ക്,  ആ വ്യാഖ്യാനങ്ങൾ പലതും അതിർത്തി ലംഘിക്കുന്നതായി അനുഭവപ്പെടുന്നത് അസ്വാഭാവികമല്ല.  അത്തരക്കാർ, ജനാധിപത്യമാർഗ്ഗങ്ങളിലൂടെ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കുന്നതും തെറ്റല്ല. പക്ഷേ നിയമപാലനസംവിധാനങ്ങളും നീതിപീഠങ്ങളും അവയിലേതെങ്കിലും വ്യാഖ്യാനങ്ങളെ  മുറുകെ പിടിക്കുന്നതും ഇതര വ്യാഖ്യാനങ്ങളെ പിന്തുണയ്ക്കുന്നവരെ  നിയമലംഘകരായി കണക്കാക്കുന്നതും അപകടകരമായ തെറ്റാണ്. അവർ നോക്കേണ്ടത്, പൗരന്റെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ, സ്വത്തിനും ജീവനും അപകടമുണ്ടാക്കുന്ന  നീക്കങ്ങൾ ഉണ്ടാവുന്നുണ്ടോ, നിയമലംഘനം ഉണ്ടാവുന്നുണ്ടോ എന്നെല്ലാമാണ്. അതുമാത്രമാണ്. ഒറ്റനോട്ടത്തിൽ,  ചുബനസമരത്തിൽ പങ്കെടുക്കാനെത്തിയവരേയും എതിർക്കുന്നവരേയും ഒരുപോലെ  കൈകാര്യം ചെയ്തു എന്ന് തോന്നാമെങ്കിലും, അത്തരമൊരു നീക്കത്തിലൂടെ, സമരത്തെ അനുകൂലിക്കുന്നവരുടെ മൗലികാവകാശങ്ങൾ, നിയമം ലംഘിച്ച് എതിർക്കുന്നവർക്കൊപ്പം നിന്ന് ലംഘിക്കുകയായിരുന്നു പോലീസ് ചെയ്തത് എന്ന് കാണാൻ കഴിയും. സദാചാരലംഘനം, സാംസ്ക്കാരികാധപതനം, ഭാര്യയും ഭർത്താവും മുറിയിൽ ചെയ്യുന്നത് പരസ്യമാക്കുന്നു എന്നെല്ലാം വിമർശിക്കുമ്പോഴും, പരസ്യചുംബനം നിയമവിരുദ്ധമാവുന്നതെങ്ങനെ എന്ന് ഇതിനെ എതിർക്കുന്നവർക്കാർക്കെങ്കിലും ചൂണ്ടിക്കാട്ടാൻ കഴിയുമെന്ന് തോന്നുന്നില്ല. വസ്ത്രധാരണനിയന്ത്രണങ്ങളും ലിംഗഅസമത്വവും ജാതി,മത അസമത്വങ്ങളും ഒക്കെയുൾപ്പെടെ മതങ്ങളും ജാതികളുമെല്ലാം ചേർന്ന് രൂപപ്പെടുത്തിയ ‘അലിഖിത സദാചാര’നിയമങ്ങളെ  ചോദ്യം ചെയ്യാൻ ഭരണഘടനയേയും  നിയമവ്യവസ്ഥയെയും കൂട്ടുപിടിക്കാൻ ഇവരാരും മടിക്കാറുമില്ല.

5.ഇങ്ങനെയെല്ലാം ചെയ്യാൻ നിങ്ങളുടെ സഹോദരിയെ/ഭാര്യയെ/അമ്മയെ അനുവദിക്കുമോ എന്നുള്ള ചോദ്യമാണ് എതിർപ്പുകാർ ഉയർത്തിയ പ്രധാന ചോദ്യങ്ങളിലൊന്ന്.( തിരുവനന്തപുരത്തെ ചുംബനഗാഢത കണ്ട ചുംബനാനുകൂലികൾ പലരും ‘ഹോ..ഇത്രയ്ക്കൊന്നും വേണ്ടിയിരുന്നില്ല’ എന്ന് ഉള്ളിൽ പറഞ്ഞിട്ടുമുണ്ടാവും.  മുൻപ് പറഞ്ഞതു പോലെ, അവരുടെ വ്യാഖ്യാനപ്രകാരമുള്ള ചുംബനം അതായിരുന്നിരിക്കില്ല.) ഈ ചോദ്യങ്ങളുയർത്തുന്നവർ,  ചുംബനസമരത്തിൽ പങ്കെടുത്ത സ്ത്രീകൾ സഹോദരനോ ഭർത്താവോ മകനോ ഒന്നുമില്ലാത്തവരാണ് എന്ന ധാരണ വച്ചു പുലർത്തുന്നവരായിരിക്കില്ലല്ലോ. ഇവരൊക്കെയുണ്ടായിട്ടും അവർ എന്തുകൊണ്ട് സമരത്തിൽ പങ്കെടുത്തു എന്ന ചോദ്യത്തിനു മറുപടി അന്വേഷിക്കുമ്പോൾ, ആദ്യ ചോദ്യത്തിനും മറുപടി കിട്ടും. ഈ സമരത്തിനായി ആകാശത്തു നിന്ന് പ്രത്യക്ഷപ്പെട്ടവരല്ലോ അവർ. ഇത്തരം സമരങ്ങളിൽ പങ്കെടുത്തുകൊണ്ടോ അതിനു മുമ്പേ തന്നെ സമാന ആശയങ്ങൾ പങ്കു വെച്ചുകൊണ്ടോ ഇതാണ് തങ്ങളുടെ വ്യക്തിത്വം, വ്യക്തിസ്വാതന്ത്ര്യം എന്ന് കുടുംബാംഗങ്ങളേയും സമൂഹത്തേയും ബോധ്യപ്പെടുത്താൻ/ഓർമ്മപ്പെടുത്താനാണല്ലോ സമരത്തിൽ പങ്കെടുക്കുന്നത്. അതുമായി സമരസപ്പെടാനുള്ള സന്നദ്ധതയ്ക്കനുസരിച്ചാണ്   ഒരാൾ സമരപങ്കാളിയോ സമരത്തെ എതിർക്കാത്തയാളോ ഒക്കെയായി മാറുന്നത്. ( അതുകൊണ്ടാണ് സമരത്തിൽ പങ്കെടുത്ത സ്ത്രീകൾക്കും സഹോദരനും അച്ഛനും ഭർത്താവുമൊക്കെയുണ്ടാവുന്നത് ) ഇതാകട്ടെ, പെട്ടന്നൊരു ദിവസം സംഭവിക്കുന്നതുമല്ല. എങ്കിൽ തന്നെയും, താൻ അനുകൂലിക്കുന്ന, തന്റെ വ്യാഖാനത്തിനനുസരിച്ചുള്ള, ഒരു സമരരീതിയിൽ മറ്റൊരു കുടുംബാംഗം പങ്കാളിയാവുന്നത് എതിർക്കുന്നത് ഇരട്ടത്താപ്പാണെന്ന് പറയാതെയും വയ്യ. താൻ അനുകൂലിച്ചില്ലെങ്കിൽ പോലും, തന്റെ കുടുംബത്തിലെ മറ്റൊരാൾക്ക്   വ്യത്യസ്തമായ ചിന്തയും സമരരീതികളും സ്വീകരിക്കാമെന്ന് തിരിച്ചറിയുന്നത് കൂടുതൽ കൂടുതൽ ജനാധിപത്യബോധം ഉൾക്കൊള്ളുന്നതിനനുസരിച്ചായിരിക്കും. പുരുഷാധിപത്യകുടുംബവ്യവസ്ഥ നിലനിൽക്കുന്ന ഒരിടത്ത്, അത് പെട്ടന്ന് സംഭവിക്കുന്ന ഒന്നല്ലെങ്കിലും, യാഥാർത്ഥ്യമാവുന്ന കാലം വരിക തന്നെ ചെയ്യും. വ്യക്തിപരമായി പറഞ്ഞാൽ, ചുംബനസമരത്തിൽ പങ്കെടുത്തുകൊണ്ട്  എതിർലിംഗത്തിൽ പെട്ട ഒരാളെ ചുബിക്കാൻ എന്റെ ലജ്ജ അനുവദിക്കാനിടയില്ല എന്നത് തുറന്നു സമ്മതിക്കാൻ മടിയില്ല.  സാമൂഹ്യവിരുദ്ധമല്ലാതിരുന്നിട്ടും ചുംബനം  സാമൂഹ്യവിരുദ്ധമായി പരിഗണിക്കുന്ന ഒരു സമൂഹത്തിൽ  വളർന്നതുകൊണ്ടാണ് എനിക്കത് കഴിയാതിരിക്കുന്നതെന്ന് തിരിച്ചറിയുന്നതുകൊണ്ടും അതില്ലാതാവണമെങ്കിൽ അത് സാർവത്രികമാവണമെന്നും ബോധ്യമുള്ളതുകൊണ്ടാണ് ഞാൻ സമരത്തെ പിന്തുണയ്ക്കുന്നത്. ഒരു സ്ത്രീ സ്പർശിച്ചാൽ ലൈംഗീകചിന്തയുണ്ടാവുന്ന മാനസികാ(ദുര)വസ്ഥയിൽ  നിന്ന് കര കയറണമെങ്കിൽ, സ്ത്രീകൾ സ്പർശിക്കുന്നത് നിരോധിക്കുന്നതിനേക്കാൾ നല്ലത്, ലൈംഗീകതാല്പര്യമില്ലാതെ തന്നെ സ്ത്രീകൾ സ്പർശിക്കാം എന്നത്  സ്വയം ബോധ്യപ്പെടുത്തുകയും, ആ ബോധ്യപ്പെടുത്തൽ  നിരന്തരമാവുന്ന വിധത്തിൽ സ്പർശം  സാർവത്രികമാവുകയുമാണ്  എന്ന് ഞാൻ കരുതുന്നു, ആഗ്രഹിക്കുന്നു.

6.വ്യഖ്യാനങ്ങളുടെ വൈവിധ്യം നിലനിൽക്കുന്നതുകൊണ്ടു തന്നെ രാഹുൽ പശുപാലനെയോ രശ്മിയേയോ അരുന്ധതിയേയോ  ഒറ്റയൊറ്റയായി പരിഗണിച്ച് സമരത്തെ നിർവചിക്കാൻ നടത്തുന്ന ശ്രമങ്ങളും യുക്തിസഹമല്ല. ലാലാ ലജ്പത് റായിയേയോ ബാലഗംഗാധരതിലകനേയോ സവർക്കറെയോ ഒക്കെ വച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നിർവചിക്കുന്നതു പോലെയായിരിക്കും അത്. രാഹുൽ പശുപാലൻ പബ്ളിസിറ്റിക്കു വേണ്ടിയും രശ്മി തന്റെ പ്രൊഫഷണൽ വളർച്ചയ്ക്കുവേണ്ടിയുമാണ് സമരം സംഘടിപ്പിച്ചത് എന്ന വാദവും അപ്രസക്തമാവുന്നതും  അതുകൊണ്ടാണ്. ആണെങ്കിലും അല്ലെങ്കിലും,  ചുംബനസമരത്തിന്റെ പ്രസക്തി അതിനേക്കാളേറെ മടങ്ങ് വളർന്നു കഴിഞ്ഞിരിക്കുന്നു. ( ഈ വാദവും എത്രമാത്രം ശരിയാണ് എന്ന് സംശയമുണ്ട്. ഞാൻ മനസ്സിലാക്കിയേടത്തോളം, ഫേസ് ബുക്കിലെ ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിലായിരുന്നു  രാഹുൽ പശുപാലൻ ഉൾപ്പെടെയുള്ള സംഘാടകർ ഇതേ കുറിച്ചുള്ള പ്രാരംഭചർച്ചകൾ ആരംഭിച്ചത്. അവിടെ രാഹുൽ അതിനു മുമ്പും സജീവമായിരുന്നു എന്നാണോർമ്മ. പബ്ലിസിറ്റിയാണ് രാഹുലിന്റെ  ഉള്ളിലിരുപ്പെങ്കിൽ, അതേക്കാൾ വളരെയധികം അംഗങ്ങളുള്ള  റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ്  ആവണമായിരുന്നല്ലോ രാഹൽ തിരഞ്ഞെടുക്കാൻ. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട കേസ് സമരത്തിനു ശേഷം ഉണ്ടായതുമാണ്. ഒരു സാധാരണക്കാരൻ പോലും കൂടുതൽ കൂടുതൽ ‘സെൽഫികൾ’ പോസ്റ്റ് ചെയ്യുന്ന ഇക്കാലത്ത് മോഡലിങ്ങ് രംഗത്തുള്ള രശ്മി തന്റെ ചിത്രങ്ങൾ കൂടുതൽ പ്രസിദ്ധീകരിക്കുന്നതിൽ എന്താണ് തെറ്റ് ? ചുംബനസമരത്തെ എതിർക്കുന്നവരും വേണ്ടുവോളമുള്ള ഈ നാട്ടിൽ, നവമാധ്യമങ്ങളിൽ അതാണ് കൂടുതൽ പ്രശസ്തി നൽകുന്നതെന്ന് എങ്ങനെ പറയാൻ കഴിയും ? )

7.പിന്നൊരു വാദം ‘ഞാനാണ് ശരി’  എന്ന്  ആരംഭം മുതൽ മാറ്റമില്ലാതെ നിൽക്കുന്നു എന്നതാണ്. ശരിയാണ്. തന്റെ ശരി, ഏതൊരാളും നിരന്തരം പരിശോധിച്ചു കൊണ്ടിരിക്കേണ്ടതു തന്നെ. പക്ഷേ ഈ വാദം ചുംബനസമരത്തെ എതിർക്കുന്നവർക്കും ബാധകമല്ലേ ?  ‘ഞാനാണ് ശരി’ എന്നുള്ള തീർപ്പ് അവർ  നിരന്തരം പരിശോധിച്ചു കൊണ്ടിരിക്കുന്നുണ്ടോ ?

8.പിന്നൊന്ന്, നാട്ടിലെ മറ്റു പ്രശ്നങ്ങളൊന്നും പരിഗണിക്കാതെ കേവലം ചുംബനസ്വാതന്ത്ര്യത്തിനായി ഇറങ്ങിയത് മോശമല്ലേ എന്ന വാദമാണ്.  ഏത് സമരത്തിനിറങ്ങുന്ന എത് സംഘത്തിനും, നാട്ടിലെ മറ്റേത് പ്രശ്നത്തേക്കാളും രൂക്ഷമായത് തങ്ങളുടെ വിഷയമാണ് എന്നു തോന്നുന്നതുകൊണ്ടാണല്ലോ അവർ സമരത്തിനിറങ്ങുന്നതു തന്നെ. അതൊരു ജനാധിപത്യപരമായ സ്വാതന്ത്ര്യമാണ്. നാട്ടിലെ ഓരോ വ്യക്തിക്കും, തന്റെ താല്പര്യത്തിനനുസരിച്ച്  വിവിധസംഘങ്ങൾ  നയിക്കുന്ന  സമരങ്ങൾക്ക് മുൻഗണനാ ക്രമത്തിൽ പരിഗണിക്കാനും  പങ്കെടുക്കാനും അവഗണിക്കാനും സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഒരു വശത്ത് ബാർമുതലാളികളും മറ്റൊരു വശത്ത് ആദിവാസികളും സമരം ചെയ്യുന്നത്. പക്ഷേ അവരുടെ പ്രശ്നം കഴിഞ്ഞിട്ടു മതി  ഇവരുടെ സമരം നടത്തേണ്ടത് എന്ന നിലപാടെടുക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.

Saturday, November 08, 2014

സംസ്ക്കാരം, സ്ത്രീ

സംസ്ക്കാരം തുടങ്ങിയേടത്തു തന്നെ നിൽക്കുന്ന ഒന്നല്ല എന്നാണ് തോന്നിയിട്ടുള്ളത്. ആന്തരവും ബാഹ്യവുമായ മാറ്റങ്ങൾ അതിനെ സ്വാധീനിച്ചു കൊണ്ടിരിക്കും. വ്യവസായ വിപ്ലവം, ലോകമഹായുദ്ധങ്ങൾ തുടങ്ങിയവ പാശ്ചാത്യരാജ്യങ്ങളെ സ്വാധീനിച്ചതാണ് അവിടത്തെ ജനങ്ങളിൽ ഇപ്പോൾ കാണുന്ന മാറ്റമുണ്ടാവുന്നതിൽ പ്രധാന പങ്കു വഹിച്ചത് എന്നു കരുതുന്നു. പണമാണ് എല്ലാം നിശ്ചയിക്കുന്നത്, ഏതുവിധേനയും പണമുണ്ടാക്കുക എന്നൊരു പണാധിപത്യസംസ്ക്കാരത്തെ അത് അതിവേഗം സൃഷ്ടിച്ചെടുത്തു. അതിന്റെ ഭാഗമായുള്ള അനിയന്ത്രിതമായ പ്രകൃതി ചൂഷണവും.ഒപ്പം തന്നെ അത് അവിടത്തെ സ്ത്രീകൾക്ക് വൻ തോതിൽ തൊഴിൽ സാദ്ധ്യത നേടിക്കൊടുത്തു. അത് കുടുംബബന്ധങ്ങളിലും സാമൂഹ്യബന്ധങ്ങളിലുമെല്ലാം പ്രതിഫലിക്കുകയും വരുമാനമുള്ള പുരുഷന്മാർ പുലർത്തുന്ന സ്വാതന്ത്ര്യങ്ങൾ തങ്ങൾക്കും അവകാശപ്പെട്ടതാണ് എന്ന കാഴ്ച്ചപ്പാടിലേക്ക് അവരേയും നയിക്കുകയും ചെയ്തു. ഇന്ന് നേരിട്ടതുപോലുള്ള എതിർപ്പുകൾ അന്നത്തെ സ്ത്രീകൾക്കും നേരിടേണ്ടിയും വന്നിട്ടുണ്ട്. സ്ത്രീകൾക്ക് വിദ്യാഭ്യാസവും തൊഴിലും വരുമാനവും ലഭ്യമാവുന്ന ഏത് സമൂഹങ്ങളിലും രാജ്യങ്ങളിലും ഇതുപോലുള്ള മാറ്റങ്ങൾ ഉണ്ടാവാതെ തരമില്ല. 'സ്വാതന്ത്ര്യമല്ല, ദു:സ്വാതന്ത്ര്യമാണ് അവർ ആസ്വദിക്കുന്നത് എന്ന അഭിപ്രായമുണ്ടെങ്കിൽ അതിന് ഒന്നാമത്തെ ഉത്തരവാദി അവിടത്തെ പുരുഷന്മാരായിരിക്കും. കാരണം, അത്തരം ദു:സ്വാതന്ത്ര്യങ്ങൾ അവരേക്കാൾ മുമ്പ് ആസ്വദിച്ചു തുടങ്ങിയത് അതേ സമൂഹത്തിലെ/രാജ്യത്തിലെ പുരുഷന്മാരായിരിക്കും. അവരാണല്ലോ അത്തരം വഴികളിലൂടെ ആദ്യം മുന്നോട്ടു നടന്നിട്ടുണ്ടാവുക. തങ്ങൾ ആസ്വദിച്ചവയായതുകൊണ്ട്, അത് സ്ത്രീകൾക്ക് മാത്രമായി നിഷേധിക്കാൻ പുരുഷന്മാർക്ക് ധാർമ്മിക അവകാശവുമില്ല. അത്തരം ആസ്വാദനങ്ങളിൽ നിന്ന് ഒഴിവായി ജീവിക്കുന്നവർക്ക് ഉപദേശിക്കാൻ അവകാശമുണ്ട് ; പക്ഷേ നിർഭാഗ്യവശാൽ സമൂഹം അവരെ കേൾക്കുകയോ പിൻതുടരുകയോ ഇല്ല. നിസ്സഹായനായ ഒരു പ്രവാചകന്റെ വേദനയോടെ അത്തരക്കാർ ഒറ്റപ്പെട്ട് ജീവിച്ചു തീരും. പണമുണ്ടാക്കാനുള്ള ആർത്തിയോടെ സമൂഹം മുന്നോട്ടും. പക്ഷേ ഈ സംസ്ക്കാരവും അനന്തമായി തുടരും എന്ന് കരുതുന്നില്ല.

ഇപ്പോൾ അതേ പാശ്ചാത്യസമൂഹത്തെ നോക്കൂ. പണാധിപത്യവും അതിയായ പ്രകൃതി ചൂഷണവും തങ്ങളുടെ സമൂഹത്തിനു അപകടകരമാണെന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു. സാമൂഹികസമത്വത്തിനും പ്രകൃതി സംരക്ഷണത്തിനും വേണ്ടിയുള്ള നിയമങ്ങളും നീക്കങ്ങളും അവിടെ വളരെയധികം ശക്തമാണ്. ഒപ്പം സ്ത്രീവിവേചനവും ദുർബലമായി കൊണ്ടിരിക്കുകയും ചെയ്യുന്നു.. ക്രമേണ ഇതു മറ്റൊരു സംസ്ക്കാരത്തിലേക്കും അവരെ നയിക്കും. ആ തിരിച്ചറിവ് ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും എത്തുമ്പോഴേക്കും ഭൂമി ഇതുപോലെ ബാക്കിയുണ്ടാവുമോ എന്നു മാത്രമേ സംശയമുള്ളൂ. ചവിട്ടി മെതിച്ചും അരിഞ്ഞു തള്ളിയുമുള്ള യാത്രകളിലൂടെ തന്നെ വേണമല്ലോ നമുക്കും ആ വഴിയെത്താൻ.

Monday, November 03, 2014

ചുംബനസമര ചിന്തകൾ

1. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കൂ.. മാറു മറയ്ക്കൽ സമരത്തിലും ഇതു തന്നെയല്ലേ സംഭവിച്ചത് ? സമൂഹത്തിന്റെ പ്രമാണിമാരും മുതിർന്നവരും പോലീസും ഭരണകൂടവും എല്ലാം സമരത്തെ എതിർത്തു തോല്പിക്കാനല്ലേ ശ്രമിച്ചിട്ടുള്ളത് ?

അനാചാരങ്ങൾക്കെതിരെ ഇന്ത്യയിലോ കേരളത്തിലോ അരങ്ങേറിയിട്ടുള്ള ഓരോ സമരവും പരിശോധിക്കൂ.. ഓരോന്നിന്റേയും ആരംഭകാലത്ത് അത് സമൂഹം ഒന്നടങ്കം ഏറ്റെടുത്തിരുന്ന ഒന്നായിരുന്നോ അവ ?
തുടങ്ങി വെക്കുക എന്നത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയത് സമൂഹത്തിൽ കൂടുതൽ കൂടുതലായി ചർച്ച ചെയ്യപ്പെടും. സമരത്തോട് ഐക്യപ്പെടുന്ന യുവാക്കളും കൗമാരക്കാരും അതേറ്റെടുക്കും. അതിന്റെ പ്രതികരണങ്ങൾ അവർ നേരിടും. അവരുടെ സമരരീതികളോട് താല്പര്യമില്ലെങ്കിലും സമുഹത്തിലെ യാഥാസ്ഥിതികരും ഭരണകൂടവും അതിനെ എതിരിട്ട രീതി അവരുടെ സ്നേഹിതരിലും വീട്ടുകാരിലുമെല്ലാം അമർഷവും വേദനയുമുണ്ടാവും. സമരക്കാരുടെ ആശയങ്ങളോട് അതവരെ കൂടുതലായി അടുപ്പിക്കും. ( സംശയമുണ്ടെങ്കിൽ, ഇന്നലെ സമരത്തിനു വന്ന് അടിയേറ്റു വാങ്ങേണ്ടി വന്നവരുടെ വീട്ടുകാരോടു ചോദിക്കൂ..). അത്തരം പിന്തുണകൾ പുതിയ പ്രതിഷേധ മാർഗ്ഗങ്ങൾ തുറക്കും..അത് പ്രത്യക്ഷമായതോ സംഘടിതമായതോ ആസൂത്രിതമായതോ ആവണം എന്നുപോലുമില്ല.. എതിർപ്പു ശക്തമാവുന്തോറും സമരക്കാരുടെ ആത്മവീര്യവും സംഖ്യയും വർദ്ധിക്കും... ഒടുവിൽ കൂടുതൽ പുരോഗമനപരമായത് സ്വീകരിക്കപ്പെടുക തന്നെ ചെയ്യും.

ഇത്തരമൊരു സമരം വിജയിക്കുന്നത്, ഇന്നുമുതൽ എല്ലാവർക്കും പരസ്യമായി ചുംബിച്ചു തുടങ്ങാം എന്നൊരു സർക്കാർ ഉത്തരവിറക്കുന്നതോടെയായിരിക്കും എന്നൊന്നുമല്ലല്ലോ സമരത്തിറങ്ങിയവരോ അവരെ പിന്തുണയ്ക്കുന്നവരോ പറഞ്ഞിട്ടുള്ളത്..

ഇങ്ങനെയൊരു തുടർപ്രക്രിയ നടക്കണമെങ്കിൽ ആകെ വേണ്ടത് , സമരക്കാർ പറയുന്നതിൽ എന്തോ ഒരു ശരിയുണ്ടല്ലോ എന്നൊരു തോന്നൽ സമരത്തെ നിശബ്ദം നോക്കി കാണുകയോ സമരത്തെ എതിർക്കുകയോ ചെയ്യുന്നവരുടെ ഉള്ളിന്റെയുള്ളിൽ വേരു പിടിക്കുകയാണ്. അങ്ങനെയൊരു വേരുപിടിക്കൽ നടക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.

2. ഇനിയുമൊരു പത്തു നൂറു വർഷങ്ങൾ കഴിഞ്ഞാൽ, പൊതു ഇടങ്ങളിലെ ലൈംഗീകവേഴ്ച്ച കുറ്റകരമായി  കാണുന്ന ഒരു സമൂഹമായിരിക്കില്ല  ലോകത്തിൽ പലയിടത്തും നിലവിലുണ്ടാവുക എന്നാണ് കരുതുന്നത്.   ലൈംഗികത അതിലേർപ്പെടുന്നവരുടെ സ്വകാര്യതയായിരിക്കും എന്നായിരിക്കും അന്നുള്ളവർ ചിന്തിക്കുക. ഇപ്പോൾ തന്നെ, അത്തരം സ്വകാര്യതകൾ മാനിക്കുന്ന 'സ്വകാര്യപൊതുഇടങ്ങൾ'- ചില ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും, ബീച്ചുകളും, ലൈംഗീകകേന്ദ്രങ്ങളും  നിലവിലുണ്ടല്ലോ. മാനസികമായും ലൈംഗീകമായും അത്രമാത്രം പക്വതയാർജ്ജിച്ച ഒരു സമൂഹമായിരിക്കും അത് എന്നോർത്ത് ആഹ്ലാദിക്കുന്നു.  മൃഗങ്ങൾ  മറയില്ലാതെ ഇണ ചേരുന്നതിൽ അസ്വാഭാവികതയും അസ്വസ്ഥതയും അനുഭവപ്പെടാത്ത  ഇന്നത്തെ പരിഷ്കൃത മനുഷ്യന്റെ സ്ഥാനത്ത്, അവക്കിടയിലേക്ക് സഹജീവികളെ കൂടെ ഉൾപ്പെടുത്തുക മാത്രമാണല്ലോ അന്നത്തെ പരിഷ്കൃത മനുഷ്യൻ ചെയ്യുക. .

Thursday, October 02, 2014

മോഡിയുടെ ഗാന്ധിജയന്തി

ഗാന്ധി വധത്തെ തുടർന്ന് ഗോഡ്സെ കോടതിയിൽ സ്വയം ഉന്നയിച്ച വാദങ്ങളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് : ആ തീരുമാനത്തിനു പിന്നിൽ താൻ മാത്രമായിരുന്നു എന്ന് വാദിക്കാനാണ് അയാൾ ശ്രമിച്ചിട്ടുള്ളത്. ഒരു ആശയത്തോട് കടുത്ത പ്രതിപത്തിയുള്ള ഒരാൾ, തന്റെ കൂടെയുള്ളവരെയും അതേ ആശയം പ്രചരിപ്പിക്കുന്ന സംഘടനകളേയുമെല്ലാം രക്ഷിക്കാൻ ശ്രമിക്കുന്നതും സ്വാഭാവികമാണ്. കോടതിക്ക് പലകാര്യങ്ങളിലും പരിമിതി ഉണ്ട് എന്നുള്ളതുകൊണ്ടു തന്നെ, കോടതിവിധികളിലും ആ പരിമിതി കടന്നുകൂടാറുണ്ട്. കോടതി പറയുന്നതാണ് പരമമായ സത്യം എന്നല്ല, കോടതിയുടെ മുമ്പിൽ വന്ന തെളിവുകൾ വച്ച് , കാണപ്പെടുന്ന സത്യം ഇതാണ് എന്ന് വിധിക്കാൻ സമൂഹം അനുവദിക്കുകയാണ് ചെയ്യുന്നത്, അതും, ന്യായാധിപന്റെ കാഴ്ച്ചപ്പാടുകളാൽ സ്വാധീനിക്കപ്പെടും എന്നതുമെല്ലാം ഒരു പരിമിതിയായി അംഗീകരിച്ചു കൊണ്ട്. അതുകൊണ്ടു തന്നെ, ഗാന്ധിവധം മറ്റാരുടേയും പിന്തുണയില്ലാതെ താൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് എന്ന ഗോഡ്സെയുടെ വാദവും പരമമായ സത്യമായി സ്വീകരിക്കാൻ നിർവാഹമില്ല.
"നെഹ്രുവിൻറെ പാകിസ്താൻ അനുകൂല നിലപാടിനെ പിന്തുണച്ച് കൊണ്ട് ഗാന്ധി ഉപവാസത്തിൽ ഏർപ്പെട്ടപ്പോൾ ഈ പ്രക്രിയയിലൂടെ തന്നെ തന്നെ അദ്ദേഹം ജനരോഷത്തിന് പാത്രമാക്കി.നാഥുറാം ഗോഡ്സേ ജനങ്ങളെ പ്രതിനിധീകരിക്കുകയാണ്.ജനങ്ങളുടെ രോഷപ്രകടനമാണ് ഗോഡ്സെ നിർവഹിച്ചത്." എന്ന ഓർഗനൈസറിലെ അക്കാലത്തെ പത്രാധിപക്കുറിപ്പ് ആർ എസ് എസ്സിന്റെ മനസ്സിലിരുപ്പ് വ്യക്തമാക്കുന്നുണ്ട്.
രാഷ്ട്രസേവനം മുഖമുദ്രയായി അവകാശപ്പെടുന്ന ആർ എസ് എസ് രാഷ്ട്രപിതാവ് എന്ന രീതിയിൽ ഗാന്ധിയെ സ്വീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നുണ്ടോ ? ആ രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്സേസേയും അയാളുടെ മതഭ്രാന്ത് നിറഞ്ഞ ആശയങ്ങളേയും ശാഖകളിലൂടെയും അല്ലാതെയും തള്ളിപ്പറയാറുണ്ടോ ?
ഇനിയിപ്പോൾ മോഡിയ്ക്ക് 'ഗാന്ധിയാണു ശരി' എന്ന് മാനസാന്തരം വന്നു എന്നു തന്നെ കരുതുക. അദ്ദേഹം ഗോഡ്സെയെയും അയാൾ പ്രചരിപ്പിച്ച ആശയത്തെയും തള്ളിപ്പറഞ്ഞു കൊണ്ടാണോ അത് ചെയ്യുന്നത് എന്നൊരു പരിശോധനയെങ്കിലും വേണ്ടേ ? ഭരണത്തിൽ, നയങ്ങളിൽ ഗാന്ധിജിയുടെ കാഴ്ച്ചപ്പാട് നടപ്പാക്കുന്നുണ്ടോ എന്ന ചോദ്യങ്ങളുയരണ്ടേ ?

കട : മലയാളം വിക്കി, അറയ്ക്കൻ കഥകൾ ( ബ്ലോഗ്)

Sunday, June 22, 2014

സിംഹാസനങ്ങൾ.

ഒരു വായനക്കാരനായിരിക്കുമ്പോൾ ഞാൻ വായനക്കാരന്റെ സിംഹാസനത്തിലാണ്. 'എനിക്കിഷ്ടപ്പെട്ടില്ലെങ്കിൽ നിന്റെ പുസ്തകം ഞാൻ വലിച്ചെറിയും' എന്ന തന്റേടമുള്ള രാജാവ്.

ഒരു എഴുത്തുകാരനായിരിക്കുമ്പോൾ ഞാൻ എഴുത്തുകാരന്റെ സിംഹാസനത്തിലേക്ക് കയറുന്നു. 'നിനക്ക് താല്പര്യമുണ്ടെങ്കിൽ നീ വായിച്ചാൽ മതി' എന്ന തന്റേടമുള്ള രാജാവ്.

ഈ തന്റേടമില്ലെങ്കിൽ, ഒരു വായനക്കാരനെന്ന നിലയിൽ അഭിപ്രായം പറയാനോ, ഒരെഴുത്തുകാരനെന്ന രീതിയിൽ കഥ പറയാനോ എനിക്ക് കഴിയുമായിരുന്നില്ല. പകരം പതിനായിരക്കണക്കിന് ആത്മസങ്കോചങ്ങളുടെ വേരുകൾ എന്നെ വിഴുങ്ങി മൂടി കളഞ്ഞേനെ.

രാജ്യം എങ്ങനെ ഭരിക്കണമെന്ന്, എന്തൊക്കെ പരിഷ്ക്കാരങ്ങൾ വേണമെന്ന് രാജാവിനു തീരുമാനിക്കാം.നിരന്തരം പരിഷ്ക്കരിച്ചു കൊണ്ടിരിക്കുകയും വേണം. പരിഷ്ക്കരിക്കലാണല്ലോ വളർച്ചയുണ്ടാക്കുന്നത്. പക്ഷേ എല്ലാ പരിഷ്ക്കാരങ്ങളും പഠിച്ചു കഴിഞ്ഞിട്ട് ഭരണമേറ്റെടുക്കാം എന്ന നിഷ്ഠയുടെ ആവശ്യമില്ലെന്ന് തോന്നുന്നു. . ഏതു സിംഹാസനത്തിലിരിക്കുമ്പോഴും അതുവരെ സ്വയം പരിഷ്ക്കരിച്ച നിറവിൽ, സങ്കോചമില്ലാതെ തീരുമാനമെടുത്ത് ആ പദവിയോടുള്ള പ്രതിബദ്ധത നിലനിർത്തുക എന്നതാണ് വേണ്ടത്. അതിനേക്കാളുമപ്പുറം പരിഷ്ക്കാരലോകങ്ങൾ കണ്ടിട്ടുള്ള പ്രജകൾ വിമർശിച്ചേക്കാം. അതിനെ ക്രിയാത്മകമായി ഉൾക്കൊള്ളുക. വീണ്ടും സ്വയം പരിഷ്ക്കരിക്കുക. വായിക്കുക, എഴുതുക. അത്ര തന്നെ.

Sunday, June 01, 2014

പുരുഷന്റെ നോട്ടം, സ്ത്രീയുടെ ചാട്ടം.

പുരുഷന്റെ നോട്ടം, സ്ത്രീയുടെ ചാട്ടം.

1. പുരുഷന്റെയും സ്ത്രീയുടെയും സ്വഭാവപ്രകൃതികൾ, മാറ്റങ്ങളെ ഉൾകൊള്ളാനുള്ള മനോഭാവം, ശ്രദ്ധിക്കപ്പെടാനുള്ള ആഗ്രഹം തുടങ്ങിയ പലതും സ്ത്രീക്കുമേലുള്ള പുരുഷന്റെ നോട്ടത്തിൽ  വിഷയമാവുന്നുണ്ട്. മിക്ക സമൂഹങ്ങളിലും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് വികാരനിയന്ത്രണം കുറവാണെന്ന് തോന്നിയിട്ടുണ്ട്. (അത്തരം ഒരു സ്വഭാവം രൂപപ്പെട്ടത് പുരാതനകാലം മുതൽക്കേ പുരുഷാധിപത്യസമൂഹമാണ് നിലവിലുള്ളത് എന്നുള്ളതുകൊണ്ടാണെന്ന് കരുതുന്നു.സ്ത്രീയെ സംരക്ഷിക്കാനുള്ള സാമൂഹ്യമനോഭാവവും താനാണ് അധികാരി എന്ന ബോധവും അവനെ പെട്ടന്ന് വികാരം കൊള്ളുന്നവനായി രൂപപ്പെടുത്തിയിരിക്കണം. പുരുഷനാണു ഭരിക്കപ്പെട്ടിരുന്നെങ്കിൽ ഇതിനേക്കാൾ നന്നായി വികാരം നിയന്ത്രിക്കാൻ പുരുഷൻ  പഠിച്ചേനെ. സ്ത്രീകൾക്ക് കൂടുതൽ അധികാരവും സ്വാതന്ത്ര്യവും ലഭ്യമാവുന്ന സമൂഹങ്ങളിൽ പുരുഷന്റെ സ്വയം നിയന്ത്രണവും ഏറി വരുന്നുണ്ട് എന്നുള്ളത് ശ്രദ്ധിക്കുക. അതുകൊണ്ടു തന്നെ 'എനിക്കു വികാരം നിയന്ത്രിക്കാനാവില്ല' എന്ന ധാർഷ്ട്യം കലർന്ന പരാതി, തങ്ങളുടെ തന്നെ മേൽക്കോയ്മാ മനോഭാവത്തിന്റെ സൃഷ്ടിയാണ് എന്നു പുരുഷൻ തിരിച്ചറിയേണ്ടതുണ്ട്. )

2. മറ്റൊന്ന്, തനിക്കു താല്പര്യമുള്ളതും അതേ സമയം അപ്രത്യക്ഷമായി തുടരുന്നതുമായി ഒന്നിനെ തിരഞ്ഞു കൊണ്ടിരിക്കാനുള്ള മനുഷ്യന്റെ നൈസ്സർഗീകമായ താല്പര്യമാണ്.  ഒരു സ്ത്രീ, മുട്ടിനു മുകളിലെത്തുന്ന  ട്രൗസർ അണീഞ്ഞ് പ്രത്യക്ഷപ്പെടുമ്പോൾ പുരുഷന് അവളുടെ തുടകളോടുള്ള ആകർഷണത്തേക്കാൾ പതിന്മടങ്ങായിരിക്കും, മുട്ടിനു താഴെയെത്തുന്ന പാവാട  അനാവൃതമാക്കപ്പെട്ടാൽ അതേ തുടകളോടു തോന്നുന്നത്. അതേ തുടകളിലേക്കു നോക്കുമ്പോൾ തന്നെ, അവനിലുള്ള 'സദാചാരബോധ'വും വ്യക്തിത്വബോധവും സൃഷ്ടിക്കുന്ന ബുദ്ധി, അവനെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടാണ് അവൾ അറിഞ്ഞു കൊണ്ടല്ല വസ്ത്രം അനാവൃതമായതെന്നു തോന്നിയാൽ നോട്ടത്തിൽ അവനു കൂടുതൽ കുറ്റബോധം തോന്നുന്നതും  അറിയാതെയാണെങ്കിലും അറിഞ്ഞുകൊണ്ടാണെങ്കിലും  വസ്ത്രം നേരെയിട്ട ശേഷം അവളൊന്നു നോക്കിയാൽ അവൻ ആ നോട്ടത്തിൽ ചൂളി പോകുന്നതും.

പക്ഷേ
വികാരം നൈസ്സർഗ്ഗികവും   നിയന്ത്രണബുദ്ധി സാമൂഹ്യബോധസൃഷ്ടിയും സ്വയം ഉണർത്തേണ്ടതുമാണ്.  വികാരത്തിനു മേൽ ബുദ്ധികൊണ്ടുള്ള നിയന്ത്രണം, മാനസികമായും ശാരീരികവുമായി  പുരുഷനെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, തനിക്കു മേധാവിത്വമുള്ള സമൂഹങ്ങളിൽ, സ്ത്രീ തനിക്കു വികാരമുണർത്തുന്ന രീതിയിൽ പ്രത്യക്ഷപ്പെടരുത് എന്ന് പുരുഷൻ ശഠിക്കുന്നു. പുരുഷാധിപത്യത്തെ പിന്തുണയ്ക്കുന്നതായതുകൊണ്ട്, മതവും ഈ ശാഠ്യത്തെ പിന്തുണയ്ക്കുന്നു.

3. സ്ത്രീയ്ക്ക് പുരുഷനു തുല്യമായ  അവകാശങ്ങൾ അനുവദിക്കപ്പെട്ടിട്ടുള്ള പുരോഗമനസമൂഹങ്ങൾ ഈ ദു;ശാഠ്യത്തെ വകവെച്ചു കൊടുക്കുന്നില്ല.
ഇവിടെ ലെഗ്ഗിൻസ് കണ്ടാൽ വികാരാധീനൻ ആകുന്ന പുരുഷൻ തന്നെ ദുബായിലോ മറ്റ് പല വിദേശരാജ്യങ്ങളിലോ പോയാൽ അതു പോലുമില്ലാതെ നടക്കുന്ന സ്ത്രീകളെ കണ്ടാലും വികാരം നിയന്ത്രിക്കുന്നത്, 'ഇല്ലെങ്കിൽ ഉണ്ട തിന്നേണ്ടി വരും' എന്ന് അവന്റെ 'ബൗദ്ധികമുന്നറിയിപ്പ്' ഉണരുന്നതുകൊണ്ടാണ്.  അങ്ങനെ വികാരം അടക്കി അടക്കി അതൊരു ശീലമാവുന്ന ചരിത്രം ഉള്ളതുകൊണ്ടാണ്, കുട്ടികളേയും  വൃദ്ധകളേയുമൊക്കെ നഗ്നത  കാണുമ്പോൾ വികാരം ഉണരാതിരിക്കുന്ന ശീലം ഉരുത്തിരിഞ്ഞു വന്ന് കൂടുതൽ കൂടുതൽ ഉന്നതമായ തലങ്ങളിലേക്കുയർന്ന് ഇന്നു കാണുന്ന സാമൂഹ്യജീവിതം സാദ്ധ്യമായത്. ആ ശീലത്തിലേയ്ക്കും ബുദ്ധിയിലേക്കും, 'മറ്റൊരാൾക്ക് താല്പര്യമില്ലാതെ അയാളുടെ ശരീരത്തെ തൊടുകയോ തുറിച്ചു നോക്കുകയോ പാടില്ല' എന്ന അടിസ്ഥാന ബോധം ചേർത്തു വെയ്ക്കുകയേ വേണ്ടൂ. പക്ഷേ പുരുഷാധിപത്യത്തിന്റെ ആനുകൂല്യങ്ങൾ പറ്റുന്ന,  ഇതെഴുതുന്നയാൾ അടക്കമുള്ള പുരുഷസമൂഹത്തിന്, അതത്ര എളുപ്പമൊന്നുമല്ലെന്നു മാത്രം.
 
   

4. പുരുഷൻ യാഥാസ്ഥിതികനാണ്. മാറ്റങ്ങളെ പെട്ടന്ന് ഉൾക്കൊള്ളില്ല. സ്ത്രീകൾ നേരെ തിരിച്ചും.
സമൂഹത്തെയും കുടുംബത്തെയും നയിക്കുന്നവനായതുകൊണ്ടായിരിക്കണം പുരുഷനിൽ യാഥാസ്ഥിതികത്വം രൂഢമൂലമായത്. തനിക്കൊപ്പമുള്ളവരെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള ഒരാൾ,  പരിചിതമായ   സ്ഥിരം വഴികളിലൂടെ സഞ്ചരിക്കാനാണല്ലോ ഇഷ്ടപ്പെടുക. പുതിയതെന്തും   ( ഉദാ, ഭക്ഷണം,  ആവാസകേന്ദ്രം, അയൽസമൂഹങ്ങൾ ) പരീക്ഷിച്ച് നല്ലതാണോ കെട്ടതാണോ എന്നറിയാൻ അംഗങ്ങളിൽ പലരുടേയും ജീവൻ ബലി കൊടുക്കേണ്ടി വന്നേക്കാം.  ഒഴിവാക്കാനാവാത്ത  സന്ദർഭങ്ങളിൽ മാത്രം അതു ചെയ്യുക എന്നതായിരിക്കുമല്ലോ ഒരു തലവൻ ഇഷ്ടപ്പെടുക. അതുകൊണ്ടു തന്നെ,  സ്ത്രീകളാണ് സമൂഹത്തെ നിയന്ത്രിച്ചിരുന്നതെങ്കിൽ, ഈ  'യാഥാസ്ഥിതികത്വം' അവരിൽ രൂപപ്പെടുമായിരുന്നു എന്നു കരുതുന്നു. അങ്ങനെയല്ലാതിരുന്നതുകൊണ്ടായിരിക്കണം, പുതിയതെന്തും പരീക്ഷിക്കുക എന്ന പ്രകൃതിദത്തവും ജൈവീകവുമായ സ്വഭാവം സ്ത്രീയിൽ തുടർന്നു വന്നത്.   

  
5. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്നുണ്ട് എന്നും തോന്നാറുണ്ട്.  അവന്റെ സംരക്ഷണം ആവശ്യപ്പെടുന്ന ഒരു ജീവിതശൈലിയും സാമൂഹ്യജീവിതവും രൂപപ്പെടുത്തിയതാവണം അതും. ഭൂരിപക്ഷം സ്ത്രീകളും അതു പിന്തുടരുന്നു. പക്ഷേ താൻപോരിമയും സ്വാതന്ത്ര്യബോധവുമുള്ള സ്ത്രീ,  ഇന്ന് അവരൊരു ന്യൂനപക്ഷമാണെങ്കിലും, അതിൽ നിന്നു പുറത്തുകടക്കുന്നുണ്ട് എന്നും കാണാൻ കഴിയും. 

6. സ്ത്രീകൾ പുതിയ രീതിയിലുള്ള വസ്ത്രം ധരിക്കുന്നതും 'സെക്സി'യായി പ്രത്യക്ഷപ്പെടുന്നതും ശ്രദ്ധിക്കപ്പെടാൻ തന്നെയായിരിക്കണം. തനിക്ക് മനോഹരമായി തോന്നുന്ന, തന്റെ സ്വന്തമായ ഒന്ന് മറ്റുള്ളവർക്ക് മുമ്പിൽ അഭിമാനപൂർവ്വം പ്രദർശിപ്പിക്കാനുള്ള താല്പര്യം. ( 'സിക്സ് പാക്' പുരുഷന്മാർ തങ്ങളുടെ സിക്സ് പാക്കും മസിലുകളുമെല്ലാം പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നതും ഇതേ കാരണം കൊണ്ടു തന്നെ.) പക്ഷേ ആ 'ശ്രദ്ധ' തന്നെ മുറിപ്പെടുത്തണം എന്ന് അവൾ ആഗ്രഹിക്കുന്നുണ്ടാവില്ല. പുതിയ മട്ടിലുള്ള മണിമാളികകൾ പണിതുയർത്തുന്നത്, ആഡംഭരക്കാറുകൾ വാങ്ങുന്നത്, ബ്രാന്റഡ് വസ്ത്രങ്ങളും വാച്ചും കൂളിങ്ങ് ഗ്ലാസ്സുമെല്ലാം  പുരുഷൻ ധരിക്കുന്നതും ഇതേ ആഗ്രഹത്തോടെ തന്നെ. പുരാതന പുരുഷൻ ഇതിനു പകരം താൻ കീഴ്പ്പെടുത്തിയ മൃഗത്തിന്റെ കൊമ്പോ പല്ലോ തുകലോ ഒക്കെ ആഭരണമായി അണിയുന്നതിന്റെ തുടർച്ചയായിരിക്കണം ഇത്. പക്ഷേ ഇതിന്റെയൊക്കെ പേരിൽ താൻ ആക്രമിക്കപ്പെടുന്നതോ കുറ്റപ്പെടുത്തുന്ന നോട്ടം നേരിടേണ്ടി വരുന്നതോ പുരുഷനും ഇഷ്ടപ്പെടുന്നില്ലല്ലോ. (ഇത്തരം പ്രദർശനങ്ങളും ആഡംഭരങ്ങളും തുല്യത ആഗ്രഹിക്കുന്ന ഒരു സമൂഹത്തിൽ  വേണോ എന്നത് വേറെ വിഷയമാണ്, അതവിടെ നിൽക്കട്ടെ. നിലവിലുള്ള വ്യക്തിസ്വാതന്ത്രനിയമങ്ങൾ അനുവദിക്കുന്നിടത്തോളം അതുപയോഗിക്കുന്നത് തടയാൻ ആർക്കും അവകാശമില്ലല്ലോ. )

വാൽക്കഷണം :


ഇന്ത്യയിൽ നിലവിലുള്ള നിയമം അനുസരിച്ച് ഒരു പുരുഷന്റെ നോട്ടം അന്തസ്സുകെട്ടതാായി അനുഭവപ്പെട്ടാൽ പോലും സ്ത്രീക്ക് ഇപ്പോൾ നടപടികൾ സ്വീകരിക്കാം എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.
അതുകൊണ്ട് സ്ത്രീകൾ ( പുരുഷനും ) അവർക്കിഷ്ടമുള്ളത് ധരിക്കട്ടെ. ( മുഖം മൂടി ഒരു വസ്ത്രമല്ല എന്നത് ഓർക്കുക)  പുരുഷന്മാർ അവരെ നോക്കുകയും ചെയ്യട്ടെ. പക്ഷേ ആ നോട്ടം അവരെ അലോസരപ്പെടുത്താതിരിക്കാൻ പുരുഷന്മാർ ശ്രദ്ധിക്കേണ്ടതുണ്ട്.  നമ്മുടെ ഭരണഘടന അത്ര മാത്രം കൃത്യവും നിക്ഷ്പക്ഷവും സമതുലിതവുമാണ്. 

മോഡി പേടി


കേരളത്തിലെ ന്യൂനപക്ഷം ( അവരിൽ തന്നെ മുസ്ലീങ്ങൾ ) മോഡിയെയും സംഘപരിവാറിനേയും നല്ലപോലെ ഭയപ്പെടുന്നുണ്ട് എന്നുള്ളത് വ്യക്തമാണ്. ആ ഭയത്തെ മുതലെടുക്കാൻ പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ തുടങ്ങിയ തീവ്രവാദമറുചേരികൾ ശ്രമിക്കുന്നുണ്ട് എന്നുള്ളതും കാണാം.

അത്രയ്ക്കൊന്നും ഭയപ്പെടേണ്ടതില്ല എന്ന് കേരളത്തിന്റെ ഇടതുപക്ഷമനസ്സ് അവരെ എക്കാലവും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മേധാവിത്വം ലഭിക്കുന്നതിനു വേണ്ടി മതവും ജാതിയും വർഗീയതയും വികസനവും വ്യവസായവും തുടങ്ങി എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി മുന്നിലെത്തിയ ആളാണു മോഡി. ഇനി എന്തു വേണം എന്ന് തീരുമാനിക്കാൻ മോഡിക്ക് സ്വാതന്ത്ര്യമുള്ളിടത്തോളം കാലം കരുതിയിരിക്കുകയും വേണം.

പക്ഷേ ഒരനാവശ്യ ഭീതി അസ്ഥാനത്താണ്. എതിർക്കപ്പെടേണ്ടത് നടപ്പാക്കപ്പെടുമ്പോൾ എതിർക്കുക എന്നതാണ് ജനാധിപത്യത്തിൽ കരണീയമായിട്ടുള്ളത്. ആ എതിർപ്പിനു ഭൂരിപക്ഷപിന്തുണ നേടുക എന്നതാണ് മുഖ്യം. അത് വർഗ്ഗീയ ശക്തികൾക്കും അറിയാവുന്നതുകൊണ്ട്, അവിടെ വിള്ളലുകൾ വീഴ്ത്താനാണ് അവർ ശ്രമിക്കുന്നത്. അതുകൊണ്ട് ആത്യന്തികമായി ഭയപ്പെടേണ്ടത് മോഡിയെ അല്ല, ജനങ്ങൾക്കിടയിലെ മതിലുകളെയാണ്. സ്വയമറിയാതെയാണെങ്കിലും ആ മതിലുകളിൽ പലതും നാം സ്വയം സൃഷ്ടിക്കുന്നവയുമാണ്.

ഞാനും നീയ്യും ഒരുമിച്ച് പഠിച്ച പൊതുവിദ്യാലയങ്ങൾ ഇന്ന് ഊർദ്ധശ്വാസം വലിച്ചു കൊണ്ടിരിക്കേ, എന്റെ കുഞ്ഞിനു സരസ്വതിനികേതനവും നിന്റെ കുഞ്ഞിനു ഉമരിയ്യ സ്കൂളും ശക്തിപ്പെടുന്നിടത്ത് തുടങ്ങുന്നു അത്. ഞാനും നീയും നീന്തിത്തുടിച്ച പുഴമടിത്തട്ടുകൾ വരണ്ടു മലർന്നിരിക്കേ എന്റെ കുഞ്ഞിനു എന്റെ നീന്തൽകുളവും നിന്റെ കുഞ്ഞിനു നിന്റെ നീന്തൽകുളവും തീർക്കുന്നിടത്ത് ശക്തിപ്പെടുന്നു അത്.

എന്റെ കുഞ്ഞിനു മുറിവേറ്റാൽ നിന്റെ കുഞ്ഞ് വാവിട്ടുകരയാൻ, നിന്റെ കുഞ്ഞിന്റെ ഭയത്തെ എന്റെ കുഞ്ഞ് കല്ലെടുത്തോടിക്കാൻ, ഏറ്റവും കുറഞ്ഞത് അവർ പരസ്പരം അറിയേണ്ടതെങ്കിലുമുണ്ട്.

തോളോടു തോൾ ചേർന്ന് ഓടിക്കളിക്കാൻ, പാടിത്തിമർക്കാൻ അവർക്കു പൊതു ഇടങ്ങൾ വേണ്ടതുണ്ട്. ഓണവും വിഷുവും പെരുന്നാളും നോമ്പും വീടുകളിൽ നിന്ന് വീടുകളിലേക്ക് നിർഭയം സഞ്ചരിക്കണമെങ്കിൽ നമുക്കിടയിലെ മതിലുകൾ നാം തകർക്കേണ്ടതുണ്ട്, ഉമ്മറത്ത് കാവൽ നിർത്തിയിരിക്കുന്ന പ്രദർശന നായ്ക്കളെ പുറത്താക്കേണ്ടതുണ്ട്.

'എന്റേത്' എന്ന അഹങ്കാരങ്ങൾ തകർത്ത്
വീണ്ടെടുക്കുക നാം ആ പൊതുഇടങ്ങൾ, കളിമൈതാനങ്ങൾ, പുൽമേടുകൾ, പുഴയോരങ്ങൾ.

Thursday, April 10, 2014

നോട്ട

കാപട്യം, വിശ്വാസവഞ്ചന, കൈക്കൂലി, അഴിമതി.. വെറുപ്പ് തോന്നാനുള്ള ഒരുപാട് കാരണങ്ങൾ ഇന്നത്തെ രാഷ്ട്രീയത്തിലുണ്ട്. പക്ഷേ ഇപ്പോഴും ജനാധിപത്യത്തിൽ എനിക്കു പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. ഇതിനേക്കാൾ മികച്ച മറ്റൊരു വ്യവസ്ഥ ചൂണ്ടിക്കാട്ടാനുമില്ല. 

എപ്പോഴും തമ്മിൽ ഭേദം എന്നൊരു താരതമ്യപഠനം സാധ്യമാണ് എന്നാണ് വിശ്വസിക്കുന്നത്. പക്ഷേ അങ്ങനെയൊരു പഠനം നടത്തണമെങ്കിൽ, അതിനോട് പുറം തിരിഞ്ഞുകൊണ്ട് സാധ്യമല്ല. 

ജനപക്ഷത്തു നിന്നുള്ള തിരുത്തലുകളും പ്രതിഷേധവുമെല്ലാം പുറമേ അവഗണിക്കുന്നതായി ഭാവിക്കുമെങ്കിലും രാഷ്ട്രീയപാർട്ടികളും ഭരണകൂടവും  അതെല്ലാം കണക്കിലെടുക്കുന്നുണ്ട് എന്നു വിശ്വസിക്കാനാണ് ഇഷ്ടപ്പെടുന്നത്.
ഡെൽഹി പെൺകുട്ടിയുടെ മരണത്തെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളെ തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തല്ലെ ബന്ധപ്പെട്ട വകുപ്പുകൾ തന്നെ പരിഷ്ക്കരിക്കപ്പെട്ടതും വിവരാവകാശനിയമവും ജനലോക്പാൽ ബിൽ അവതരിപ്പിക്കപ്പെട്ടതുമെല്ലാം ഇതിനുദാഹരണങ്ങളാണ്.

അതേ സമയം, പ്രതിഷേധിക്കുന്നവർ ശരിയായ കാര്യത്തിനാണു പ്രതിഷേധിക്കുന്നതെങ്കിലും അവർക്ക് ജനങ്ങളെ ഒപ്പം കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ പ്രതിഷേധം അവഗണിക്കപ്പെട്ടെന്നു വരും. ഒരേ സമയം ജനാധിപത്യത്തിന്റെ ശക്തിയും ദൗർബല്യവുമാണത്. ശാസ്ത്രബോധവും സാമൂഹ്യബോധവും പക്വതയുമുള്ള ഒരു സമൂഹത്തിലെ ഭൂരിപക്ഷ തീരുമാനം ആ സമൂഹത്തെ ശക്തിപ്പെടുത്തും. ഇതിലേതിങ്കിലുമൊക്കെ കുറവുള്ള അംഗങ്ങൾ ഭൂരിപക്ഷമായുള്ള ഒരു സമൂഹത്തിൽ ചില ഭൂരിപക്ഷ തീരുമാനങ്ങൾ സമൂഹത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുക. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം എന്നതാണ് ശരിയായ നിലപാടായി ഇവിടത്തെ പരിസ്ഥിതി പ്രവർത്തകർ ( ഞാനും ) കണക്കാക്കുന്നത്. പക്ഷേ അതു നേർപ്പിച്ച കസ്തൂരി രംഗൻ റിപ്പോർട്ട് പോലും നടപ്പാക്കാൻ കഴിയാത്ത വിധം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ അതിനെ എതിർക്കുന്നവർക്ക് കഴിയുന്നു. സ്വാഭാവികമായും ഭരണകൂടവും രാഷ്ട്രീയപാർട്ടികളും  ആ പ്രതിഷേധത്തിനു മുൻഗണന നൽകുന്നു. പ്രതിഷേധം സംഘടിപ്പിക്കുന്നവർ വളരെ കുറച്ചേയുള്ളൂ, സമൂഹത്തിലെ ഭൂരിപക്ഷവും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന് അനുകൂലമാണ്, അവർ മിണ്ടാതിരിക്കുന്നെന്നേയുള്ളൂ എന്ന് ഒരു പരിസ്ഥിതി വാദിക്ക് വാദിക്കാം. അത് സത്യവുമായിരിക്കാം. പക്ഷേ ആ സത്യം അധികാരികളെയും ജനങ്ങളെ തന്നെയും ബോധ്യപ്പെടുത്താത്തിടത്തോളം കാലം അതിനെന്തു പ്രസക്തിയാണുള്ളത് ?

 ജനപക്ഷത്തു നിന്നുകൊണ്ടുള്ള നിരന്തരമായ പ്രതികരണവും ജാഗ്രതയും ആണ് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള മാർഗ്ഗമായി കാണുന്നത്. 


'നോട്ട' യും ഒരു പ്രതിഷേധമാർഗ്ഗമാണ്. പക്ഷേ രാഷ്ട്രീയ പാർട്ടികൾക്ക് അവഗണിക്കാൻ ഏറ്റവും എളുപ്പമുള്ള പ്രതിഷേധമാർഗ്ഗമാണെന്നു മാത്രം. മാത്രമല്ല, സമൂഹതാല്പര്യങ്ങളേക്കാളുപരി സ്വന്തം വ്യക്തിതാല്പര്യം മാത്രം പരിഗണിക്കുകയാണ് 'നോട്ട'യ്ക്ക് വോട്ട് ചെയ്യുന്ന ഒരാൾ ചെയ്യുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു. നോട്ടയ്ക്ക് കുത്തുന്നവർ, ഇന്ന് സമൂഹത്തിൽ കാണുന്ന  ഏത് രാഷ്ട്രീയപാർട്ടിയിലെ ഏത് നേതാവിനെ അവിടെ മത്സരിപ്പിച്ചാലും നോട്ടയ്ക്ക് തന്നെ കുത്തുവാനാണ് സാധ്യത. എല്ലാ രാഷ്ട്രീയചിന്തകളോടും  വിരോധമുള്ളവരാണല്ലോ നോട്ട ജയിക്കണമെന്ന് ആഗ്രഹിക്കുന്നത്.

  നല്ല പഴങ്ങളും ചീത്ത പഴങ്ങളും കൂട്ടികലർത്തി വിൽക്കാനിരിക്കുന്ന കച്ചവടക്കാരോട്, നിങ്ങൾ ചീത്ത പഴങ്ങളും വിൽക്കുന്നു, അതുകൊണ്ട് ഞാൻ പഴം വാങ്ങുന്നില്ല' എന്നത് നിഷേധം തന്നെ. പക്ഷേ അതിനേക്കാൾ ശക്തമായത്, കൂടയിൽ നിന്ന് നല്ല പഴങ്ങൾ മാത്രം തിരഞ്ഞെടുത്ത് 'കച്ചവടക്കാരാ, ചീത്ത പഴങ്ങൾ തന്ന് എന്നെ പറ്റിക്കാൻ നോക്കണ്ട കെട്ടോ' എന്ന് ഓർമ്മപ്പെടുത്തുകയാണ് എന്നതാണ് ഞാൻ കരുതുന്നത്. വാങ്ങുന്നതിന് പിന്നെയും ആളുകൾ വരുന്നിടത്തോളം കാലം ( എല്ലാവരും 'നോട്ട' ചെയ്താലും, ഒരു വോട്ട് കിട്ടിയാൽ പോലും സ്ഥാനാർത്ഥിക്ക് ജയിക്കാം ) 'വാങ്ങുന്നില്ല' എന്ന പ്രതിഷേധം കച്ചവടക്കാരൻ അവഗണിക്കും. അതുമാത്രമല്ല, നല്ല പഴം ആ പ്രതിഷേധക്കാരൻ/ക്കാരി തിരഞ്ഞെടുക്കാത്തതു കൊണ്ട്, അയാളുടെ കുടുബത്തിലെ നല്ലതും ചീത്തയും തിരിച്ചറിയാനാവാത്ത ഒരാൾ ചീത്തപഴം വാങ്ങി വീട്ടിലേക്ക് കൊണ്ടു വന്നാൽ അതു തന്നെ വീട്ടിലെല്ലാവർക്കും കഴിക്കേണ്ടിയും വരുന്നു. ചീത്തപഴം ( ചീത്ത നിയമം ) വാങ്ങി ( നടപ്പാക്കി )ക്കഴിഞ്ഞാൽ പിന്നെയത് കഴിക്കാതെ നിവൃത്തിയില്ലല്ലോ.

നോട്ട'യുടെ വോട്ട് ഭൂരിപക്ഷത്തേക്കാൾ അധികമാവുകയോ നിശ്ചിത ശതമാനത്തേക്കാൾ അധികമാവുകയോ ഒക്കെ ചെയ്താൽ അവിടെ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടും എന്നോ മറ്റോ നിയമം കൊണ്ടു വന്നാൽ പ്രയോജനമുണ്ടാവാൻ സാധ്യതയുണ്ട്.

പക്ഷേ, ഇങ്ങനെയൊരു നിയമം കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷത്തെ കൊണ്ട് അംഗീകരിപ്പിക്കേണ്ടതും , ആ അംഗീകാരം അധികാരികളെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട് . ഒരു പക്ഷേ ഇങ്ങനെ ഒരു ആലോചന മുന്നോട്ടു വെക്കുമ്പോഴായിരിക്കും സമൂഹത്തിലെ തന്നെ മറ്റൊരാൾ ആ തീരുമാനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടുക. അതും പരിഗണിക്കേണ്ടതുണ്ട്.
അതുവരെ നോട്ടയ്ക്ക് ചെയ്യുന്ന വോട്ടുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും കാണുന്നില്ല.

അമ്മീമ്മ വെളിച്ചം.




മാധവിക്കുട്ടിയുടെ ‘ബാല്യകാല സ്മരണകളുടെ’ ഒരനുകരണം –  സത്യത്തിൽ ഇതായിരുന്നു ‘എച്മുവോട്  ഉലകം’ എന്ന ബ്ലോഗിൽ എച്മുക്കുട്ടിയുടെ അമ്മീമ്മ സ്മരണകൾ വായിച്ചു തുടങ്ങിയപ്പോൾ മനസ്സിലുയർന്നത്. ‘അമ്മമ്മ’ എന്നതിനുപകരം അമ്മീമ്മ, നാലപ്പാട്ടെ പരിസരത്തുണ്ടായിരുന്നതു പോലെ തന്നെ വേലക്കാരും കാര്യസ്ഥനും ആവലാതികൾ പറയാൻ വരുന്നവരും - താരതമ്യപ്പെടുത്തൽ അങ്ങനെ മുന്നോട്ടു പോയി. ഇതേ ധാരണയോടെ ബ്ലോഗിൽ നാലഞ്ച് പോസ്റ്റുകൾ വായിച്ചിട്ടുമുണ്ടാവണം.

ഇപ്പോൾ  ‘അമ്മീമ്മക്കഥകൾ’ എന്ന പുസ്തകം മുന്നാം വായനയും കഴിഞ്ഞ് കൈയ്യിലിരിക്കുന്നു. ശൈലിയിൽ സാമ്യമുണ്ട്, പക്ഷേ നാലപ്പാടും പരിസരവുമല്ല ഇവിടെ പ്രത്യക്ഷപ്പെടുന്നത് എന്ന് വായന ഓർമ്മപ്പെടുത്തുന്നു. ‘ബാല്യകാലസ്മരണകളി’ൽ  ബാല്യമായിരുന്നു മുന്നിട്ടു നിന്നിരുന്നതെങ്കിൽ, ഇവിടെ അതോടൊപ്പം ഔന്നത്യത്തോടെ ജീവിതസമരങ്ങളും തലയുയർത്തി നിൽക്കുന്നു - അമ്മീമ്മയുടെ മാത്രമല്ല, തെണ്ടി മയിസ്ട്രേട്ടിന്റെയും ഗോയിന്നന്റെയും തീട്ടമ്പ്‌രാൻ നായരുടേയുമെല്ലാം. കണ്ണുകൾ ഈറനണിയിക്കുകയും ഹൃദയം ഓരോ നുറുങ്ങുകളായി പിളർന്നുപോകുന്ന തീവ്രനൊമ്പരം പകരുകയും ചെയ്യുന്ന  ജീവിതാനുഭവങ്ങൾ. അനുകൂലമായ ചുറ്റുപാടുകളിൽ ആദർശജീവിതം അനുഷ്ഠിച്ച നാലപ്പാട്ടെ സ്ത്രീകളെപ്പോലെയായിരുന്നില്ല തന്റെ ജീവിതപ്പാതകൾ എന്ന് അമ്മീമ്മയുടെ ഹൃദയത്തുടിപ്പുകൾ പേറുന്ന ഈ പുസ്തകത്തിലെ ഓരോ ഏടും ഓർമ്മപ്പെടുത്തുന്നു.

പന്ത്രണ്ടാം വയസ്സിൽ വിവാഹം, അതു കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഉപേക്ഷിക്കപ്പെടുക, മുപ്പതാം വയസ്സിൽ അക്ഷരാഭ്യാസത്തിനു വേണ്ടി സ്വന്തം വീട്ടിൽ തന്നെ  നിരാഹാരം കിടക്കേണ്ടിവരിക -  ഇതൊന്നുമില്ലായിരുന്നില്ലെങ്കിൽ, അമ്മീമ്മയുണ്ടാവുമായിരുന്നില്ല. ‘ദൈവം മരിക്കുന്ന ദിവസം ഞാനീ അലങ്കാരമൊക്കെ അഴിച്ചു വെയ്ക്കും, പുലയും വൈധവ്യവും ആചരിക്കും’, ‘ചുടലച്ചാരവും പൂശി ചോരയിറ്റുന്ന ആനത്തോലുമുടുത്ത് പാമ്പിനേയും കഴുത്തിലിട്ട് ഗംഗാദേവിയെ ജടയ്ക്കുള്ളിൽ ഇരുത്തുന്നയാൾക്ക് മാസക്കുളി പോലെയുള്ള അതീവ സാധാരണമായ ശാരീരികകാര്യങ്ങളൊക്കെ ഒരു വിഷയമാവുന്നതെങ്ങനെയാണ്?’, ‘ഇനിയിപ്പോ എന്റെ അപ്പാ ബ്രഹ്മരക്ഷസ്സായി ഈ വീട്ടിലുണ്ടെന്ന് തന്നെ കരുതൂ.. ഞാൻ ആ അപ്പാവിന്റെ മകളല്ലേ? എനിക്ക് സങ്കടം വരുത്തുന്ന ഒന്നും അദ്ദേഹത്തിനു ചെയ്യാൻ പറ്റില്ല’  എന്നിങ്ങനെയുള്ള  ഉന്നതമായ ചിന്താഗതികളും ജീവിതവീക്ഷണവും അമ്മീമ്മയിൽ വേരുപിടിപ്പിച്ചത്, പിച്ചക്കാരോടും കൂലിപ്പണിക്കാരോടും ദരിദ്രരോടുമെല്ലാം  അകമഴിഞ്ഞ അടുപ്പം കാണിക്കാനും  അവരെയൊക്കെ ചായയോ മുറുക്കോ പഴമോ കൊടുത്ത് സൽക്കരിക്കാനുമുള്ള ശീലം പകർന്നത്, വായിച്ചോ പാരമ്പര്യത്തിലൂടെയോ സ്വായത്തമായ ഉദാരമനസ്ഥിതിയല്ല,  അവർ കടന്നു പോന്ന കനൽവഴികൾ തന്നെയാണ് എന്ന് കാണാൻ കഴിയും. സ്വർണ്ണക്കട്ടിയിൽ നിന്ന് മുറിച്ചെടുത്ത് മുന്നോട്ടു വെക്കപ്പെട്ട ഒരു മാതൃകയായിരുന്നില്ല അവർ. അസംസ്കൃതരൂപത്തിൽ നിന്ന് ജീവിതം അതിന്റെ മൂശയിൽ നിർദ്ദാക്ഷിണ്യം  ഉരുക്കിയൊഴിച്ച്  ഊതിയൂതി രൂപപ്പെടുത്തിയ  ഉത്കൃഷ്ടത – അത്തരമൊരു വിശേഷണമാണ് അവർക്ക് ചേരുക. ദാരിദ്ര്യവും അവഗണനയും  ജാതിമതവിഭാഗീയതകളും ഒക്കെ എന്തെന്നനുഭവിപ്പിച്ച്  പാരിൽ  മനുഷ്യരെ  ഊതിക്കാച്ചിയെടുക്കുന്ന ഈ ജീവിതക്രിയ തന്നെയായിരിക്കണം അമ്മീമ്മയുടെ തുടർച്ചയായി പരക്ലേശവിവേകമുള്ള  എച്ച്മുക്കുട്ടി എന്ന എഴുത്തുകാരിയെയും സൃഷ്ടിച്ചത്.

ഒരദ്ധ്യായത്തിലേ പ്രത്യക്ഷപ്പെടുന്നുള്ളുവെങ്കിലും, അമ്മീമ്മയ്ക്കൊപ്പം മറ്റൊരു സമരതീഷ്ണതയെയും സ്ത്രീ രൂപത്തിൽ നാം പരിചയപ്പെടുന്നുണ്ട് – തെണ്ടി മയിസ്രേട്ട് എന്ന ജാനകിയമ്മ. ജാനകിയമ്മയും അമ്മീമ്മയും രണ്ടുതരം പ്രതിഷേധരൂപങ്ങളാണ്. ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും സ്വാതന്ത്ര്യത്തിനു വേണ്ടി വ്യത്യസ്ത സമരരൂപങ്ങൾ സ്വീകരിച്ചതു പോലെ   ഒന്നു മറ്റൊന്നിൽ നിന്ന് വേർതിരിഞ്ഞു നിൽക്കുമ്പോഴും, മറ്റേയാൾക്കു വേണ്ടി ഇരുവരും പുലർത്തുന്ന കരുതൽ, സ്നേഹത്തിന്റെ അന്തർധാര ഇതെല്ലാം സ്പഷ്ടമാണ്. ആത്മഹത്യ ചെയ്യാനൊരുങ്ങിയ തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കാവൽ നിന്നത് ജാനകിയമ്മയാണ് എന്ന് അമ്മീമ്മ തന്നെ പറയുന്നുമുണ്ട്. നിർഭയം സത്യം വിളിച്ചു പറഞ്ഞ് ലോകത്തിന്റെ ശത്രുത നേടുമ്പോഴും അമ്മീമ്മയെ പോലുള്ളവർ നൽകുന്ന മാനസിക പിന്തുണ ജാനകിയമ്മയ്ക്കും ആശ്വാസമാകുന്നുണ്ടാവണം.

വൈകാരികമായി മനുഷ്യൻ എത്രമാത്രം ദുർബലനാണ് എന്ന് വ്യക്തമാക്കുന്ന മുന്ന് പുരുഷജീവിതങ്ങളെ  പുസ്തകത്തിൽ ചിത്രീകരിക്കുന്നുണ്ട് എച്മുക്കുട്ടി. ഒന്നാമത്തെയാൾ ‘ഗോവിന്ന’നാണ്. തൊഴിലിലും കൂലിയിലുമെല്ലാം കണിശത പുലർത്തുന്ന, കിട്ടിയ നന്മ തിരിച്ചു നൽകാൻ ശ്രമിക്കുന്ന ഗോവിന്നൻ തോറ്റു തുടങ്ങുന്നത്  ‘ഭർത്താവ് തന്റെ മാത്രം സ്വത്താണ്’ എന്ന് അവകാശപ്പെടുന്ന പെണ്ണിനു മുമ്പിലാണ്. മുത്താച്ചി കൂടി ഇല്ലാതാവുന്നതോടെ ഏകാന്തതയ്ക്ക് പൂർണ്ണമായും കീഴടങ്ങുന്ന ഗോവിന്നൻ തന്റെ യാത്ര അവസാനിപ്പിക്കുന്നത് ഒരു പൂരാടരാത്രിയിലാണ്.അന്നു പകൽ ഗോവിന്നൻ നട്ട പതിനെട്ടാം പട്ടയിൽ ഗോവിന്നന്റെ കണ്ണീരും സ്നേഹവുമുണ്ടാവാതെ തരമില്ല.

പിന്നെയൊരാൾ ‘ലാജഹോമം’ എന്ന അദ്ധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന അപ്പച്ചനാണ്. അമ്മീമ്മയുടെ സഹോദരൻ നൽകിയ കാശും കള്ളും വാങ്ങിച്ച് പൊതുവഴിയിൽ വച്ച് അമ്മീമ്മയെ  വസ്ത്രാക്ഷേപം ചെയ്ത അപ്പച്ചൻ. ‘അപ്പച്ചാ നീ പാപം ചെയ്തവനാണ്’ എന്ന കർത്താവിന്റെ നിരന്തരഓർമ്മപ്പെടുത്തലിൽ  വെന്ത് അതേ അമ്മീമ്മയുടെ കാൽക്കൽ വീണ് മാപ്പിരക്കുന്ന അപ്പച്ചൻ. പാപി കുമ്പസാരിക്കേണ്ടത് ആർക്കു മുമ്പിലാണ് എന്ന് അപ്പച്ചനും മേരിയും കർത്താവും ഇവിടെ  വ്യക്തമാക്കുന്നുണ്ട്. പക്ഷേ  വിശ്വാസം മതമായി നിലനിർത്തേണ്ടത് ആവശ്യമാവുമ്പോൾ പാപികളെ കേൾക്കുകയും മാപ്പ് നൽകുകയും ചെയ്യുന്നത് തങ്ങളുടെ ജോലിയായി ഏറ്റെടുക്കാൻ   പുരോഹിതന്മാരുണ്ടാവാതെ തരമില്ലല്ലൊ.

മൂന്നാമത്തേത്  ഒരു കാമുകനാണ്. അത്രയേറെ മോഹിച്ചിട്ടും അജ്ഞാതമായ കാരണങ്ങളാൽ കാമുകിയാൽ ഉപേക്ഷിക്കപ്പെട്ട ഒരുവൻ. ചിലപ്പോൾ അവൾക്കും അയാൾക്കും കാരണങ്ങൾ അറിയാമായിരിക്കും. എഴുത്തുകാരി അത് വ്യക്തമാക്കുന്നില്ല, കാര്യമായി അന്വേഷിക്കുന്നുമില്ല. ഹൃദയം തകരുന്ന അയാളുടെ വേദന,  ചിത്രീകരിക്കുക മാത്രം ചെയ്യുന്നു. അതൊന്നുമറിയാതെ തന്നെ, ‘മനുഷ്യര് കൊന്നു പോണതാ അല്ലേ..അറിയാണ്ട്..അല്ലേ ടീച്ചറേ..’ എന്ന് അവസാനം അയാൾ  തേങ്ങുമ്പോൾ,  ‘നിന്നിലും ഒരു ഹൃദയമുണ്ട്’ എന്നോർമ്മിപ്പിച്ചു കൊണ്ട് പാറുക്കുട്ടിക്കൊപ്പം വായനക്കാരുടെ കണ്ണുകളും കുതിച്ചു ചാടുന്നു.

ബാല്യത്തിന്റെ നിഷ്ക്കളങ്കത  തൊട്ടറിയാവുന്ന അദ്ധ്യായങ്ങളാണ് ‘ഘനമുള്ള പുസ്തകവും ’, ‘തെരട്ടിപ്പാലും’.  ‘ഒന്നും മനസ്സിലാവാത്ത ഘനമുള്ള പുസ്തകം’ എന്താണെന്നറിയുമ്പോൾ അച്ഛനൊപ്പം വായനക്കാരും പൊട്ടിച്ചിരിച്ചു പോകും. ‘ഒരു വിരൽ കൊണ്ട് തോണ്ടിയാൽ എനിക്ക് കഷ്ടിച്ച് ഒന്ന് നക്കി നോക്കാനേ സാധിക്കൂ.. അവൾക്കും കൊടുക്കണ്ടേ? നക്കിയ വിരൽ നന്നായി കഴുകാതെ  പിന്നെ പാത്രത്തിൽ തൊടാൻ പാടില്ല. അപ്പോൾ രണ്ടുവിരലെങ്കിലും കൊണ്ട് തൊട്ട്  നോക്കണം. അങ്ങനെയാണെങ്കിൽ നാലു വിരലും വച്ച് തൊട്ടാൽ രണ്ടു പേർക്കും ധാരാളം സ്വാദു നോക്കാൻ പറ്റുമല്ലോ’ – കളങ്കമില്ലാത്ത ബാല്യത്തിന്റെ മാത്രം ചിന്തയാണത്.  അത്തരം ചിന്തകളിലേക്ക് വീണ്ടുവിചാരം കടന്നെത്തുതിന് കുട്ടികൾ നൽകേണ്ടുന്ന വലിയ പ്രതിഫലം നൽകിയാണ് എഴുത്തുകാരിയും മുതിരുന്നത്.

ജീവിതത്തിലെ അനന്തമായ നാടകീയതകൾക്കൊപ്പം  ചരിത്രപരമായി പ്രാധാന്യമുള്ള വസ്തുതകളും  കണ്ടെടുക്കാനാവും എന്നുള്ളതാണ് ഓർമ്മക്കുറിപ്പുകളുടെ സവിശേഷതകളിലൊന്ന്. പത്തൊമ്പത് അദ്ധ്യായങ്ങളിലായി പരന്നു കിടക്കുന്ന അമ്മീമ്മക്കഥകൾ ഷൊർണ്ണൂരിനടുത്ത ഏതോ ഒരു കുഗ്രാമത്തിന്റെ ചരിത്രം കൂടിയാവുന്നത് അങ്ങനെയാണ്.ചിരട്ടക്കയിലുകളും  മൊളേരിപ്പായസവും തെരട്ടിപ്പാലും തൃക്കാക്കരയപ്പനും  ബ്രഹ്മരക്ഷസുമെല്ലാം ഇന്ന് ചരിത്രത്തിന്റെ ഏടുകളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുകയാണല്ലൊ. പത്ത് മുപ്പതു വർഷങ്ങൾക്കു മുമ്പേ തന്നെ തുള്ളിനനയും മാലിന്യസംസ്ക്കരണവും സ്ത്രീശാക്തീകരണവുമെല്ലാം പ്രാവർത്തികമാക്കാൻ ശ്രമിച്ചിരുന്ന വെപ്പുകാരൻ നായരെ അന്നത്തെ സമൂഹം ‘തീട്ടമ്പ്‌രാൻ നായരായി’ പരിഹസിച്ചു തള്ളിയതും ഇതേ ചരിത്രത്തിൽ കണ്ടെടുക്കാമെന്നത് കൗതുകമുണർത്തുന്ന വസ്തുതതയാണ്. ഏതാനും ദിവസത്തെ ദാമ്പത്യത്തിനു ശേഷം  ഉപേക്ഷിക്കപ്പെട്ട പന്ത്രണ്ടുവയസ്സുകാരിക്ക് ഭർതൃപിതാവ് സ്വത്ത് ഭാഗം വെച്ചു നൽകുന്നതും അത് കൈപ്പറ്റിയ അവളുടെ സ്വന്തം പിതാവ്  അവളുടെ സഹോദരന്മാരുടെ സുഖസൗകര്യങ്ങൾക്കു വേണ്ടി അത് കൈമാറുന്നതും  മറ്റൊരു കൗതുകകാഴ്ച്ചയാണല്ലോ.  അതേ സമയം തന്നെ, ഇന്നിന്റെ ചരിത്രവും പരിസരവും ഇന്നലെകളോട് താരതമ്യം ചെയ്യുക ഒരു  ഓർമ്മക്കുറിപ്പിൽ അനാവശ്യമാണ് എന്നാണ് എന്റെ പക്ഷം. വായനയോടൊപ്പമോ ശേഷമോ വായനക്കാരന്റെ മനസ്സിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയയാണത്. അതുകൊണ്ടു തന്നെ, ‘ഒരു പൊണ്ണുണ്ടോടീ വക്കീല്..ഒരു പൊണ്ണുണ്ടോടീ ജഡ്ജി? ഒരു പൊണ്ണുണ്ടോടി..’ എന്ന അദ്ധ്യായത്തിൽ   ഇന്നത്തെ സ്ഥിതിവിവരക്കണക്കുകൾ വെച്ച് സ്ത്രീജീവിതത്തെ താരതമ്യപ്പെടുത്തുന്നത് അനുചിതമായി തോന്നി.

അവതാരികയിൽ പി ഇ ഉഷ പറയുന്നതു പോലെ, തെളിമയും ഒഴുക്കുമുള്ള ശൈലിയാണ് എച്ച്മുക്കുട്ടിയുടേത്. സംസാരഭാഷയുടെ ലാളിത്യമാണ് പുസ്തകത്തിൽ ഉടനീളം കാണാനാവുക.  അതിനൊപ്പം ബാല്യത്തിന്റെ  നൈർമ്മല്യം കൂടി കലരുമ്പോൾ, പുസ്തകം കൈയ്യിലെടുത്താൽ അവസാനം വരെ ഒറ്റയിരുപ്പിൽ  വായിക്കാൻ തക്ക ആകർഷണശക്തിയുള്ളതാവുന്നു അമ്മീമ്മക്കഥകൾ. തളിപ്പറമ്പ സി എൽ എസ് ബുക്സ്  പ്രസിദ്ധീകരിച്ച  ഈ പുസ്തകത്തിനു 90 രൂപയാണ് വില. പേജ് 104. പ്രസാധകരിൽ നിന്നു തപാൽ വഴിയും ഇന്ദുലേഖ ഓൺലൈൻ പോർട്ടൽ വഴിയും പുസ്തകം ലഭ്യമാണ്. ഇതുകൂടാതെ തൃശ്ശൂരിലും തിരുവനന്തപുരത്തും  നേരിട്ടുവാങ്ങാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.

Friday, February 21, 2014

പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ

  പുസ്തകം  പ്രസിദ്ധീകരിക്കുമ്പോൾ



. പേരെടുക്കാത്ത മിക്കവാറും എല്ലാ എഴുത്തുക്കാരും ( ബ്ലോഗിൽ ഉള്ളവരായാലും ഇല്ലാത്തവരായാലും ) സ്വന്തം കൈയ്യിൽ നിന്ന് പൈസ മുടക്കി തന്നെയാണ് പുസ്തകങ്ങൾ ഇറക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ( ചിലവ് ഒരു സഹൃദയൻ വഹിച്ചു എന്നതൊഴിച്ച്, എന്റെ അനുഭവവും ഇതു തന്നെ )  പുതുമുഖങ്ങളുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുമ്പോൾ, പ്രമുഖ പ്രസാധകർ പോലും റോയൽട്ടി നൽകാറില്ല എന്നും കേട്ടിട്ടുണ്ട്. പ്രസിദ്ധരായ എഴുത്തുകാർക്ക് മാത്രമെ റോയൽട്ടി ലഭിക്കാറുള്ളു. പറഞ്ഞിരിക്കുന്നതിലും പതിന്മടങ്ങ് കോപ്പികൾ അച്ചടിച്ചും പതിപ്പുകൾ തന്നെ ഇറക്കിയും അവരെയും പ്രസാധകർ പറ്റിക്കാറുണ്ട് എന്ന് കേൾക്കുന്നു. എഴുത്തുകാരൻ ചോദിക്കേണ്ട പോലെ ചോദിച്ചപ്പോൾ ( എന്നു പറഞ്ഞാൽ കുറച്ച് ഗുണ്ടായിസം കാണിച്ച് വിരട്ടിയപ്പോൾ ) വിറ്റു പോയ കോപ്പികളുടെ എണ്ണം കൃത്യമായി പറഞ്ഞ് അതിനനുസരിച്ച് റോയൽട്ടി കൂടുതൽ കൊടുത്ത പ്രസാധകർ പോലും ഉണ്ടത്രെ. ഇതുകൊണ്ടൊക്കെ തന്നെ, സ്വന്തം കൈയ്യിൽ നിന്ന് പൈസ മുടക്കി പുസ്തകം അച്ചടിച്ചിറക്കുന്നത്  ഒരപരാധമായി കാണുന്നില്ല.

അതേസമയം, ഇപ്പോഴും തങ്ങൾ തന്നെ പൈസ കൊടുത്താണ് പുസ്തകം ഇറക്കിയത് എന്നു പറയാൻ എല്ലാവരും മടിക്കുന്നു. ഈ മടി കാണിക്കുന്നിടത്താണ്, എഴുത്തുകാർക്കിടയിൽ പരസ്പരവിനിമയം ഇല്ലാത്തിടത്താണ് പ്രസാധകർക്ക് അവരെ ചൂഷണം ചെയ്യാനാവുന്നത്. പല പ്രസാധകരും പല തരം വ്യവസ്ഥകളാണ് പുസ്തകപ്രസിദ്ധീകരണത്തിനു മുന്നോട്ടു വെക്കുന്നത്. മാർക്കറ്റിങ്ങ് സംവിധാനങ്ങൾ, ബുക്സ്റ്റാളുകൾ, പ്രസിദ്ധി, എന്നിവയൊക്കെ അനുസരിച്ച് മുൻപന്തിയിലുള്ള പ്രസാധകർ കൂടുതൽ നിബന്ധനകൾ വച്ചാലും അതിനു ഒരു പരിധി വരെ ന്യായീകരണമുണ്ട്. ( അപ്പോഴും എഴുത്തുകാരൻ ചൂഷണം ചെയ്യപ്പെടുകയാണ് എന്നതിൽ തർക്കമൊന്നുമില്ല. കാരണം, വിറ്റു പോകും എന്ന് ഉറപ്പുള്ള, മിനിമം നിലവാരമുള്ള പുസ്തകങ്ങളേ അവർ പ്രസിദ്ധീകരിക്കാറുള്ളൂ ).

കവർ, ഇല്ലസ്റ്റ്രേഷൻ ഉൾപ്പെടെ ഒരു പേജിന് എഴുപത് പൈസ മുതൽ ഒന്നൊര രൂപ വരെ എന്ന നിരക്കിലാണ് പുസ്തകങ്ങളുടെ ഏകദേശ വില്പന വില നിശ്ചയിക്കപ്പെടുന്നത്. മിക്ക പ്രസാധകരും ആദ്യ എഡിഷനിൽ തന്നെ 1000 പുസ്തകങ്ങൾ അച്ചടിക്കും ( എഴുത്തുകാരനെ വഞ്ചിക്കുന്ന പ്രസാധകർ ഇതിൽ കുറവോ കൂടുതലോ അച്ചടിച്ചിട്ടുണ്ടാവും ). അച്ചടി ചിലവ് അനുസരിച്ച് , എഴുത്തുകാരനിൽ നിന്ന് 20000 മുതൽ 35000 വരെ ചില പ്രസാധകർ വാങ്ങുന്നു ( ( 75 - 150 വരെ പേജുകൾ ) പേജുകൾ കൂടുമ്പോൾ ആനുപാതികമായി നിരക്ക് കുറയാനാണ് സാധ്യത. എന്നിട്ട് ഈ തുകയ്ക്കുള്ള പുസ്തകങ്ങൾ എഴുത്തുകാരന് തിരികെ നൽകുന്നു. (ചിലർ അതിലും കുറവോ കൂടുതലോ നൽകിയെന്നും വരാം ). അത്രയും പുസ്തകങ്ങൾ വിറ്റു തീർത്താൽ എഴുത്തുകാരന് തന്റെ മുടക്കുമുതൽ തിരികെ ലഭിക്കുന്നു.  ( വ്യത്യസ്തരായ എഴുത്തുകാരുടെ  സമാഹാരങ്ങളാണെങ്കിൽ, മുടക്കുമുതലും പുസ്തകവും ആ എഴുത്തുകാർക്ക് പങ്കിട്ടെടുക്കാം. പങ്കിട്ട് മുടക്കുന്നതുകൊണ്ട്, ഒരാളെ സംബന്ധിച്ച് മുടക്കുമുതൽ കുറവായിരിക്കും എന്ന മെച്ചവുമുണ്ട് ).  ഇങ്ങനെ  എഴുത്തുകാരനു പുസ്തകം നൽകാതെ, പുസ്തകത്തിന്റെ വില്പന അനുസരിച്ച് നിശ്ചിത ശതമാനം ( 40 - 60 % ) കമ്മീഷൻ നൽകാം എന്ന വ്യവസ്ഥ മുന്നോട്ടു വെക്കുന്ന  പ്രസാധകരും ഉണ്ട്.

  പ്രസാധകരെ സംബന്ധിച്ചിടത്തോളം അവരുടെ കൈയ്യിലുള്ള പുസ്തകങ്ങൾ  വിറ്റു പോകുന്തോറും  ലാഭം വർദ്ധിക്കുകയാണ് എന്നുള്ളതുകൊണ്ട്, പുസ്തകങ്ങൾ പരമാവധി വിൽക്കാൻ തന്നെയായിരിക്കും  ഈ രംഗത്ത് നിലനില്പാഗ്രഹിക്കുന്ന പ്രസാധകരൊക്കെ ചെയ്യുക.   എന്നു വെച്ച് പുസ്തകങ്ങൾ ചറപറാ വിറ്റു പോകും എന്നൊന്നും കണക്കാക്കരുത്. ഒരു പുസ്തകമേളയിൽ നിന്നോ ബുക്സ്റ്റാളിൽ നിന്നോ, അപരിചിതരോ അപ്രശസ്തരോ ആയ എത്ര എഴുത്തുകാരുടെ പുസ്തകം നാം വാങ്ങാറുണ്ട് എന്നാലോചിച്ചു നോക്കുക. എന്തിന്,   നിങ്ങളുടെ സുഹൃത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു എന്നു കേട്ടാൽ നിങ്ങളിൽ എത്ര പേർ തന്നെ  അത് വില കൊടുത്തു വാങ്ങാൻ തയ്യാറാവും ? ' എല്ലാവരും എന്റെ  സൃഷ്ടിക്ക് കമന്റ് ചെയ്യണം, എന്നാൽ പിന്നെയുള്ളവരുടെ സൃഷ്ടികൾ വായിക്കുകയും കമന്റ് ചെയ്യുകയും ചെയ്യുന്നത് മെനക്കെട്ട പണിയാണ്' എന്ന ബ്ലോഗർമാരുടെ മനോഭാവം തന്നെയാണ്  ബ്ലോഗർമാരുടെ പുസ്തകങ്ങൾ വാങ്ങുന്നതിലും മറ്റു ബ്ലോഗർമാർക്ക് കണ്ടു  വരുന്നത്. ഇതു കൊണ്ടൊക്കെ തന്നെ, സ്റ്റോക്ക് ഉള്ള പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റഴിച്ച് പ്രസാധകർ ലക്ഷാധിപതികളാവും എന്ന കണക്കുക്കൂട്ടൽ യുക്തിക്ക് നിരക്കുന്നതല്ല. എന്നാലും വിറ്റു പോയാൽ, 'പ്രശസ്തി' എഴുത്തുകാരനും പണം പ്രസാധകനും തന്നെ.

ഇനി  മറ്റൊരു കൂട്ടരുണ്ട് -  പുസ്തകങ്ങൾ  ഒട്ടും വിപണനം ചെയ്യാത്ത,  അപ്രശസ്തരായ പ്രസാധകർ. സൃഷ്ടികളുടെ നിലവാരത്തെക്കാളുപരി, തന്റെ സൃഷ്ടി അച്ചടിക്കപ്പെടണം എന്ന എഴുത്തുകാരന്റെ ആഗ്രഹത്തിനാണ് ഇവർ പ്രാധാന്യം നൽകുന്നത്. അച്ചടിചിലവ് മുൻകൂർ വാങ്ങിയ ശേഷം, അടിക്കുന്ന കോപ്പികൾ ഏകദേശം മുഴുവനായും ( 1000 കോപ്പിയിൽ 700 - 900 എണ്ണം വരെ )  എഴുത്തുകാർക്ക് തന്നെ തിരികെ നൽകുന്നതോടെ ഇവർക്ക് എഴുത്തുകാരനോടുള്ള ബാധ്യത  അവസാനിക്കുന്നു. പിന്നെ പുസ്തകങ്ങൾ വിപണനം ചെയ്യാനുള്ള ഉത്തരവാദിത്തം പൂർണ്ണമായും എഴുത്തുകാരനു തന്നെയാണ് . തന്റെ സൃഷ്ടി പ്രസിദ്ധീകരിക്കണം എന്നൊരാൾ ആഗ്രഹിക്കുന്നതോ അത് പരിഗണിക്കുന്ന പ്രസാധകരുണ്ടാവുന്നതിലോ തെറ്റൊന്നുമില്ല. വിപണന സാധ്യത വളരെ കുറവുള്ള പുസ്തകങ്ങൾ അച്ചടിക്കുമ്പോൾ, ചുരുങ്ങിയത് അതിന്റെ മുതൽമുടക്കും ന്യായമായ ലാഭവും അത്തരം പ്രസാധകർ വാങ്ങുന്നതും തെറ്റല്ല. അല്ലെങ്കിൽ അവർക്ക് നില നിൽപ്പുണ്ടാവില്ലല്ലോ. പക്ഷേ, എഴുത്തുകാരന്റെ ആ ആഗ്രഹത്തെ ചൂഷണം ചെയ്ത് പണമുണ്ടാക്കാൻ ശ്രമിക്കുന്ന പ്രസാധകരുണ്ടാവുക നന്നല്ല. അവരെക്കാളുപരി, തനിക്ക് അത്രയും പുസ്തങ്ങൾ വിപണനം ചെയ്യാൻ കഴിയുമോ, ഇല്ലെങ്കിൽ മറ്റൊന്തൊക്കെ വിപണനരീതികൾക്ക് സാദ്ധ്യതയുണ്ട്,  എന്നൊന്നും  ചിന്തിക്കാതെ, അത്തരം പ്രസാധകർ ആവശ്യപ്പെടുന്ന തുക ആരോരുമറിയാതെ എണ്ണികൊടുക്കുന്ന എഴുത്തുകാരെയാണ് ഇവിടെ കൂടുതൽ കുറ്റപ്പെടുത്തേണ്ടത് . തന്റെ സൃഷ്ടിയുൾപ്പെടുന്ന ഒരു കഥാസമാഹരത്തിലോ കവിതാ സമാഹാരത്തിലോ ഒക്കെ മറ്റുള്ള എഴുത്തുകാരുടെ ഏതൊക്കെ കഥകളാണ്, കവിതകളാണ് പ്രസിദ്ധീകരിക്കുന്നത് എന്നൊന്നും അന്വേഷിക്കാതെ അതിലേക്ക് മുതൽമുടക്കുന്നതും ഇത്തരം  അലം‌ഭാവത്തിന്റെ ലക്ഷണമാണ്.

സൃഷ്ടിയും പ്രസിദ്ധീകരിക്കാനുള്ള പണവും ആവശ്യപ്പെട്ട് പ്രസാധകർ ഇങ്ങോട്ടു സമീപിക്കുന്നതിനു മുൻപ് സൃഷ്ടികൾ പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്നവരുടെ ഒരു കൂട്ടായ്മയുണ്ടാക്കി, ആ കൂട്ടായ്മ വഴി സൃഷ്ടികൾ തീരുമാനിച്ച്, ഒത്തൊരുമയോടെ പ്രസാധകരെ സമീപിച്ച്, അവരിൽ തന്നെ ഏറ്റവും ഗുണകരമായ, സ്വീകാര്യമായ വ്യവസ്ഥകൾ മുന്നോട്ടു വെക്കുന്നവരെ പരിഗണിക്കുന്നത് ഇത്തരം ചൂഷണങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ബ്ലോഗേഴ്സ് ഗ്രൂപ്പുകൾക്കും കഥാ ഗ്രൂപ്പുകൾക്കും കവിതാ ഗ്രൂപ്പുകൾക്കും എല്ലാം ഇതിൽ മുൻകൈയ്യെടുക്കാൻ കഴിയും.

ഇനി വിപണനത്തിന്റെ മേഖലയിലേക്ക് വരാം. ബുക്സ്റ്റാളുകൾ അന്യപ്രസാധകരിൽ നിന്ന് 60 % മുതൽ താഴോട്ട് കമ്മീഷൻ വാങ്ങുന്നുണ്ട് എന്നാണറിവ്.  പേരെടുത്ത ബുക്സ്റ്റാളുകളേക്കാൾ, ചെറിയ ബുക്സ്റ്റാളുകൾക്ക് നൽകേണ്ട കമ്മീഷൻ കുറവായിരിക്കും. സ്വന്തമായി  പുസ്തകം വിപണനം ചെയ്യാനുദ്ദേശിക്കുന്നവർ നല്ലൊരന്വേഷണം ഈ മേഖലയിലും നടത്തേണ്ടതുണ്ട്.

പ്രസാധനത്തിലെന്ന പോലെ, വിപണനത്തിലും ബ്ലോഗർമാരുടെ ക്രിയാത്മക ഇടപെടലുണ്ടായാൽ പുസ്തകങ്ങൾ എളുപ്പത്തിൽ വിറ്റു തീർക്കാൻ കഴിയും. അതിനേറ്റവും വേണ്ടത്, പുസ്തകങ്ങൾ വാങ്ങാനുള്ള  മനസ്സു തന്നെയാണ്. ഇതു കൂടാതെ, നഗരകേന്ദ്രങ്ങളിലും മറ്റുമുള്ള  സുഹൃത്തുക്കളുടെ വ്യാപാരസ്ഥാപനങ്ങളും കഫേകളുമൊക്കെ  ഇതിനായി ഉപയോഗപ്പെടുത്താമോയെന്നുള്ളതും പരിശോധിക്കണം .(  അത്തരം ഒരു ശ്രമം ഇതാ >> ജോർജ്ജേട്ടന്റെ പെട്ടിക്കട. താല്പര്യമുള്ളവർക്ക് സഹകരിക്കാം. )

അക്ഷരങ്ങളിൽ മഷി പടർത്താനുള്ള തീരുമാനം നല്ലപോലെ ആലോചിച്ചു മാത്രം എടുക്കുക. മാർക്കറ്റിങ്ങ്  ഉദ്ദേശിച്ചിട്ടില്ലെങ്കിൽ അതിനനുസരിച്ച് കുറച്ച് കോപ്പികൾ മാത്രം പ്രിന്റ് ചെയ്യിക്കുക.  പൊടിപിടിച്ചു കിടക്കുന്ന പുസ്തകകെട്ടുകൾ കൊണ്ട്, ആക്രിക്കാർക്കല്ലാതെ ആർക്കും പ്രയോജനമുണ്ടാവില്ല എന്നുള്ളത്  ഓർമ്മയിൽ വെക്കുക.