Thursday, June 30, 2016

ഹോമിയോ

ഒരു അനുഭവം എന്തുകൊണ്ട് ഉണ്ടാവുന്നു എന്നുള്ള അന്വേഷണമാണ് ശാസ്ത്രം. ഇന്നയിന്ന കാരണങ്ങൾ കൊണ്ട് കാന്തത്തിന് ആകർഷണബലം ഉണ്ടാവുന്നു, ഇന്നയിന്ന കാരണങ്ങൾ കൊണ്ട് ഷോക്ക് അനുഭവപ്പെടുന്നു എന്ന നിഗമനങ്ങൾ അത്തരം അന്വേഷണത്തിനൊടുവിൽ ശാസ്ത്രം മുന്നോട്ടു വെക്കുന്നു. ആ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും പരീക്ഷണങ്ങൾ നടത്തുന്നു, അതിനടിസ്ഥാനമായ ശാസ്ത്രതത്വം/സിദ്ധാന്തം രൂപീകരിക്കുന്നു. എന്തുകൊണ്ട് ചില വസ്തുക്കൾക്ക് കാന്തശക്തി ഉണ്ടാവുന്നില്ല, ചില വസ്തുക്കളെ കാന്തം ആകർഷിക്കുന്നില്ല, എന്തുകൊണ്ട് കുറഞ്ഞ അളവിലുള്ള വൈദ്യുതിയിൽ ഷോക്ക് അനുഭവപ്പെടുന്നില്ല എന്നെല്ലാം ആ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാനാവുന്നുണ്ടെങ്കിൽ ആ ശാസ്ത്രതത്വങ്ങളുടെ/സിദ്ധാന്തങ്ങളുടെ സ്വീകാര്യത വർദ്ധിക്കുന്നു. ഇല്ലെങ്കിൽ സിദ്ധാന്തം നിരാകരിക്കപ്പെടുകയോ തിരുത്തപ്പെടുകയോ പുതുക്കപ്പെടുകയോ ചെയ്യുന്നു. ഇതാണ് ശാസ്ത്രത്തിന്റെ രീതി. അതുകൊണ്ടു തന്നെ അന്തിമമായി ഇതുമാത്രമാണ് ശരി എന്ന നിലപാട് ശാസ്ത്രം സ്വീകരിക്കില്ല. അതേ സമയം അതുവരെയുള്ള തെളിവുകളുടെയും സ്വീകാര്യതയുടേയും അടിസ്ഥാനത്തിൽ, നിലവിലുള്ള പ്രതിഭാസങ്ങളെ/സംഭവങ്ങളെ പരിശോധിച്ച് നിലവിൽ അതു ശാസ്ത്രീയമാണോ അല്ലയോ എന്നു പറയാതിരിക്കാനും ശാസ്ത്രത്തിനാവില്ല. ശാസ്ത്രീയമായി സ്വീകരിക്കപ്പെടുന്നില്ലെങ്കിൽ 'ശാസ്ത്രത്തിന് ഇതുവരെ വിശദീകരിക്കാനാവാത്ത പ്രതിഭാസമാണ്' എന്ന നിഗമനത്തിലെത്താം, അന്വേഷണം തുടരാം, പുതിയ സിദ്ധാന്തങ്ങൾ അവതരിപ്പിക്കാം. വീണ്ടും പരിശോധന തുടരാം.
സദൃശ്യം സദൃശ്യത്തെ സുഖപ്പെടുത്തുന്നു, നേർപ്പിക്കുന്തോറും വീര്യം കൂടും - ഹോമിയോയുടെ ഈ രണ്ട് അടിസ്ഥാന തത്വങ്ങൾ, നിലവിൽ സ്വീകാര്യമായ ശാസ്ത്രതത്വങ്ങളുടേയും സിദ്ധാന്തങ്ങളുടേയും അടിസ്ഥാനത്തിൽ തെളിയിക്കാൻ ഇതുവരെ ഹോമിയോപ്പതിക്കായിട്ടില്ല. അതുകൊണ്ടു തന്നെ ഇതു ശാസ്ത്രവിരുദ്ധമാണ് എന്ന നിലപാടെടുക്കാതിരിക്കാനും ശാസ്ത്രത്തിനാവില്ല.
ഹോമിയോ മരുന്നിലൂടെ രോഗം മാറിയ അനുഭവമുള്ളവർ ധാരാളമുണ്ട്. എന്റെ വീട്ടിലും ആ അനുഭവമുള്ള ഒരാൾ ഉണ്ട്. ഒരാളുടെ അനുഭവത്തെ നിഷേധിക്കാൻ മറ്റൊരാൾക്കോ ശാസ്ത്രത്തിനോ ആവില്ല. പക്ഷേ ഹോമിയോ ചികിത്സ ശാസ്ത്രീയമായി തെളിയിക്കണമെങ്കിൽ, ആദ്യം തന്നെ മരുന്ന് ഡബിൾ ബ്ലൈന്റ് ടെസ്റ്റിനു വിധേയമാക്കണം. അതിന്റെ അടിസ്ഥാനത്തിൽ മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയാൽ കൂടുതൽ പരീക്ഷണനിരീക്ഷണങ്ങൾ നടത്തി ഉറപ്പിച്ച്, അതൊരു പ്രതിഭാസമായി വിലയിരുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ആ പ്രതിഭാസത്തെ വിശദീകരിക്കാൻ കഴിയുന്ന ഒരു പുതിയ സിദ്ധാന്തം മുന്നോട്ടുവെക്കുകയും വേണം. ആ സിദ്ധാന്തം നിലവിലുള്ള മറ്റ് ശാസ്ത്രസിദ്ധാന്തങ്ങളെ അനുസരിക്കുന്നുണ്ടോ എന്നു നോക്കണം. ഇല്ലെങ്കിൽ ആ സിദ്ധാന്തത്തെ നിരാകരിക്കുകയോ തിരുത്തുകയോ പുതുക്കുകയോ വേണം. അതല്ല സിദ്ധാന്തം ശരിയാണെന്ന് ഉറച്ചു നിൽക്കുകയാണെങ്കിൽ, അതിനെ നിരാകരിക്കുന്ന നിലവിലുള്ള മറ്റ് ശാസ്ത്രസിദ്ധാന്തങ്ങളെ അതിന്റെ അടിസ്ഥാനത്തിൽ തിരുത്തുകയോ പുതുക്കുകയോ ചെയ്യണം, ആ ശാസ്ത്രസിദ്ധാങ്ങൾ വിശദീകരിച്ചിരുന്ന പ്രതിഭാസങ്ങളെ ഈ പുതുക്കലിന്റെ അടിസ്ഥാനത്തിൽ പുതുതായി വിശദീകരിക്കണം. അത്രയേ വേണ്ടൂ. അല്ലാതെ ശാസ്ത്രത്തിനു 'ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പ്' സമീപനമൊന്നുമില്ല. പക്ഷേ ഈ പണി ഹോമിയോപ്പതിക്കാർ തന്നെ ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ 'ഞാൻ മന്ത്രവാദം ചെയ്തു രോഗം മാറ്റും. ചിലപ്പോൾ മാറിയില്ലെന്നും വരും. മാറുന്നതും മാറാതിരിക്കുന്നതും എന്തുകൊണ്ടാണെന്ന് ശാസ്ത്രീയമായി വിശദീകരിക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്' എന്ന നിലപാട് നമ്മളൊക്കെ അംഗീകരിക്കേണ്ടി വരും.

Sunday, June 26, 2016

ഹോമിയോ ചികിത്സ നിരോധിക്കണോ ?


ഹോമിയോ ചികിത്സയിലെ എടുത്തു പറയാവുന്ന അനുഭവങ്ങൾ :

1. തൂജ ഓയിന്മെന്റ് പുരട്ടിയപ്പോൾ പശുവിന്റെ അരിമ്പാറ പോലുള്ള അടയാളങ്ങൾ മാറി.
2. അമ്മയ്ക്ക് കാലിൽ ഒരു മുഴ പോലെയുണ്ടായിരുന്നു. പുറത്തേക്ക് കാണില്ല. പക്ഷേ തൊട്ടു നോക്കുമ്പോൾ അറിയാം. അലോപ്പതിയിൽ ആദ്യം കാണിച്ചു. മരുന്നു കഴിച്ചും മാറാതായപ്പോൾ സർജറി വേണ്ടി വന്നേക്കും എന്നു പറഞ്ഞു. ഹോമിയോ ചികിത്സിച്ചപ്പോൾ ഇതു പൂർണ്ണമായും മാറി. ഇതേ അനുഭവം ഒരു സഹപ്രവർത്തകയ്ക്കും ഉണ്ടായി.
3. എന്റെ കുട്ടികളുടേത് ഉൾപ്പെടേ വീട്ടിലെ എല്ലാവരും പല രോഗങ്ങൾക്കും ( പനി, ജലദോഷം, രക്തസമ്മർദ്ദം, പ്രമേഹം ) പലപ്പോഴായി ഹോമിയോയെ സമീപിച്ചിട്ടുണ്ട്. രോഗങ്ങൾ മാറാതെ അലോപ്പതിയെ സമീപിക്കേണ്ടി വന്നിട്ടുണ്ട്. മിക്കപ്പോഴും അലോപ്പതിയെ സ്വീകരിച്ചത് ഹോമിയോ ഡോക്ടർ റഫർ ചെയ്തതുകൊണ്ടല്ല, രോഗം മാറാത്തതുകൊണ്ടാണ്.

ചികിത്സ ഫലപ്രദമല്ലെന്നു കണ്ടാൽ രോഗികൾ ഡോക്ടറെ മാറ്റും. അത് അലോപ്പതിയിൽ നിന്ന് അലോപ്പതിയിലേക്കും ഹോമിയോപ്പതിയിലേക്കും ആയുർവേദത്തിലേക്കും യുനാനിയിലേക്കും നേരെ തിരിച്ചും മറിച്ചും ഒക്കെ സംഭവിക്കാറുണ്ട്. എന്തിന് ധ്യാനകേന്ദ്രങ്ങളേയും ആൾദൈവങ്ങളേയും മന്ത്രവാദത്തേയും വരെ രോഗികൾ സമീപിക്കുന്നു. ശാസ്ത്രമല്ല, അനുഭവത്തിലൂന്നിയ വിശ്വാസമാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. മറ്റുള്ളവരുടെ അനുഭവങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള ശുപാർശകളും കേട്ടറിവുകളുമെല്ലാം ഇതിനെ സ്വാധീനിക്കുന്നുണ്ട്.

പക്ഷേ അനുഭവത്തിലൂന്നിയുള്ള നിഗമനങ്ങളെ ഒരു പൊതുതത്വമായി സ്വീകരിക്കാൻ കഴിയില്ല. അതിന് വികാരമോ വിശ്വാസമോ വർഗ്ഗമോ ഒന്നും സ്വാധീനിക്കാത്ത സത്യത്തിന്റെ പിന്തുണ വേണം. ശാസ്ത്രം സത്യാന്വേഷണമായതുകൊണ്ട് ശാസ്ത്രീയമായ നിഗമനങ്ങളെ സ്വീകരിക്കണം. അനുഭവങ്ങളെ പഠനവിധേയമായി ശാസ്ത്രീയ പിന്തുണയില്ലാത്തവയെ അങ്ങനെ തന്നെ അംഗീകരിക്കണം. അല്ലാതെ സമൂഹത്തിനു മുന്നോട്ടു പോകാൻ കഴിയില്ല.
ഹോമിയോയുടെ മരുന്ന് നിർമ്മാണ തത്വത്തിന് ശാസ്ത്രീയ പിന്തുണയില്ലെന്ന് വ്യക്തമാണ്. ഹോമിയോ ഭേദപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന മിക്കരോഗങ്ങളും ശരീരം സ്വയം ചികിത്സിച്ചു മാറ്റുമെന്നും ഹോമിയോ മരുന്നുകൾ 'പ്ലാസിബോ ഇഫക്ട്. മാത്രമേ ചെയ്യുന്നുള്ളൂവെന്ന് അലോപ്പതിക്കാർ അഭിപ്രായപ്പെടുന്നു. ഫലപ്രാപ്തിയും ജനസ്വീകാര്യതയുമാണ് ഹോമിയോ ഡോക്ടർമാർ മുന്നോട്ടു വെക്കുന്ന തെളിവുകൾ. ചില ഹോമിയോ ഡോക്ടർമാർ, ' എങ്ങനെ രോഗം മാറുന്നു എന്നുള്ളത് ഭാവിയിൽ ശാസ്ത്രം തെളിയിക്കും' എന്ന നിലപാട് സ്വീകരിക്കുന്നു. ഈ രണ്ടു നിലപാടും പക്ഷിശാസ്ത്രം തൊട്ടുള്ള സകല കപടശാസ്ത്രക്കാരും സ്വീകരിക്കുന്ന ഒന്നാണ്.

പക്ഷേ ഹോമിയോഡോക്ടർമാർ ശരീരത്തെക്കുറിച്ചും രോഗങ്ങളെ കുറിച്ചും ശാസ്ത്രീയമായി പഠിക്കുന്നുണ്ട് (എന്നാണ് കരുതുന്നത്.) അല്ലോപ്പതിയിലെ ടെസ്റ്റുകളും അവർ സ്വീകരിച്ചു കാണുന്നു. അതുകൊണ്ടു തന്നെ ചികിത്സാസംബന്ധമായി വ്യാജവൈദ്യന്മാരേക്കാളും ആൾദൈവങ്ങളേക്കാളുമെല്ലാം വളരെയധികം അറിവ് ഹോമീയോ ഡോക്ടർമാർക്ക് ഉണ്ടെന്നു തന്നെ അംഗീകരിക്കേണ്ടതുണ്ട്. ചികിത്സാരീതിയും അതിനടിസ്ഥമായ സിദ്ധാന്തവുമാണ് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തത്. തങ്ങളുടെ പരിധിയിൽ നിൽക്കാത്ത രോഗങ്ങളെ അവർ അലോപ്പതിയിലേക്ക് റഫർ ചെയ്യാറുണ്ട് എന്നും ചില ഹോമിയോ ഡോക്ടർമാർ പറയുന്നു. അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കിൽ തന്നെ രോഗം മാറിയില്ലെങ്കിൽ ആദ്യം പറഞ്ഞപോലെ ചികിത്സാരീതി രോഗി തന്നെ മാറ്റും. ആകെ പ്രശ്നമുള്ളത് ഇതിനു വേണ്ടിയെടുക്കുന്ന സമയം മാത്രമാണ്. ഗുരുതരമായ രോഗങ്ങളെ ( അങ്ങനെ സംശയിക്കുന്നവയേയും ) ആദ്യമേ തന്നെ അലോപ്പതിയിലേക്ക് റഫർ ചെയ്യാൻ ഹോമിയോ ഡോക്ടർമാർ തയ്യാറായാൽ അതില്ലാതാകും. അതുകൊണ്ട്, 'ഭാവിയിൽ തെളിയിക്കപ്പെടും' എന്ന ശുഭാപ്തിവിശ്വാസം സ്വീകരിച്ചുകൊണ്ടു തന്നെ 'നിലവിൽ ഹോമിയോ ചികിത്സ ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടില്ല' എന്ന് അംഗീകരിക്കാൻ ഹോമിയോ ഡോക്ടർമാർ തയ്യാറാവണം. തപാൽ വഴി ഹോമിയോ പഠിച്ച് ചികിത്സക്കിറങ്ങുന്നവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. അതുപോലെ തന്നെ രോഗിയേ കുറിച്ചും രോഗത്തേ കുറിച്ചും നിർദ്ദേശിക്കുന്ന ചികിത്സയും ആദ്യം മുതൽ രേഖപ്പെടുത്തുന്ന കുറിപ്പുകൾ രോഗിക്ക് നൽകി ഇക്കാര്യത്തിലെ രഹസ്യാത്മകത അവസാനിപ്പിക്കാനും ഒരു രോഗിയെന്ന നിലയിൽ അയാളുടെ അവകാശം അംഗീകരിക്കാനും ഹോമിയോപ്പതിക്കാർ തയ്യാറാവണം.

പ്രകോപനം : ഡിങ്കമതം ഹോമിയോയെ ചൊല്ലി പിളർന്നത്രേ.