Wednesday, December 23, 2015

പർദ്ദയും എന്റെ അസ്വസ്ഥതയും.


രണ്ട് മുസ്ലീം പള്ളികളും   ഏകദേശം അമ്പതോളം (?)  മുസ്ലീം കുടുംബങ്ങളും ( ജനസംഖ്യാപ്രാതിനിധ്യം 10 – 25 % വരുമായിരിക്കും. )  സ്ഥിതി ചെയ്യുന്ന ഒരു  ഹിന്ദു ഭൂരിപക്ഷപ്രദേശമാണ് എന്റെ ഗ്രാമം. പള്ളികൾക്കടുത്ത് മുസ്ലീം സാന്ദ്രത കൂടുതലുണ്ട്. മറ്റുള്ള കുടുംബങ്ങൾ പലയിടത്തായി ചിതറി സ്ഥിതി ചെയ്യുന്നു.  നാലഞ്ചു വർഷം മുമ്പു വരെ പർദ്ദയണിഞ്ഞ മുസ്ലീം സ്ത്രീകളെ ഞങ്ങളുടെ നാട്ടിൽ കാണാനാവുമായിരുന്നില്ല. അവരൊക്കെ സാരിയും മാക്സിയും ചുരിദാറുമൊക്കെയാണ് ധരിച്ചിരുന്നത്. പ്രായമായവർ കൈത്തണ്ടവരെയെത്തുന്ന ഒരു തരം ജാക്കറ്റ് ( മാച്ചിയെന്നോ മറ്റോ ആണെന്നു തോന്നുന്നു പേര് )  മിക്കവരും  തട്ടം ധരിക്കുകയോ സാരിത്തലപ്പ് തല വഴി മൂടുകയോ ഒക്കെ ചെയ്തിരുന്നു.

ഇപ്പോൾ   നാട്ടിൽ ചില മുസ്ലീം സ്ത്രീകൾ ( ഒരു ന്യൂനപക്ഷം മാത്രം ) പർദ്ദ ധരിച്ചു കാണുമ്പോൾ , വ്യക്തിപരമായി അവർക്കതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് യാതൊരു സംശയത്തിനുമിടയില്ലാതെ  അംഗീകരിക്കുമ്പോഴും എനിക്കുണ്ടാകുന്ന അസ്വസ്ഥത എന്തുകൊണ്ടാണ് എന്ന അന്വേഷണമാണ്  ഈ കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.

1. പർദ്ദ ധരിക്കുന്നത്  വളരെ പ്രകടമായ ഒരു മതാഭിമുഖ്യമായാണ് തോന്നാറ്. ( ഇതേ  പ്രകടനാത്മകതകൾ ഇതര മതവിഭാഗങ്ങളിലും ശക്തമാവുന്നതായി ബോധ്യമുണ്ട്. അതേ കുറിച്ച് പിന്നെ പറയാം )  ഇതുവരെയില്ലാതിരുന്നത്  എന്തിന് പുതുതായി  തുടങ്ങണം, അതിനു മാത്രം  ഞങ്ങളുടെ നാട്ടിലും ഇസ്ലാമിലും  എന്താണു പുതുതായി  സംഭവിച്ചത് എന്ന  ചോദ്യം മനസ്സിലുയരുന്നു. അത് തങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വബോധം നൽകുന്നു എന്ന് ചില പർദ്ദധാരിണികൾ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകേൾക്കുന്നതോടെ  കുറ്റബോധമോ പ്രതിഷേധമോ ഒക്കെയടങ്ങിയ ഒരു വികാരം മനസ്സിലുയരും. – ഞാനടക്കമുള്ള  നാട്ടിലെ  അന്യമത പുരുഷന്മാർ  നിങ്ങൾക്കു മാത്രം അരക്ഷിതത്വബോധം ഉണ്ടാവുന്ന രീതിയിൽ ഒന്നും പെരുമാറിയിട്ടില്ലല്ലോ എന്ന ചോദ്യവും.( നാട്ടിലെ പുരുഷന്മാരെല്ലാം മര്യാദാരാമന്മാരാണ് എന്ന അഭിപ്രായം ഇല്ല എന്നുകൂടി പറയട്ടെ. പക്ഷേ മുസ്ലീം സ്ത്രീകളെ മാത്രം തിരഞ്ഞു പിടിച്ച് അസഭ്യം പറയുകയോ ഉപദ്രവിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർ ഇല്ലെന്നു തന്നെ പറയാം)  ഇടയിൽ മതിലുകളില്ലാത്ത, പരസ്പരം സ്നേഹബന്ധങ്ങൾ പുലർത്തുന്ന  രണ്ടു  വീടുകൾക്കിടയിൽ , നാട്ടിൽ മോഷണം പെരുകുകയാണ് എന്ന കാരണം നിരത്തി ഒരു വീട്ടുകാർ പൊടുന്നന്നെ ഒരു മതിൽ പണിതുയർത്തുമ്പോൾ മറ്റേ വീട്ടുകാർക്കുണ്ടാവുന്ന ഒരുതരം അസ്വസ്ഥതയുണ്ടല്ലോ –  മൊത്തത്തിൽ ഈ വികാരത്തെ അതിനോടു താരതമ്യപ്പെടുത്താം.

2. ‘പർദ്ദയാണ് ഏറ്റവും സുരക്ഷിതമായ വസ്ത്രം – അത് ധരിക്കുമ്പോഴാണ്   കാണുന്ന പുരുഷനു കാമചോദനയുണ്ടാവാത്തതും ശല്യം ചെയ്യാത്തതും ’ എന്ന വാദം പരോക്ഷമായി,  എല്ലാ പുരുഷന്മാരെയും അത് ധരിക്കാത്ത സ്ത്രീകളെയും അവഹേളിക്കുന്നണ്ട് -  പർദ്ദയില്ലാത്ത സ്ത്രീകളെ കാണുമ്പോഴെല്ലാം വികാരം നിയന്ത്രിക്കാൻ കഴിയാത്ത നികൃഷ്ടരാണ് പുരുഷന്മാർ എന്നും അതറിഞ്ഞിട്ടും മനപ്പൂർവ്വം  അവനു കാമചോദനയുണ്ടാക്കാൻ വേണ്ടി പർദ്ദ ധരിക്കാതെ നടക്കുന്നവരാണ് അന്യസ്ത്രീകൾ എന്നുമാണല്ലോ ആ വാദത്തിന്റെ പരോക്ഷ സൂചന. അതുകൊണ്ടു തന്നെ പർദ്ദാവാദികൾ ‘എനിക്കതാണിഷ്ടം. എനിക്കതിനുള്ള അവകാശമുണ്ടല്ലോ’ എന്നു മാത്രമാണ് അഭിപ്രായപ്പെടേണ്ടത് എന്നു ചിന്തിക്കുന്നു.


3. ഇതു പോലെ തന്നെയാണ് മുഖം മറച്ച് സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നതും. അത് മറ്റുള്ള മനുഷ്യരുടെ, അന്യരെ തിരിച്ചറിയുക എന്ന അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ്. അതൊരു മനുഷ്യാവകാശമായി തോന്നാത്തവരുണ്ടെങ്കിൽ അവർക്കത് തോന്നാത്തത്, എല്ലാവരും മുഖം മറച്ചു നടന്ന് സ്വസ്ഥമായി ജീവിക്കുന്ന ഒരു സമൂഹം ലോകത്തെവിടെയുമില്ലാത്തതുകൊണ്ടാണ്; അങ്ങനെ ഒരു സമൂഹത്തിൽ ജീവിച്ച് അനുഭവമോ അങ്ങനെ ഒരു സങ്കല്പമോ പോലും ബുദ്ധിയിൽ ഇല്ലാത്തതുകൊണ്ടാണ്.

4. പർദ്ദ, പൊടിക്കാറ്റും ചൂടും തണുപ്പുമെല്ലാം അനുഭവപ്പെടുന്ന സ്ഥലത്തിനു മാത്രം അനുയോജ്യമാണ്, മറ്റൊരിടത്തും വേണ്ടതല്ല എന്നൊരു വാദം  ആദ്യകാലത്ത് മനസ്സിലുണ്ടായിരുന്നു. പക്ഷേ അത് അടിസ്ഥാനമില്ലാത്തതാണ് എന്നു തിരിച്ചറിയുന്നു. അങ്ങനെയാണെങ്കിൽ പാന്റും ഷർട്ടും ചുരിദാറും  നൈറ്റിയും സാരിയുമൊക്കെ കേരളത്തിനു അനുയോജ്യമായ വസ്ത്രമല്ലല്ലോ. എന്നിട്ടും കാലക്രമേണ കേരള സമൂഹം അത് സ്വീകരിച്ചു. ഇവയൊക്കെ പ്രചാരമായി വന്നിരുന്ന കാലത്ത് ജാതിമതഭേദമന്യേ യാഥാസ്ഥിതകരുടെ  എതിർപ്പ് നേരിട്ടിട്ടുമുണ്ട്.  ഒരു പക്ഷേ പർദ്ദയും സ്വീകരിക്കപ്പെട്ടേക്കാം. പർദ്ദാധാരിണികളെ കുട്ടിക്കാലം തൊട്ടേ പരിചയമുള്ളവർക്ക് അത് അസ്വാഭാവികമായി അനുഭവപ്പെടുന്നുണ്ടാവില്ലായിരിക്കും.   ഒരിക്കൽ, ജാതിമതഭേദമന്യേ സ്വീകരിക്കപ്പെടുന്ന സ്വാഭാവിക വസ്ത്രമായി  മാറിയേക്കാം. അന്നും  മതത്തിന്റെ  മതിലുകൾക്ക് മീതെ  സ്നേഹം പങ്കു വെക്കുന്നത്  മനുഷ്യർ തുടരുകയും ചെയ്തേക്കാം. പക്ഷേ എന്റെ  അസ്വസ്ഥത മാറുന്നില്ല. നാളെ എന്നെ  കാണുമ്പോൾ, എന്റെ സുഹൃത്തിന്റെ ഉമ്മ തല വഴി തട്ടം വലിച്ചിട്ടേക്കുമോ എന്ന  ഭയം തിരി നീട്ടുന്നു - എന്റെ അമ്മയും അവന്റെ ഉമ്മയും ഞങ്ങൾക്ക് അമ്മമാരാണല്ലോ എന്നുള്ളതുകൊണ്ട്.

Wednesday, December 16, 2015

എന്തുകൊണ്ട് യുക്തിവാദപോസ്റ്റുകളധികവും ഇസ്ലാമിനെതിരാകുന്നു ?


1.. ജബ്ബാർ മാഷിനെ പോലുള്ളവർ കൂടുതൽ ശക്തമായി ഇസ്ലാമിനെ വിമർശിക്കുന്നത്, അദ്ദേഹം ഒരു ഇസ്ലാം ഭൂരിപക്ഷപ്രദേശത്തു നിന്നുള്ള ആളായതുകൊണ്ടായിരിക്കണം. കുട്ടിക്കാലം തൊട്ടേ ആ മതത്തിലുള്ള ആചാരങ്ങളേയും വിശ്വാസങ്ങളേയുമെല്ലായിരിക്കും അദ്ദേഹം പരിചയപ്പെട്ടിരിക്കുക. സ്വാഭാവീകമായും, യുക്തിബോധം ശക്തിപ്പെടുന്നതിനനുസരിച്ച് ഏറ്റവുമധികം സന്ദേഹിക്കുകയും ചോദ്യം ചെയ്യുകയും അത്തരം ആചാരങ്ങളേയും വിശ്വാസങ്ങളേയുമാവുന്നു. ഹിന്ദു ഭൂരിപക്ഷപ്രദേശത്ത് ( ഹിന്ദു മതാചാരങ്ങൾ വളരെ കൂടുതലായിടത്ത് ) നിന്നു യുക്തിചിന്ത രൂപപ്പെടുന്ന ഒരു യുക്തിവാദി, ഹിന്ദു മതത്തിലെ വിശ്വാസങ്ങളെയായിരിക്കും ഏറ്റവും ശക്തമായി ചോദ്യം ചെയ്യാൻ സാധ്യത. ഇനി ഓൺലൈൻ മലയാളിലോകം ശ്രദ്ധിക്കുക. മുസ്ലീങ്ങൾക്കും ഇസ്ലാം ഭൂരിപക്ഷഗ്രൂപ്പുകൾക്കും ഫേസ്ബുക്കിലും വാട്ട്സാപ്പിലുമെല്ലാം നല്ല പ്രാതിനിധ്യമുണ്ട്. സ്വാഭാവികമായും ഇസ്ലാം വിരുദ്ധമായ പോസ്റ്റുകൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്നു.

2 മുസ്ലീങ്ങൾക്ക് .മതവിദ്യാഭ്യാസവും മതബോധവും നല്ല പോലെ ലഭിക്കുന്നു. ആരാധിക്കേണ്ടതും നിഷേധിക്കേണ്ടതും തൊട്ട്, ഉണ്ണുന്നതും ഉടുക്കുന്നതും വരെ സകല കാര്യങ്ങളിലും ഇസ്ലാമിൽ നിർദ്ദേശങ്ങളുണ്ട്. ( അഥവാ ഇല്ലെങ്കിലും, ഉണ്ടെന്ന് അവരിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നു. ), ഇതെല്ലാം മുസ്ലീങ്ങളിൽ ശക്തമായ മതാഭിമുഖ്യം സൃഷ്ടിക്കുന്നു. അതുകൊണ്ട്, എന്തു വിഷയങ്ങളിലും മറ്റൊരു വിശ്വാസം അവതരിപ്പിക്കുന്നത് ഇസ്ലാമിക വിരുദ്ധമാവുന്നു, മതത്തെ ചോദ്യം ചെയ്യുന്നതിനോട് അവരുടെ എതിർപ്പും ശക്തമാവുന്നു. കൃസ്ത്യാനികൾക്ക് മേല്പറഞ്ഞ മതവിഭ്യാഭ്യാസവും മതബോധവുമുണ്ടെങ്കിലും , ദേഹത്തു തൊട്ടുള്ള 'കളി'കൾക്ക് അവർ തയ്യാറാവില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, തന്റെ മതവും, അതിനെ അക്രമിക്കുന്നവനുംനേർക്കുനേരെ വന്നാൽ, നിശബ്ദമായി 'തടി കഴിച്ചിലാക്കാനുള്ള' ബുദ്ധി അവർക്കുണ്ട്. അതിനുള്ള സഹിഷ്ണുത കൂടി അവരുടെ മതവിദ്യാഭ്യാസത്തിന്റെയും വിശ്വാസിജീവിതത്തിന്റേയും ഭാഗമായി ലഭിക്കുന്നുണ്ടെന്നാണതിൽ നിന്നു മനസ്സിലാക്കേണ്ടത്. അതുകൊണ്ടു തന്നെ ക്രിസ്തുമതത്തിനെതിരായ പോസ്റ്റുകളും ഓൺലൈൻ ലോകത്ത് കുറവാണ്.

3. ഹിന്ദുക്കൾക്ക് ഇത്തരത്തിലുള്ള മതവിദ്യാഭ്യാസമോ മതബോധമോ പകരാനുള്ള സംവിധാനങ്ങളില്ല. അവനു മതബോധം പകരുന്നത് കുടുംബവും സമൂഹവുമാണ്. ക്ഷേത്രത്തീൽ പോകണം, ചില ആചാരങ്ങളൊക്കെ അനുഷ്ഠിക്കണം എന്നതിനപ്പുറം വലിയ മതാഭിമുഖ്യമൊന്നും അവനിൽ സന്നിവേശിപ്പിക്കപ്പെടുന്നില്ല. അത്തരം പരിമിതമായ വിഷയങ്ങളിലുള്ള ചോദ്യം ചെയ്യലുകളോ പരിഹാസങ്ങളോ ഇല്ലാതെ അവന്റെ രക്തം തിളക്കാറുമില്ല. ജാതിബോധവും അതനുസരിച്ചുള്ള വിവിധ ആചാരങ്ങളും വിവേചനങ്ങളുമെല്ലാം അവരുടെ വിശ്വാസം നാനാത്വത്തിൽ നിലനിർത്തുന്ന മറ്റൊരു ഘടകമാക്കുന്നു. മാത്രമല്ല, സമൂഹത്തിന്റെ പുരോഗമനാത്മകതയനുസരിച്ച് മതബോധത്തോടുള്ള ആഭിമുഖ്യം കുറഞ്ഞു വരികയും ചെയ്യും. ഇതുകൊണ്ടെല്ലാം, യുക്തിവാദത്തോട് വളരെയധികം എതിർപ്പ് ഹിന്ദുക്കളിൽ നിന്ന് ഉണ്ടാവുന്നില്ല. എതിർപ്പുകളില്ലാത്തതുകൊണ്ട്, ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും അധികം പ്രത്യക്ഷപ്പെടുന്നില്ല. പക്ഷേ എതിർപ്പുകൾ സൃഷ്ടിക്കാനും ശക്തിപകരാനും സംഘപരിവാർ ശ്രമിക്കുകയും കേരളത്തിന്റെ ഇടതുപക്ഷവും വലതുപക്ഷവും അത് ചെറുക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട്, ഇപ്പോൾ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. എങ്കിൽ പോലും അത് ഇസ്ലാം വിശ്വാസികളിൽ നിന്നുള്ളത്ര ശക്തമല്ല

Saturday, December 12, 2015

യുക്തിവാദിയുടെ സങ്കടങ്ങൾ - 2.

യുക്തിവാദികൾ ഈ പ്രപഞ്ചത്തിലുള്ള എന്തിനെ കുറിച്ചും - തന്നെ കുറിച്ചും മറ്റുള്ള മനുഷ്യരുടെ വിശ്വാസത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചും എല്ലാം ചിന്തിക്കാറുണ്ട്. യുക്തിയുടെയും ശാസ്ത്രത്തിന്റെയും പിൻബലത്തോടെ കാര്യങ്ങൾ കാണാനും തീരുമാനിക്കാറുമാണ് അവർ ശ്രമിക്കാറുള്ളതെന്ന് മാത്രം.( യുക്തിവാദികളല്ലെങ്കിലും, മിക്കവാറും എല്ലാ മനുഷ്യരും തങ്ങളുടെ തീരുമാനങ്ങൾക്ക് പിന്നിൽ എന്തെങ്കിലും 'യുക്തി' ചൂണ്ടിക്കാട്ടാറുണ്ട്. ശാസ്ത്രത്തിന്റെ പിന്തുണയില്ലാത്തവയാണെങ്കിൽ, പുരോഗമനസമൂഹങ്ങൾ അതംഗീകരിക്കാറില്ലെന്ന് മാത്രം. )

അതേ സമയം, സ്നേഹം,വാത്സല്യം, കരുണ, ആസ്വാദനം, കോപം, തുടങ്ങിയ മാനുഷികവികാരങ്ങളെ (അല്ലെങ്കിൽ ഇവയെല്ലാം ചേർന്ന മനുഷ്യത്വം ), കേവലയുക്തി കൊണ്ടുമാത്രം അളക്കാനും അതിനെ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കാനും ശ്രമിക്കേണ്ടതില്ല എന്നാണ് പറയാൻ ശ്രമിച്ചത്. പകരം, അത്തരം വികാരങ്ങൾക്ക് അതാതിനനുയോജ്യമായ 'വികാരയുക്തി'യിലധിഷ്ഠിതമായ തീരുമാനങ്ങളാണുണ്ടാവുന്നതെന്ന് കാണേണ്ടതുണ്ട്. . വികാരയുക്തികൾ, വ്യക്തിത്വവുമായി മാത്രമല്ല, സമൂഹവുമായും ബന്ധപ്പെട്ടിരിക്കുന്നു. ( അതേ സമയം, ആ വൈകാരികയുക്തികളെ ഗുണപ്രദമായി സംസ്ക്കരിച്ചെടുക്കുന്നത് യഥാർത്ഥയുക്തിചിന്തയാണ് എന്നുള്ളതും പരിഗണിക്കേണ്ടതുണ്ട്. ).. കേവലയുക്തിവാദത്തിൽ മാത്രം ഊന്നി നിൽക്കുന്ന ഒരാൾക്ക് ഒരു സിനിമ ആസ്വദിക്കാനാവില്ല. കാരണം, അയാൾക്കറിയാം, അതെല്ലാം വെറും അഭിനനയമാണെന്ന്. അതേ സമയം, ഒരു സിനിമ ആസ്വദിക്കണമെങ്കിൽ, അയാൾ ആ കേവലയുക്തിയുടെ സ്ഥാനത്ത്, ഒരു 'സിനിമാസ്വാദനയുക്തി' സ്ഥാപിക്കേണ്ടതുണ്ട്. പിന്നെ ആ യുക്തിയെ അടിസ്ഥാനമാക്കി അയാൾക്ക് സിനിമയെ കുറിച്ച് തീരുമാനമെടുക്കാം.

കുട്ടിക്കാലത്ത് ഇഷ്ടപ്പെടാത്ത ചില സിനിമകൾ പിന്നീട് ഇഷ്ടമാവുന്നതും ( നേരെ തിരിച്ചും ) ഇന്ത്യയിൽ തകർത്തോടിയ ഒരു ഭക്തസിനിമ യൂറോപ്യന്മാർക്ക് വിരസമായനുഭവപ്പെടുന്നതും , മുപ്പതോ നാല്പതോ വർഷം മുമ്പുള്ള സിനിമാ ഡയലോഗുകൾ ഇന്നത്തെ തലമുറയ്ക്ക് ചെടിപ്പുണ്ടാക്കുന്നതും എല്ലാം മേല്പറഞ്ഞ വൈകാരികയുക്തിയുടെയും അതിന്റെ സാമൂഹ്യ,വ്യക്താധിഷ്ഠിത സ്വാധീനത്തിന്റെയും  ഉദാഹരണങ്ങൾ.

അതുപോലെ തന്നെയാണ് ഒരു യുക്തിവാദി, സമൂഹത്തിന്റെയോ കുടുബത്തിന്റെയോ സുഹൃത്തുക്കളുടെയോ ഒക്കെ സ്വാധീനം സൃഷ്ടിച്ച വൈകാരികയുക്തികൾക്ക് കീഴടങ്ങുമ്പോഴും സംഭവിക്കുന്നത്. അയാൾക്കുള്ളിലെ യഥാർത്ഥയുക്തിവാദബുദ്ധി അത്തരം സന്ദർഭങ്ങളിൽ ആന്തരീകവും ബാഹ്യവുമായ പ്രതിഷേധങ്ങളുയർത്തുന്നുണ്ടാവാതിരിക്കില്ല. അതുകൊണ്ടു തന്നെ അത്തരം പോരാട്ടങ്ങൾ നടത്താത്ത ഒരാൾ യുക്തിവാദിയല്ലെന്ന് നിസ്സംശയം പറയാമെങ്കിലും അത്തരം വൈകാരികയുക്തികൾക്ക് സാന്ദർഭീകമായി കീഴടങ്ങുന്ന ഒരാളെ 'അയുക്തിവാദി'യെന്ന് തള്ളിക്കളയേണ്ടതില്ലെന്ന് കരുതുന്നു. അത്തരം കീഴടങ്ങലുകൾ മനുഷ്യന്റെയും മാനവീകതയുടെയും സവിശേഷതകളായി ഉൾക്കൊണ്ട് പോരാട്ടം തുടരുക തന്നെയാണ് യുക്തിവാദി ചെയ്യേണ്ടത് എന്നു വിശ്വസിക്കുന്നു.

Thursday, December 10, 2015

യുക്തിവാദിയുടെ സങ്കടങ്ങൾ - 1

യുക്തിവാദം പ്രചരിപ്പിക്കുന്നയാൾ  ജീവിക്കുന്ന സമൂഹത്തിന്റെ സ്വാധീനം അയാളിലുണ്ടാവുക സ്വാഭാവീകമാണ്.

ഒരു യുക്തിവാദി, വിവാഹത്തിനു പരസ്പരം മാല ചാർത്തുകയും, ഓണം ആഘോഷിക്കുകയും, ക്രിസ്തുമസ്സ് കേക്ക് വാങ്ങിക്കുകയും ഒക്കെ ചെയ്യുന്നത് അത്തരം സ്വാധീനങ്ങൾ കൊണ്ടാണ്. ( യുക്തി വച്ചു ചിന്തിച്ചു നോക്കിയാൽ ഇതെല്ലാം അർത്ഥശൂന്യമായ കാര്യങ്ങളാണല്ലോ ). പക്ഷേ അയാൾ അതു ചെയ്യുന്നത്  ഒരു മത/ദൈവവിശ്വാസത്തിന്റെ പുറത്തല്ല, ഒരു സാമൂഹ്യജീവി എന്ന നിലയിൽ, അടിമുടി സമൂഹത്തോട് എതിർപ്പു പുലർത്തി കൊണ്ട് ജീവിച്ചു പോകാനാവില്ല എന്നതുകൊണ്ടാണ്.  അവിടെ അയാൾക്കു ചെയ്യാവുന്നത്, മതപരമായതോ  ദൈവാരാധാനാപരമായതോ ആയ സകല അംശങ്ങളും ഒഴിവാക്കിക്കൊണ്ട്   അത്തരം ആഘോഷങ്ങളിൽ പങ്കു ചേരുക  എന്നതാണെന്ന് കരുതുന്നു.

ഇതേ സ്വാധീനം അയാളുടെ കുടുംബത്തിലുമുണ്ടാവും. വിശ്വാസിയായ ഒരച്ഛൻ/ അമ്മ ,  തന്റെ മരണ ശേഷം, ഇന്നയിന്ന മരണാനന്തര ചടങ്ങുകൾ നടത്തണം എന്ന് യുക്തിവാദിയായ മകനോട്/മകളോട് ആവശ്യപ്പെട്ടാൽ അയാൾ  അത് ചെയ്യേണ്ടതുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് എന്നാണ് എന്റെ തോന്നൽ. അങ്ങനെയാവുമ്പോഴേ, യുക്തിവാദിയായ ഒരാൾ ക്ക്, താൻ മരണപ്പെടുമ്പോൾ മൃതശരീരം മെഡിക്കൽ കോളേജിലേക്ക് നൽകണം എന്ന് വിശ്വാസിയായ മകനോട് ആവശ്യപ്പെടുന്നതിന് അർഹത ലഭിക്കുന്നുള്ളൂ. അവിടെ ജീവിച്ചിരിക്കുന്നയാളുടെ വ്യക്തിത്വത്തിനല്ല, മരിച്ചയാളുടെ അഭിലാഷത്തിനാണ്  മുൻഗണന  വേണ്ടത്. ആ മുൻഗണന, യുക്തിപരമല്ല, പക്ഷേ മനുഷ്യത്വപരമാണ്. ( യുക്തിവാദം മൗലികവാദമായാൽ, ഈ മനുഷ്യത്വത്തെ ഉൾക്കൊള്ളാൻ കഴിയാതെ വന്നേക്കാം )  പക്ഷേ  വിശ്വാസിയായ അച്ഛനോടും മകനോടും യുക്തിവാദി ചെയ്തുകൊണ്ടിരിക്കേണ്ട  ഒരു കാര്യമുണ്ട് - ജീവിച്ചിരിക്കുവോളം, ( താനായാലും അവരായാലും ), മരണാനന്തര ചടങ്ങുകൾ എന്തുകൊണ്ട് അർത്ഥശൂന്യമാകുന്നു എന്നും  മൃതദേഹം മെഡിക്കൽ കോളേജിലേക്ക് നൽകുന്നതുകൊണ്ട് എന്തു ഗുണമുണ്ടാവുന്നു എന്നും അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുക എന്നുള്ളത്.

ഇതേ നിലപാടു തന്നെയായിരിക്കണം യുക്തിവാദത്തിൽ താല്പര്യമുള്ളയാൾ, വിവാഹമുൾപ്പെടെയുള്ള സകല  മതാധിഷ്ഠിത ആചാരങ്ങളും പിൻതുടരുമ്പോൾ ചെയ്യേണ്ടിയിരിക്കുന്നത്. മതചടങ്ങുകൾക്ക് കീഴെയുള്ള വിവാഹത്തിനെതിരെ , കുടുംബത്തിൽ പരമാവധി പൊരുതുക., ആവശ്യങ്ങൾ അംഗീകരിപ്പിച്ചെടുക്കുക,  കുറച്ചൊക്കെ വിട്ടുവീഴ്ച്ചകൾക്കും തയ്യാറാവുക. വീണ്ടും പൊരുതുക. സമൂഹത്തോടും  കുടുബത്തോടുമൊപ്പം ജീവിതമാഗ്രഹിക്കുന്ന യുക്തിവാദികൾക്ക് ഇതൊക്കെ വേണ്ടി വരും. അതുകൊണ്ടു തന്നെ ആന്തരികമായ സംഘർഷങ്ങളും ബാഹ്യമായ കളിയാക്കലുകളും ഒരുപാട് നേരിടേണ്ടി വരും. അതു സാരമില്ല.-  അങ്ങനെ നേരിടേണ്ടി വരും എന്നുള്ളതുകൊണ്ട്  ആദ്യമേ തന്നെ മാലിന്യത്തിൽ തന്നെ ജീവിച്ചുകൊള്ളാം  എന്നുള്ള സ്വാർത്ഥപരമായ നിലപാടിനേക്കാൾ  എന്തുകൊണ്ടും പതിന്മടങ്ങ് പുരോഗമനപരമായിരിക്കും അത്.