Thursday, December 28, 2017

താക്കോൽ

# നിങ്ങളാണ് ചോര കുടിക്കുന്ന നിങ്ങളുടെ ദൈവത്തിന് കോഴിയുടെ തലയറുത്ത് ബലിച്ചോര കൊടുക്കുന്നത്.
# നിങ്ങളാണ് നിങ്ങളുടെ ദൈവത്തിന്റെ പ്രീതി കിട്ടാൻ കവിളും നാവുമെല്ലാം കോർത്ത് ശൂലങ്ങൾ കയറ്റുന്നത്.
# നിങ്ങളാണ് നിങ്ങളുടെ ദൈവത്തിന്റെ പ്രീതി കിട്ടാൻ മരക്കുരിശ് ചുമന്ന് മലമുകളിലേക്ക് കയറുന്നത്.
# നിങ്ങളാണ് കാട്ടുമൃഗത്തെ ചങ്ങലയിൽ തളച്ച് അതിനു മുമ്പിൽ പേക്കൂത്ത് നടത്തുന്നത്. അതിനു മദമിളകിയാൽ നിങ്ങളിൽ പലരേയുംതന്നെ അതിന്റെ കൊമ്പിലേക്കും തുമ്പിയിലേക്കും എറിഞ്ഞു കൊടുക്കുന്നത്.
# നിങ്ങളാണ് മണ്ണിലുരുണ്ടും മുട്ടുകുത്തിയും നെറ്റി തറയിൽ മുട്ടിച്ചും നിങ്ങളുടെ ദൈവത്തോട് പ്രാർത്ഥന നടത്തുന്നത്.
# നിങ്ങളാണ് എല്ലാം ദൈവത്തിന്റേത് എന്ന് നിങ്ങൾ തന്നെ പറയുന്ന ദൈവത്തിന് നോട്ടുകെട്ടുകളും സ്വർണ്ണവും പാട്ടും കൊട്ടും വഴിപാടും നേർച്ചയും നിങ്ങളുടെ ഭാരത്തിൽ പഴവും പഞ്ചസാരയും ഇളനീരുമെല്ലാം അളന്നു കൊടുക്കുന്നത്.
# നിങ്ങളാണ് തുണിയുടുത്തും തുണിയുടുക്കാതെയും ചുംബിച്ചും ആലിംഗനം ചെയ്തും എച്ചിലിൽ ഉരുളാൻ ആവശ്യപ്പെട്ടും വായുവിൽ നിന്നും സ്വർണ്ണമെടുത്തും ഉച്ചഭാഷിണികളിലൂടെ അലറി വിളിച്ച് രോഗം ഭേദമാക്കുകയുമെല്ലാം ചെയ്യുന്നവരെ ദർശിക്കാൻ വരി നിൽക്കുന്നത്.
# നിങ്ങളാണ് നിങ്ങളുടെ വിശ്വാസമൊഴിച്ച് മറ്റെല്ലാം വിഡ്ഡിത്തമാണെന്ന് രഹസ്യമായും പരസ്യമായും ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.
# പക്ഷേ ഇതേ നിങ്ങൾക്ക് എന്നെ കാണുമ്പോൾ ചിരി പൊട്ടുന്നു.
.
.
.
.
.
.
.
.
.
# ഇനി പറയൂ,
# ആർക്കാണ് ഭ്രാന്ത്.. ...?
# നിങ്ങൾക്കോ,
# അതോ,
.
.
.

# വ്തെറുമൊരു നേരമ്പോക്കിന് താക്കോൽ
കോർത്ത രുദ്രാക്ഷമാല ആഭരണമാക്കിയ
എനിക്കോ ?

Monday, December 11, 2017

പരപുരുഷ/സ്ത്രീ സംഗമം നിയമലംഘനമോ ?

1. ഈ നിയമമുണ്ടാക്കുന്ന കാലത്ത് പരപുരുഷഗമനം നടത്തുന്ന ഭാര്യയുടെ ജീവനെടുക്കുകയോ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്ന് പുറന്തള്ളുകയോ ഒക്കെ ചെയ്യുന്ന സാഹചര്യമാണ് നിലവിലിരുന്നത്. അതുകൊണ്ടായിരിക്കാം ഇങ്ങനെയൊരു നിയമം കൊണ്ടു വന്നത്. കുടുംബത്തിന്റെ നാഥൻ പുരുഷനാണ് എന്ന സങ്കല്പമാണ് ഈ നിയമത്തിനു പിന്നിലെന്നു കരുതുന്നു. നാഥനായതുകൊണ്ട് പുരുഷനു കൂടുതൽ ഉത്തരവാദിത്തവും നൽകുന്നു. ( പുരുഷൻ സ്ത്രീയിൽ നിന്ന് വിവാഹമോചനം നേടിയാൽ സ്ത്രീക്ക് ജീവനാംശം നൽകണമെന്നു നിർബന്ധമുള്ളതും നേരെ തിരിച്ച് ഇല്ലാത്തതും (അങ്ങനെയാണറിവ് ) അതുകൊണ്ടല്ലേ ?) രാജ്യത്തെ സ്ത്രീകളുടെ മൊത്തം ജീവിതസാഹചര്യം നോക്കുമ്പോൾ 70-80 % സ്ത്രീകളും ഇപ്പോഴും ഇതേ അവസ്ഥയിൽ തുടരുന്നു. സാമ്പത്തീകമായും സാമൂഹ്യമായും സ്ത്രീകൾക്ക് ഉയർച്ച കിട്ടിയ സമൂഹങ്ങളിൽ മാത്രമേ ഇതിനു മാറ്റം വന്നിട്ടുള്ളൂ. അതാകെ ഒരു ചുരുങ്ങിയ ശതമാനമേ വരൂ. അതുകൊണ്ടായിരിക്കാം ഇതു മാറ്റാത്തതും. രാജ്യത്തെ ഭൂരിപക്ഷം സ്ത്രീകളുടെ സാമൂഹ്യസാമ്പത്തികഅവസ്ഥയിൽ ഉയർച്ചയുണ്ടാവുമ്പോൾ തീർച്ചയായും ഇതു മാറ്റണം. അതുവരെ ഈ നിയമം ദുരുപയോഗം ചെയ്യുന്ന ഒരു ന്യൂനപക്ഷം സ്ത്രീകൾ ഉണ്ടാവും എന്നുള്ളത് ഈ നിയമത്തിന്റെ പോരായ്മയായി തുടരാം. അത്തരം കേസുകളിൽ 'ഇര'യാകുന്ന പുരുഷന് കോടതിക്കു മുമ്പിൽ തന്റെ നിരപരാധിത്തം തെളിയിക്കാൻ അവസരമുണ്ടല്ലോ.

2. ജീവിതപങ്കാളി അറിഞ്ഞുകൊണ്ടല്ലെങ്കിൽ പരപുരുഷ/സ്ത്രീ ഗമനം വിശ്വാസവഞ്ചനയല്ലേ ? അങ്ങനെ വഞ്ചിക്കപ്പെട്ട ഒരു ഭർത്താവിന്റെ സ്ഥാനത്തു നിന്ന് ചിന്തിച്ചു നോക്കൂ. അയാൾക്ക് തന്റെ ഭാര്യയേയും കാമുകനേയും ആ വിശ്വാസവഞ്ചനയുടെ ( വിശ്വാസവഞ്ചന ഒരു ക്രിമിനൽ കുറ്റമാണല്ലോ ) പേരിൽ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നും ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും താല്പര്യമുണ്ടാവും. അത് ന്യായവുമാണ്. അതേ സമയം ഭാര്യയെ മുകളിൽ പറഞ്ഞ സാഹചര്യങ്ങൾ നിലവിലുള്ളതുകൊണ്ട് ശിക്ഷിക്കാനാവില്ല. അതുകൊണ്ട്, ആ കുറ്റത്തിൽ പങ്കാളിയായ പുരുഷനെ ശിക്ഷിക്കാൻ അയാൾ ആവശ്യപ്പെടുന്നു.

<< ഇങ്ങനെയൊരു കാഴ്ച്ച സാധ്യമല്ലേ ?

@ Manoj V D Viddiman

Saturday, December 09, 2017

ഇണക്കവും പിണക്കവും സാമൂഹ്യമാദ്ധ്യമങ്ങളും




 

---------------------------------------------------
ഇണക്കവും പിണക്കവും സാമൂഹ്യമാദ്ധ്യമങ്ങളും
---------------------------------------------------

സാമൂഹ്യമാദ്ധ്യമങ്ങൾ ശക്തിപ്പെടുന്നതിനു മുമ്പുള്ള, കുടുംബങ്ങൾക്കും വ്യക്തികൾക്കും പണം കൊണ്ടുമാത്രം എല്ലാം നേടാനാവാതിരുന്ന, കാലത്തേയ്ക്ക് തിരിച്ചു പോവുക.
അന്നും പിണക്കങ്ങളുണ്ടായിരുന്നു. പിണക്കങ്ങൾ ചിലപ്പോൾ അടികലശലിലേക്കും കൊലപാതകങ്ങളിലേക്കുവരേയും നയിച്ചിരുന്നു. സുഹൃത്തുക്കൾ തമ്മിലും ഭാര്യാഭർത്താക്കന്മാർ തമ്മിലും അയല്പക്കങ്ങൾ തമ്മിലും രാഷ്ട്രീയപാർട്ടികൾ തമ്മിലും ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിരുന്നു.

എന്നിട്ടും പിണക്കങ്ങളുടെ പേരിൽ സാമൂഹ്യമാദ്ധ്യമങ്ങൾ പഴി കേൾക്കുന്നതെന്തുകൊണ്ട് എന്ന പരിശോധനയാണ് ഈ കുറിപ്പു കൊണ്ട് ഉദ്ദേശിക്കുന്നത്.

പിണക്കം എങ്ങനെയാണ് വീണ്ടും ഇണക്കമാവുന്നത് ?

1. പിണങ്ങിയവർക്ക്, പിണങ്ങേണ്ടിയിരുന്നില്ല എന്ന കുറ്റബോധം തോന്നുമ്പോൾ, അപരന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ, ഇതിന്റെയൊക്കെ ഭാഗമായി പരസ്പരമത് തുറന്നു പറയുമ്പോൾ. പക്ഷേ അന്നുമതേ, അത് അപൂർവ്വമായി സംഭവിക്കുന്നതാണ്.

2. പിണങ്ങിയിരിക്കുകയാണെങ്കിലും, തനിക്ക് അപരന്റേയോ അപരന് തന്റേയോ താനും അപരനും ചേർന്ന് സമൂഹത്തിനോ സഹായവും സന്നദ്ധതയും ആവശ്യമുണ്ടെന്ന് കരുതുമ്പോൾ.

പഴയകാലത്ത് ഈ തോന്നലുണ്ടാവാൻ ഇടയാക്കുന്ന സന്ദർങ്ങൾ ധാരാളമായിരുന്നു.
വിവാഹവും രോഗാവസ്ഥയും മരണവുമെല്ലാം ഇത്തരം സന്ദർഭങ്ങൾ ധാരാളം സൃഷ്ടിച്ചു. വിവാഹത്തലേന്ന് കത്തിച്ചു വെക്കാനുള്ള പെട്രോമാക്സ് തൊട്ട്, വിവാഹചടങ്ങിനുള്ള പറയും നിലവിളക്കും ഉരുളിയും കലങ്ങളും ബിരിയാണിച്ചെമ്പും എല്ലാം പല വീടുകളിൽ നിന്നാണ് എത്തേണ്ടിയിരുന്നത്. അരയ്ക്കാനും ഇടിയ്ക്കാനും ചിരണ്ടാനും പിഴിയാനുമുള്ള മനുഷ്യർ പിണക്കമുള്ളിടത്തു നിന്നുകൂടി എത്തിചേർന്നാലേ ചടങ്ങുകളും സദ്യയുമെല്ലാം ഒരുക്കാൻ സാധ്യമായിരുന്നുള്ളൂ.

മരണവീട്ടിലേക്കുള്ള കസേരകളും ഓലയും പലവീടുകളിൽ നിന്നെത്തി ചേർന്നാലേ മനുഷ്യർക്ക് വെയിലും മഴയുമേൽക്കാതെ ഇരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

പിണങ്ങിയിരിക്കുന്ന ഭാര്യയും ഭർത്താവും ഒരുമിച്ച് ചേർന്ന് അദ്ധ്വാനിച്ചാലേ എടുപിടീന്ന് വരുന്ന മഴ, കണ്ടത്തിലെ ഞാറിനെ മുക്കിക്കൊല്ലാതിരുന്നുള്ളൂ.

തല്ലി പിരിഞ്ഞ ഗോളിയും ബാക്കും ഒത്തൊരുമയോടെ കളിച്ചാലേ എതിർടീമിന്റെ ആക്രമണങ്ങൾ ചെറുക്കാൻ കഴിയുമായിരുന്നുള്ളു.

അങ്ങനെ വീണ്ടുമൊന്ന് ഒത്തുകൂടുമ്പോൾ, നന്ദിയുടേയോ സന്നദ്ധതയുടേയോ സ്നേഹവായ്പിന്റേയോ ചെറിയൊരു വിയർപ്പുതുള്ളിയോ കണ്ണീർപ്പൊടിപ്പോ മതിയായിരുന്നു, പിണക്കങ്ങളെ കുടഞ്ഞുകളഞ്ഞ് പരസ്പരം ഇണങ്ങാൻ.

ചുരുക്കത്തിൽ, ഇടയ്ക്കിടെയുണ്ടാവുന്ന ഇത്തരം ‘നിർബന്ധിത പരസ്പരാശ്രിതത്വ’മാണ് പിണക്കങ്ങളെ ഇണക്കങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്ന് കാണാൻ കഴിയും.

ഉപ്പൂപ്പാ പറഞ്ഞതു പോലെ തിരിച്ചൊന്നു ചിന്തിച്ചാൽ, ഇങ്ങനെ പിണങ്ങിയവരെ ആശ്രയിക്കേണ്ടി/സഹായിക്കേണ്ടി വരുന്നില്ലെങ്കിൽ അഹംബോധത്തിനു പരിക്കൊന്നുമേല്പിക്കാതെ , പിണങ്ങിയവർക്ക് സ്വന്തം വാൽമീക(സംഘ)ങ്ങളിൽ തന്നെ ജീവിക്കാനുള്ള അവസരമൊരുങ്ങും. എല്ലാ സൗകര്യങ്ങളും പണം നൽകി വാങ്ങാനുള്ള അവസരവും ( അതിന് പണമുണ്ടാക്കുകയേ വേണ്ടതുള്ളല്ലോ )പിണങ്ങിയവർക്ക് പകരം പുതിയ ‘ഇണങ്ങിയവരെ’ തേടാനും കൂട്ടത്തിലുൾപ്പെടാനുള്ള അവസരവും ഇതിനുള്ള അനുകൂലസാഹചര്യങ്ങളൊരുക്കുന്നു.

അതേസമയം, പണ്ടുണ്ടായിരുന്ന, ജന്മി-കുടിയാൻ, വീട്ടമ്മ-കുടുംബനാഥൻ പോലുള്ള ‘നിർബന്ധിത ആശ്രിതത്വ’ത്തിന് ഈ മാറ്റം അറുതി വരുത്തുകയും ചെയ്യുന്നുണ്ട് എന്നുള്ളതും കാണാം. ഭർത്താവിന്റെ ഇടിയും തൊഴിയും അവഹേളനങ്ങളും സഹിച്ചും അയാളെ ആശ്രയിച്ച് ബന്ധം നിലനിർത്തേണ്ടതായ ആവശ്യം സ്വയം വരുമാനം കണ്ടെത്തുന്ന ആധുനീകസ്ത്രീക്ക് ഇല്ലാത്തതുകൊണ്ടാണ് ഇന്ന് വിവാഹമോചനങ്ങൾ പെരുകുന്നത് എന്നുള്ളത് നിസ്തർക്കമാണല്ലോ.

ക്ലബ്ബുകളോ അതുമല്ലെങ്കിൽ സംഘടിത രൂപമില്ലാത്ത ഒരു സൗഹൃദകൂട്ടായ്മയിലേക്കോ നോക്കൂ. പല ഇഷ്ടങ്ങളും പല വെറുപ്പുകളുമുള്ളവർ അക്കൂട്ടത്തിലുണ്ടാവും. ‘ലാലേട്ടൻ’ മാത്രമാണ് മഹാനായ നടനെന്നു കരുതുന്ന ‘ലാലേട്ടൻ ഫാൻസും’, ‘മമ്മൂക്ക’ മാത്രമാണ് മഹാനടനെന്നു വാദിക്കുന്ന ‘ഇക്കാ ഫാൻസും’ അവർക്കിടയിലുണ്ടാവും. ചിലപ്പോൾ അത് സംഘം തിരിഞ്ഞുള്ള വാഗ്വാദത്തിലേക്ക് വരെ കടന്നെന്നുവരെ വരാം. പക്ഷേ മൂന്നാം ദിവസം, ഷക്കീലയുടേ സിനിമ കാണാൻ ഇവരെല്ലാം ഒരുമിച്ച് നിന്ന് ഇടികൊണ്ട് ടിക്കറ്റെടുക്കും.

അടുത്ത ദിവസം, ചിലപ്പോൾ അവർ വീണ്ടും സംഘങ്ങളായി പിരിയുകയും ഒരു സംഘം സച്ചിൻ ടെണ്ടുൽക്കർക്ക് വേണ്ടി വാദിക്കുകയും അടുത്ത സംഘം ഗാംഗൂലിക്ക് വേണ്ടി ശബ്ദമുയർത്തുകയും ചെയ്തേക്കാം. ( സച്ചിൻ ടീമിൽ,മുൻപത്തെ ലാലേട്ടൻ ടീമിലേയും ഇക്ക ടീമിലേയും ആൾക്കാർ കാണും., ഗാംഗൂലി ടീമിലും . അതായത് ഇന്നലത്തെ ലാലേട്ടൻ - മമ്മൂക്ക ടീം പൊളിഞ്ഞ് ഇന്ന് മറ്റു രണ്ടു സംഘങ്ങളായി രൂപപ്പെട്ടിരിക്കുന്നു) പക്ഷേ അന്നു വൈകുന്നേരം അവരെല്ലാം ഒരുമിച്ച് ഫുട്ബോൾ കളിക്കുന്നു.

അടുത്ത ദിവസം, നേരത്തേയുണ്ടായ ടീമുകളെല്ലാം വീണ്ടും പിളർന്നു കൊണ്ട് അവരിൽ ചിലർ പള്ളിയിലേക്ക് പോകും, ചിലർ ശബരിമലയിലേക്കും ചിലർ സി രവിചന്ദ്രന്റെ പ്രസംഗം കേൾക്കാനും പോകും. പക്ഷേ മൂന്നാം ദിവസം, അവരിലൊരാളുടെ പെങ്ങളുടെ വിവാഹത്തിന് അവരെല്ലാവരും ഒത്തുചേർന്ന് പണിയെടുക്കും.

അതായത് നിലപാടുകളിൽ മാറ്റമുണ്ടെങ്കിലും അതിലൊന്നും ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ തന്നെ അവരിൽ ഒരു സൗഹാർദ്ദപരമായ ഒത്തുചേരൽ സാധ്യമാകുന്നു. അവർക്കിടയിൽ യോജിപ്പും വിയോജിപ്പുമുള്ള വിഷയങ്ങളും അതിനനുസരിച്ചുള്ള സംഘങ്ങളും അനുദിനം മാറിമറിഞ്ഞു രൂപപ്പെട്ടുകൊണ്ടിരിക്കുന്നു.

അതേ സമയം, ഇത്തരം മാറിമറിയലുകൾ സാധ്യമല്ലാത്ത, എല്ലാക്കാലത്തും ഒരേ വിഷയം ചർച്ച ചെയ്യുന്ന, വ്യത്യസ്തമായ രണ്ട് അഭിപ്രായങ്ങളുള്ളവരുടെ സംഘമാണ് അവരുടേതെന്ന് കരുതുക. അവർ തമ്മിലുള്ള വിഭാഗീയത പെരുത്തുകൊണ്ടേയിരിക്കുകയുള്ളൂ എന്നു കാണാൻ വലിയ ചിന്താശേഷിയൊന്നും വേണ്ടതില്ല. അത്തരം രാഷ്ട്രീയ, മത, വിഭാഗീയതകൾ പുലർത്തുന്ന ചെറു സംഘങ്ങൾ ഇപ്പോഴും കേരളത്തിലുണ്ടല്ലോ

ഇനി മറ്റൊന്നു ചിന്തിക്കാം.

എന്തുകൊണ്ടാണ്, എവിടം മുതലാണ് നാം ചിലരെ ഇഷ്ടപ്പെടുന്നത് ? ചിലരെ വെറുക്കുന്നത് ?

ഉത്തരം വളരെ ലളിതമാണ് : നാം ഇഷ്ടപ്പെടുന്ന/വെറുക്കുന്ന എന്തോ ചിലത് അവരിൽ കാണപ്പെടുന്നതു മുതൽ.

ശരി. ഇഷ്ടപ്പെടുന്ന/വെറുക്കുന്ന ചിലത് കണ്ടതുകൊണ്ടു മാത്രം എല്ലാവരേയും നാം ഇഷ്ടപ്പെടുന്നത്/വെറുക്കുന്നത് തുടരുന്നുണ്ടോ ?

നമ്മുടെ മാതാപിതാക്കളുടെ കാര്യമെടുക്കാം. നാമവരുടെ സ്നേഹവും വാത്സല്യവും നമ്മെ ചൊല്ലിയുള്ള കരുതലും തിരിച്ചറിയുന്നു. തിരിച്ചും സ്നേഹം നൽകി നാം വളരുന്നു. വളർന്നെത്തുമ്പോൾ അവരിൽ വെറുക്കേണ്ടത് (നമുക്ക് യോജിപ്പില്ലാത്തത്. ഉദാ : മദ്യപാനം, ആഢംഭരം, പരദൂഷണം, കൈക്കൂലി, അന്ധവിശ്വാസം, മടി..) ചിലതുണ്ടെന്ന് നാം കണ്ടെത്തുന്നു.

അതോടെ നാം അവരെ പൂർണ്ണമായും വെറുക്കുകയോ ജീവിതത്തിൽ നിന്ന് പുറന്തള്ളുകയോ ചെയ്യുന്നുണ്ടോ ? ഭൂരിഭാഗം പേരും ചെയ്യുന്നില്ല. ( ചെയ്യേണ്ടതില്ല എന്നാണ് എന്റെ തോന്നൽ). പകരം നാമവരിൽ സ്നേഹിക്കേണ്ടതായി കണ്ടെത്തിയത് ശക്തിപ്പെടുത്തിക്കൊണ്ടും പുതിയതായി കണ്ടെത്താൻ കഴിയുമോ എന്നന്വേഷിച്ചുകൊണ്ടും, അവരോടുള്ള സ്നേഹം തുടരുന്നു; അവരിൽ വെറുക്കേണ്ടതായി തോന്നുന്നതിനോടുള്ള വെറുപ്പ് സൂക്ഷിച്ചു കൊണ്ടു തന്നെ, പലപ്പോഴും അതവരോടു തുറന്നു പറഞ്ഞും സംഘർഷങ്ങളുണ്ടാക്കിയും കൊണ്ടു തന്നെ. പലപ്പോഴും നാമാ വിയോജിപ്പുകൾ പരിഗണനയ്ക്കെടുക്കാതെ യോജിക്കാവുന്ന കാര്യങ്ങൾ കൂടുതലായി കണ്ടെത്തുന്നു, സ്നേഹബന്ധം നിലനിർത്തുന്നു.

ഇതൊക്കെതന്നെയാണ് ജീവിതപങ്കാളിയുടേയും കാര്യത്തിലും സംഭവിക്കുന്നത്. നമ്മുടെ ജീവിതപങ്കാളി എല്ലാ കാര്യങ്ങളിലും നമുക്ക് ഇഷ്ടപ്പെട്ട നിലപാടുകൾ സ്വീകരിക്കുന്നയാളല്ലെങ്കിലും, അവരിൽ നാം വെറുക്കുന്ന നിലപാടുകൾ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നു കരുതാനും അതിനോടുള്ള വെറുപ്പ്/അകലം സൂക്ഷിക്കുമ്പോൾ തന്നെ അവരെ നാം ആത്മാർത്ഥമായി തന്നെ ഇഷ്ടപ്പെടാനും ശ്രമിക്കുന്നു. ഒരു പിണക്കത്തിനു ശേഷം, ഇണങ്ങുന്നതിന്റേതിലേക്കായ ആവശ്യം മുൻനിർത്തി ഒരുമിച്ച് ആസ്വദിക്കാവുന്ന സിനിമയ്ക്കോ ഭക്ഷണത്തിനോ പ്രകൃതിസൗന്ദര്യത്തിനു വേണ്ടിയോ പുറത്തേയ്ക്കിറങ്ങുന്നു.

തീർച്ചയായും ഇതിനൊരു പരിധിയുണ്ട്. പക്ഷേ ഭൂരിഭാഗം മനുഷ്യരും ആ പരിധി വിശാലമാക്കാനാണ് ആഗ്രഹിക്കുന്നത് - സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഏറെ ആഗ്രഹിക്കുന്ന ജീവിയാണ് മനുഷ്യൻ എന്നുള്ളതുകൊണ്ട്. അതുകൊണ്ടാണ് തന്റെ അച്ഛൻ/അമ്മ കൈക്കൂലിക്കാരിയാണെന്നറിഞ്ഞിട്ടും അഴിമതിവിരുദ്ധരായ മക്കൾ അവരെ ഇഷ്ടപ്പെടുന്നതും യുക്തിവാദിയായ ഭാര്യ, വിശ്വാസിയായ ഭർത്താവിനൊപ്പം ജീവിതം പങ്കുവെയ്ക്കുന്നതും.

മറ്റൊരു തരത്തിലുള്ള ബന്ധം പരിശോധിക്കാം. ഒരു വ്യക്തിയ്ക്ക് നിങ്ങൾ വെറുക്കുന്ന, ഒട്ടും യോജിപ്പില്ലാത്ത ചില ‘ദൂഷ്യ’ങ്ങൾ ഉള്ളതായി പണ്ടേ നിങ്ങൾക്ക് അറിയാം. ( ഉദാ : മദ്യപാനം, ധാരാളിത്തം, എതിർ രാഷ്ട്രീയം, അന്ധവിശ്വാസം, യുക്തിവാദം). അതേ സമയം അയാൾക്ക് നിങ്ങളിഷ്ടപ്പെടുന്ന ചില ‘ഗുണ’ങ്ങൾ - സൗഹൃദങ്ങളോടുള്ള പ്രതിബദ്ധത, കരുണ, പരിസ്ഥിതിസ്നേഹം) ഉള്ളതായും നിങ്ങൾക്കറിയാം. ഈ പ്ലസ് & മൈനസ് അറിഞ്ഞു കൊണ്ടു തന്നെ നിങ്ങൾ അയാളെ സുഹൃത്തായി സ്വീകരിക്കുന്നു. ആ മൈനസുകൾ അയാളുടെ വ്യക്തിതാല്പര്യമാണെന്നും അതേ ചൊല്ലി തർക്കിക്കാനില്ലെന്നും അഥവാ തർക്കമുണ്ടായാൽ തന്നെ അതൊരു വഴക്കിന്റെ പരിധിയിലേക്ക് നീങ്ങരുതെന്നും നിങ്ങൾ കരുതലെടുക്കുന്നു.

അതേ സമയം ഇതേ വിട്ടുവീഴ്ച്ചകൾ പുലർത്തി കൊണ്ട് - വെറുക്കേണ്ടതായി കണ്ടെത്തിയത് വ്യക്തിയോടുള്ള വെറുപ്പായി മാറാതെ സൂക്ഷിച്ചുകൊണ്ട്, മറ്റുബന്ധങ്ങൾ, വിശേഷിച്ചും സൗഹൃദം എല്ലാവരോടും നാം തുടരാറുണ്ടോ ?

ചിലരിൽ, വെറുപ്പിക്കുന്ന ചില നിലപാടുകൾ കണ്ടെത്തിയാലും നാം അവരോടുള്ള സൗഹൃദം തുടരുന്നു. മറ്റു ചിലരിൽ അതേ നിലപാടുകൾ കണ്ടെത്തിയാൽ അവരോട് ‘പങ്കു വെട്ടുന്നു.’ യുക്തിവാദികളായവർക്ക് ധാരാളം വിശ്വാസി സുഹൃത്തുക്കളുണ്ടാവാറുണ്ട്. പക്ഷേ തന്നോടൊപ്പം യുക്തിവാദനിലപാടുകൾ സ്വീകരിച്ചിരുന്ന ഒരാൾ വിശ്വാസിയായി മാറിയാൽ അതോടെ സൗഹൃദം ‘മുറിയ്ക്കുന്നത്’ സാധാരണമായ കാഴ്ച്ചയാണ്, നേരെ തിരിച്ചും. രാഷ്ട്രീയമാറ്റമോ മതംമാറ്റമോ ഒക്കെയാവുമ്പോൾ സൗഹൃദം മുറിയ്ക്കുന്നതിനപ്പുറം കടന്ന് അത് നിതാന്തശത്രുതയിലേക്ക് പോലും കടക്കുന്നു.

ചുരുക്കത്തിൽ, സൗഹൃദം തുടരണമെന്ന് നാം ആഗ്രഹിക്കുന്ന ചിലർക്ക്, നാം ചില ഇളവുകൾ അനുവദിച്ചു കൊടുക്കുന്നു, തുടരണ്ട എന്നു നാം തീരുമാനിക്കുന്ന ചിലർക്ക് അതേ ഇളവുകൾ നിഷേധിക്കുന്നു.

ആരാണവിടെ സൗഹൃദം മുറിച്ച യഥാർത്ഥ’പ്രതി’ ? ആരാണവിടെ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചത് ?

ഈ നിരീക്ഷണങ്ങളും ചോദ്യങ്ങളും ഉള്ളിൽ വച്ചു കൊണ്ട് ഫേസ്ബുക്ക്, വാട്ട്സാപ്പ് പോലുള്ള സോഷ്യൽമീഡിയകളെ പരിശോധിക്കുക.

വ്യത്യസ്ത ഇഷ്ടാനിഷ്ടങ്ങളുള്ള മനുഷ്യരെ കൂട്ടിയിണക്കുന്ന ‘നിർബന്ധിത പരസ്പരാശ്രിതത്വ’വും, യോജിപ്പും വിയോജിപ്പുമുള്ള അനവധി വിഷയങ്ങൾ ചർച്ച ചെയ്യാനും അതിനനുസരിച്ച് ആ കൂട്ടത്തിലുള്ളവർക്കിടയിൽ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന കൂട്ടായ്മകൾ രൂപപ്പെടാനുള്ള അവസരവും അതുവഴി മനുഷ്യബന്ധങ്ങളും സഹിഷ്ണുതയും സൗഹൃദങ്ങളും ശക്തിപ്പെടുത്താനും ഈ മാധ്യമങ്ങൾ അവസരം നൽകുന്നുണ്ടോ ?

തീർച്ചയായും ഉണ്ട്.

പക്ഷേ നമ്മിൽ ഭൂരിഭാഗം പേരും അതുപയോഗപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല, തനിക്ക്/തങ്ങൾക്കു ചുറ്റും ആകാശത്തോളം മതിലുകൾ പണിതുയർത്താനുമാണ് ഈ മാധ്യമങ്ങളിലൂടെ ശ്രമിക്കുന്നത്.

കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളെ കുറിച്ചും മലപ്പുറത്തെ മുസ്ലീം വർഗ്ഗബോധത്തെ കുറിച്ചും പൂങ്കുന്നത്തെ ബ്രാഹ്മണബെൽട്ടിനെ കുറിച്ചുമെല്ലാം പരാതിപ്പെടുന്നവർ തന്നെ, തനിക്കിഷ്ടപ്പെടാത്ത ചില നിലപാടുകളെടുക്കുന്നതിന്റെ പേരിൽ മറ്റു ചിലരെ ബ്ലോക്ക് ചെയ്യാനും തനിക്കു യോജിപ്പില്ലാത്തവരെ പുറത്തിരുത്തി ഗ്രൂപ്പുകൾ രൂപീകരിച്ച് അതിൽ മാത്രം ഒതുങ്ങി നിൽക്കാനും അതെല്ലാം അഭിമാനത്തോടെ വിളിച്ചു പറയാനും തയ്യാറാവുന്നു.

മറ്റു ചിലരാവട്ടെ, എല്ലാം ചർച്ച ചെയ്യാനും യോജിക്കാനും വിയോജിക്കാനും അവസരമുള്ള ഇടങ്ങളിൽ എല്ലാകാലത്തും മറ്റു ചിലർക്ക് വിയോജിപ്പുള്ള വിഷയങ്ങൾ മാത്രം ചർച്ചയ്ക്കെടുത്തുകൊണ്ട് അവരോട് തങ്ങൾക്കുള്ള വെറുപ്പും വിദ്വേഷവും എല്ലാ കാലത്തേയ്ക്കും നിലനിർത്താൻ ശ്രമിക്കുന്നു. ഫേക്കുകളായി വന്ന് തന്റെ വെറുപ്പും വിദ്വേഷവും ച്ഛർദ്ദിച്ചു വെക്കാനുള്ള ഇടമായി സോഷ്യൽമീഡിയകളെ ഉപയോഗിക്കുന്നവരും കുറവല്ല.

എന്നാൽ ഇത്തരം മനുഷ്യരിൽ പലരും തന്നെ, തങ്ങളുടെ കുടുംബത്തിലും സൗഹൃദത്തിലും ഇതേ വിയോജിപ്പുകൾ അതിരുകവിയാതെ സൂക്ഷിച്ച് ബന്ധങ്ങൾ നിലനിർത്താൻ ശ്രമിക്കുന്നവരാണ് എന്നുള്ളത് കൗതുകരമായി തോന്നിയിട്ടുണ്ട്. ഈ സഹിഷ്ണുത സോഷ്യൽമീഡിയയിലേക്ക് പകർത്തുന്നതിനു പകരം, ഇവിടെയുള്ള ഇത്തരം അസഹിഷ്ണുതകൾ ജീവിതത്തിലേക്ക് പകർത്തുന്ന മനുഷ്യർ രൂപപ്പെടുന്നുണ്ട് എന്നുള്ളത് ഒരു ദുരന്തസൂചനയാണ്.

ആശയങ്ങളോടാണ്, അതു പുലർത്തുന്ന മനുഷ്യരോടല്ല ശത്രുത പുലർത്തേണ്ടതെന്നും അവരുമായി ആരോഗ്യകരമായ സംവാദങ്ങളാണ് ഉണ്ടാവേണ്ടതെന്നുമുള്ള ജനാധിപത്യപാഠമാണ് ഇത്തരം നീക്കങ്ങളിലൂടെ ദുർബലപ്പെടുന്നത്. വിയോജിപ്പുള്ള എല്ലാവരേയും പുറത്താക്കി വാതിലുകൾ കൊട്ടിയടയ്ക്കല്ലല്ല മാനവീകതയെന്ന് ഇക്കൂട്ടർ മറന്നു പോകുന്നു. ശാസ്ത്രം പോലെ തന്നെ, ഇത് ഈ മാധ്യമങ്ങളുടെ പോരായ്മയല്ല, അതു കൈകാര്യം ചെയ്യുന്ന മനുഷ്യരുടെ വീഴ്ച്ചയാണ്. സോഷ്യൽ മീഡിയയെ, അത്തരം വീഴ്ച്ചകളില്ലാതെ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്തുന്ന നല്ല മനുഷ്യരും അപൂർവ്വമായെങ്കിലും നമുക്കിടയിലുണ്ടെന്നുള്ളത് ഒരാശ്വാസമാണ്.


@ Manoj V D Viddiman
*ചിത്രത്തിനു കടപ്പാട്.  



Tuesday, December 05, 2017

ജയ് ഇന്ത്യൻ ഭരണഘടന

അന്യമതസ്ഥരെ/അന്യവിശ്വാസികളെ തകർക്കണം എന്ന ആഹ്വാനമുള്ള /വ്യാഖ്യാനിക്കാവുന്ന വരികൾ പൊതുവെ ഏതു മതഗ്രന്ഥങ്ങൾ വായിച്ചാലും കണ്ടെത്താൻ പ്രയാസമുണ്ടാവില്ല. അതുപോലെ തന്നെ അന്യമതസ്ഥരോട് പൊരുത്തപ്പെട്ട് ജീവിക്കണമെന്ന് വ്യാഖ്യാനിക്കാവുന്ന വരികളുമുണ്ടാവും.( അപവാദമെന്നു പറയാവുന്നത് ബുദ്ധ, ജൈന മതങ്ങളാണെന്ന് തോന്നുന്നു. പക്ഷേ ആ മതങ്ങളുടേ അനുയായികൾ തന്നെ ഇത്തരം രണ്ട് ചിന്തകളും തങ്ങളുടെ മതത്തോട് കൂട്ടി ചേർത്തിട്ടുണ്ടാവും. ബുദ്ധമതഅനുയായികൾ റോഹിഗ്യൻ മുസ്ലീങ്ങളെ വേട്ടയാടുന്നതും അമിത്ഷാ എന്ന ജൈനന്റെ മുസ്ലീംവിദ്വേഷവും ഉദാഹരണങ്ങൾ)

സ്വാഭാവീകമായും മതങ്ങളുള്ള കാലം മുതൽ തന്നെ ഈ രണ്ട് ധാരകളിലുമുള്ള അനുയായികളും മതങ്ങളുടെ പിറവി മുതൽ ഉണ്ട്. ജൂത-ക്രിസ്ത്യൻ, ജൂത-മുസ്ലീം, മുസ്ലീം-ക്രിസ്ത്യൻ, ഹിന്ദു-ബൗദ്ധ, ഹിന്ദു-ജൈന, ഹിന്ദു-മുസ്ലീം സംഘർഷങ്ങളൊക്കെ ചരിത്രാതീതകാലം മുതൽ തുടർന്നു വരുന്നതും അതുകൊണ്ടു തന്നെ. സമാധാനജീവിതം നയിക്കുന്ന ധാരാളം അനുയായികളുള്ളപ്പോഴും ഇത്തരം മതങ്ങൾക്ക് സമീപകാലനൂറ്റാണ്ടിൽ നാസി, ക്ലൂ ക്ലസ്സ് ക്ലാൻ, ലോർഡ്സ് റെസിസ്റ്റൻസ് ആർമി, ആർ എസ്സ് എസ്സ്, ശിവസേന, ഹിന്ദുമഹാസഭ, , ഐസിസ്, SDPI തുടങ്ങിയ പിന്തുടർച്ചക്കാരും ഇവർ സൃഷ്ടിച്ച കുരുതികളും ഉദാഹരണമായി തുടരുകയും ചെയ്യുന്നു.

അതായത് ഒരു മതത്തിൽപ്പെട്ട എല്ലാവരും അക്രമികളാണ് എന്ന് അന്യമതസ്ഥരോ മതമില്ലാത്തവരോ ആരോപിക്കുന്നതുപോലെ തന്നെ വാസ്തവിരുദ്ധമാണ് തങ്ങളുടേ മതാനുയായികളെല്ലാം സമാധാനപ്രിയരാണ് എന്ന ഓരോ മതവിശ്വാസിയുടെ വാദവും.

ഇന്ത്യ, ഇത്തരം അനേകം സംഘർഷങ്ങളിലൂടെയും കുരുതികളിലൂടെയും സമന്വയങ്ങളിലൂടെയും കടന്നുപോയ രാഷ്ട്രമാണ്. മതം മാത്രമല്ല, ജാതിയും പ്രാദേശീകതയും ഭാഷയും അതിർത്തിയുമെല്ലാം പുഴയും മലയുമെല്ലാം ഇവിടെ സംഘർഷങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ആ സംഘർഷങ്ങളുടെ ചോരച്ചാലുകളിലൂടെയും കണ്ണീരുറവകളിലൂടെയും കടന്നുവന്ന ഒരു ജനതയാണ് ഇവിടത്തെ ഭരണഘടന രൂപപ്പെടുത്തിയത്.

അത്തരം സംഘർഷങ്ങൾക്കിടയിലും സ്നേഹവും അഹിംസയും സഹിഷ്ണുതയും കൊണ്ട് സമന്വയങ്ങൾ സാധ്യമാണെന്ന് ഇന്ത്യാക്കാരെ ബോധ്യപ്പെടുത്തിയത് തന്റെ ജീവിതം തന്നെ സത്യാന്വേഷണത്തിനു വേണ്ടി മാറ്റി വച്ച ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളിൽ അശാസ്ത്രീയതയും സ്ത്രീവിരുദ്ധതയുമെല്ലാം ഉൾക്കൊണ്ടിരുന്നു. പക്ഷേ തന്റെ കാലത്തുള്ള മറ്റൊരു ശാസ്ത്ര/യുക്തിവാദിയുടേയും ചിന്തയേക്കാൾ മാനവീകതയും കരുണയും സഹിഷ്ണുതയും ആ ദർശനങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ആ മനുഷ്യൻ പട്ടിണികിടന്നപ്പോൾ പരസ്പരം ചൂണ്ടിയിരുന്ന വാളുകളും തോക്കുകളുമുപേക്ഷിച്ച് മനുഷ്യർ ആ ഏകനായ സത്യാന്വേഷിക്കു വേണ്ടി ആകുലപ്പെട്ടത്.

ആ ദർശനത്തിലെ പിടിവാശികൾ ഇന്ത്യൻ ഭരണഘടനയെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തങ്ങൾക്ക് കിട്ടേണ്ടത് ഇതിലുണ്ട് എന്ന് ആശ്വസിക്കുകയും തങ്ങൾക്ക് ഇനിയും പലതും കിട്ടാനുണ്ട് എന്ന് അതേസമയം തന്നെ പരിതപിക്കുകയും ചെയ്യുന്ന മതവിശ്വാസികളും മതഅവിശ്വാസികളും പിന്തുടരുന്ന ഭരണഘടന രൂപപ്പെട്ടത്. 'അവിയൽ' എന്ന് ഇരുകൂട്ടരും ഈ ഭരണഘടനയെ ഇകഴ്ത്തുന്നതും അതുകൊണ്ടു തന്നെ., പക്ഷേ എന്തൊക്കെ ആരോപണങ്ങളുണ്ടായാലും ഇതുപോലെ വൈവിധ്യങ്ങളും നാനാത്വങ്ങളും നിറഞ്ഞ ജനതയുടെ ബൈബിളും ഖുറാനും ഗീതയും സയൻസുമായി മാറി ഏകരൂപത്തിൽ അവരെ നയിക്കാൻ ഇങ്ങനെയൊന്നല്ലാതെ മറ്റൊന്നിനും സാധ്യമല്ലെന്ന് കരുതുന്നു.

അതുകൊണ്ട് മതാനുയായികളേ, യുക്തിവാദികളേ, മതനിരാസകരേ, നിങ്ങളുടെ മത/യുക്തി/ശാസ്ത്രഗ്രന്ഥങ്ങൾക്കൊപ്പം നിങ്ങളീ മഹദ്ഗ്രന്ഥം കൂടി ഹൃദിസ്ഥമാക്കുക. ഇത് നിങ്ങൾക്ക് നൽകിയ അവകാശങ്ങൾക്കൊപ്പം അപരന് അനുവദിച്ചിരിക്കുന്ന അവകാശങ്ങളെ കുറിച്ചും പഠിക്കുക. രാഷ്ട്രം നമ്മളെ ഏല്പിച്ച ഉത്തരവാദിത്തളെക്കുറിച്ച് ജാഗ്രത്താവുക. നിങ്ങൾക്കും അന്യനും സമാധാനത്തോടെ ജീവിക്കാൻ ഇത് ഉൾക്കൊള്ളുകയെന്നതല്ലാതെ കൂടുതലൊന്നും വേണ്ടതില്ല.

ജയ് ഇന്ത്യൻഭരണഘടന.

@ Manoj V D Viddiman

Friday, November 24, 2017

'കുറുന്തോട്ടിയ്ക്കും വാതം' എന്ന് അതിശയപ്പെടാവുന്ന രീതിയിൽ മാതൃഭൂമി ദിനപത്രത്തിൽ വന്ന ഒരു വാർത്തയാണ്  ഈ കുറിപ്പിനാധാരം.

മെഡിക്കൽ കോളേജിലെ പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗത്തിൽ  ആറു വർഷത്തോളം ജോലി ചെയ്ത പരിചയം വെച്ചാണ് ഇതെഴുതുന്നത്.  നിരീക്ഷണങ്ങളും ചിന്തകളും തികച്ചും വ്യക്തിപരമാണ് എന്ന് ആദ്യമേ ഓർമ്മിപ്പിക്കട്ടെ.

1. ജോലിയുടെ ആധിക്യം മൂലം അമിതമായ  മാനസീകസമ്മർദ്ദം അനുഭവിക്കുന്നവരാണ് മെഡിക്കൽ കോളേജിലെ ഭൂരിഭാഗം  ഡോക്ടർമാരും എന്നു തോന്നിയിട്ടുണ്ട്.  ജനകീയരായ ഡോക്ടർമാരുടെ കാര്യം പറയുകയും വേണ്ട. പറഞ്ഞും കേട്ടും ഇത്തരം  ഡോക്ടർമാരെയാണ്  അതേ വിഭാഗത്തിലെ മറ്റു ഡോക്ടർമാരേക്കാൾ രോഗികളധികവും ആശ്രയിക്കുക.  ചിലരൊക്കെ അത് സമർത്ഥമായി അതിജീവിക്കുന്നതും കണ്ടിട്ടുണ്ട്.  വിഭാഗങ്ങളും വ്യക്തികളും തമ്മിലുള്ള  അപൂർവമായുണ്ടാകുന്ന പടലപ്പിണക്കങ്ങളും  മാനസീകസമ്മർദ്ദമുണ്ടാക്കുന്ന മറ്റൊരു ഘടകമായി തോന്നിയിട്ടുണ്ട്.

2.  കാന്റീനിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഡോക്ടർമാർ തന്നെ പഴംപൊരിയും  ഓംലെറ്റും ബീഫും പൊറോട്ടയുമെല്ലാം കഴിക്കുന്നത് കണ്ട്  ഞാൻ അന്തംവിട്ടിട്ടുണ്ട്. ( എന്റെ ഓർമ്മയിൽ തന്നെ  തൃശ്ശൂർ മെഡിക്കൽ കോളേജിലെ രണ്ടു ഡോക്ടർമാർ ഹൃദയസ്തംഭനം മൂലം മരിച്ചിട്ടുണ്ട്.)   റെഡ്മീറ്റും മുട്ടയും എണ്ണയിൽ പൊരിച്ച പലഹാരങ്ങളുമെല്ലാം കഴിക്കുന്നതാണ്  ജീവിതശൈലീ രോഗങ്ങളുണ്ടാക്കുന്നതെന്ന് അഭിപ്രായപ്പെടുന്ന ഡോക്ടർമാർ തന്നെ എന്തുകൊണ്ട് ഇതു തന്നെ കഴിക്കുന്നു എന്ന ചോദ്യത്തിന് എനിക്ക്  നാല് ഉത്തരങ്ങളാണ്  സ്വയം ലഭിച്ചത് : 

1. ഓരോരുത്തരും തങ്ങൾ പണിയെടുക്കുന്ന മേഖലയിൽ പ്രാവീണ്യമുള്ളവരാണെന്ന് സ്വയം കരുതുന്നതു പോലെ, തങ്ങൾ തങ്ങളുടെ ഭിഷഗ്വരവൃത്തിയും  തങ്ങൾക്കോ സമൂഹത്തിനോ യാതൊരു പ്രശ്നങ്ങളുമില്ലാതെ, മികച്ച പ്രാവീണ്യത്തോടെ ചെയ്തു തീർക്കുന്നുണ്ട് എന്ന് ഡോക്ടർമാർ കരുതുന്നു.  അതുകൊണ്ടു തന്നെ, പ്രത്യേക പരിശോധനകളൊന്നും കൂടാതെ  സ്വന്തം ശരീരവും മനസ്സും  യാതൊരു പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നുണ്ട് എന്ന അതിരു കടന്ന ആത്മവിശ്വാസം ഡോക്ടർമാരെ നയിക്കുന്നുണ്ട്.

2. തിരക്കു മൂലം  സ്വന്തം ആരോഗ്യത്തെ വിലയിരുത്താനും പരിശോധിക്കാനും മാത്രം വേണ്ടത്രസമയം പല ഡോക്ടർമാർക്കും ജീവനക്കാർക്കും ലഭിക്കുന്നില്ല.

3. തിരക്കുകൾക്കിടയിൽ  ഡോക്ടർമാർക്ക് ആശുപത്രി കാന്റീൻ അല്ലാതെ  മറ്റൊരു ഓപ്ഷൻ ലഭ്യമല്ല.

4. പരിശോധനയിലെ തിരക്കുകൾക്കിടയിൽ ആകെ ആസ്വദിച്ചു ചെയ്യാവുന്ന കാര്യം ഭക്ഷണം കഴിക്കൽ മാത്രമാണ്. അത് സ്വാദിഷ്ടമാക്കാൻ ശ്രമിക്കുന്നു. 

ഈ പ്രശ്നങ്ങൾക്ക്  പരിഹാരമായി തോന്നുന്ന കാര്യങ്ങൾ :

1.  മാനസീകസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള കൗൺസിലിങ്ങ്/മറ്റ് ഉപാധികൾ നൽകണം. ഓരോ ഡിപ്പാർട്ട്മെന്റിനും ഒരു വ്യായാമകേന്ദ്രം തുടങ്ങുകയും ഡോക്ടർമാർ നിർബന്ധമായും ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.  ഇതിന് ഒരു നിശ്ചിത തുക വാടക ഈടാക്കുന്നതിലും തെറ്റില്ല. വ്യായാമ ഉപകരണങ്ങൾ വാങ്ങാനും അറ്റകുറ്റപ്പണികളും നടത്താനും  മാത്രമേ ഈ തുക ഉപയോഗിക്കാവൂ.  ഡോക്ടർമാരുടേയും ജീവനക്കാരുടേയും ഒരു ഓൺലൈൻ ആരോഗ്യഡയറക്ടറി തയ്യാറാക്കണം ചുരുങ്ങിയത് ആറു മാസം കൂടുമ്പോഴെങ്കിലും എല്ലാവരും നിർബന്ധമായും ആവശ്യമായ ടെസ്റ്റുകൾ നടത്തി ഈ ഡയറക്ടറി അപ് ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം.  എല്ലാ മെഡിക്കൽ കോളേജിലും ഈ സംവിധാനം ആരംഭിക്കുകയാണെങ്കിൽ ജീവനക്കാരൻ/ഡോക്ടർ ട്രാൻസ്ഫർ ആവുമ്പോൾ ഇത് ട്രാൻസ്ഫറായ ഇടത്തേയ്ക്ക് ലഭ്യമാക്കണം. 

2. കാന്റീനു പുറമേയോ കാന്റീനൊപ്പമോ  ഒരു ഫ്രൂട്ട്സ്റ്റാൾ കം ലഘുഭക്ഷണശാല ആരംഭിക്കണം. വിപണിയിൽ ലഭ്യമായ പഴങ്ങൾക്കു പുറമേ വിവിധയിനം വാഴപ്പഴങ്ങൾ, ചക്ക, മാങ്ങ, തുടങ്ങിയ നാടൻപഴവർഗ്ഗങ്ങളും കരിക്കുമെല്ലാം ഇവിടെ ലഭ്യമാക്കണം. കൂടാതെ എണ്ണയിൽ പൊരിക്കാത്ത വിഭവങ്ങളായ അവൽ, അട(അടകൾ തന്നെ പലതരമുണ്ട് ), പുട്ട്-കടല, ഇഡ്ഡലി,  കൊഴുക്കട്ട, എള്ളുണ്ട, അരിയുണ്ട,  കപ്പ, കാച്ചിൽ  പുഴുങ്ങിയത്,  ഗ്രീൻ ടീ തുടങ്ങിയവയും നൽകണം. ലാഭക്കൊതിയില്ലാത്ത, ഈ ആശയം ഉൾക്കൊള്ളുന്ന ഒരു നടത്തിപ്പുകാരനെ കണ്ടുപിടിക്കണം.  ആത്മാർത്ഥതയുള്ള കുടുംബശ്രീ യൂണിറ്റ് വിചാരിച്ചാൽ പറ്റും.

-------------

വാൽക്കഷണം : ഡോക്ടർമാർ മാത്രമല്ല  പല വിഭാഗങ്ങളിലെ സർക്കാർജീവനക്കാരും അമിതമായ മാനസീകസമ്മർദ്ദം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട്, മേല്പറഞ്ഞവയൊക്കെ അത്തരം സർക്കാർ ജീവനക്കാർക്കും വിഭാഗങ്ങൾക്കും ലഭ്യമാക്കുന്ന കിനാശ്ശേരിയാണെന്റെ സ്വപ്നം.

Tuesday, November 21, 2017

കിണറിന്റെ കുറ്റിയും ശാസ്ത്ര സാഹിത്യ പരിഷത്തും.

ശ്രീ ജെഫ്രീ ജേക്കബ്ബ് :  ദൈവത്തെക്കുറിച്ച് പരിഷത്തിന്റെ നിലപാടെന്താ? പലതവണ ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ പരിഷത്ത് പ്രവര്‍ത്തകന്‍ വിശദീകരിച്ചതിങ്ങനെ. കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം കിനര്‍കുഴിക്കാനുള്ള സ്ഥാനം നിര്‍ണ്ണയിക്കും. അവിടെ ഒരു കുറ്റിയടിക്കും. ആ കുറ്റിയെ കേന്ദ്രമാക്കിയുള്ള വൃത്തത്തിലാണ് കിണര്‍ കുഴിക്കുന്നത്. കിണര്‍ കുഴിക്കാന്‍ തുടങ്ങുമ്പോള്‍ കുറ്റി എടുത്തുകളയെണ്ടേ എന്ന ചോദ്യം ആവശ്യമില്ല. വൃത്ത കേന്ദ്രത്തില്‍ നില്‍ക്കുന്ന കുറ്റി നിലനിറുത്തിക്കൊണ്ട് കിണര്‍ കുഴിക്കാന്‍ ആവില്ല. മറ്റൊരു രീതിയില്‍ കിണറാണ് കുഴിക്കുന്നതെങ്കില്‍ കുറ്റി നിലനില്‍പില്ലാതെ ഇല്ലാതാവുകതന്നെ ചെയ്യും. ഈ നാട്ടിലെ എല്ലാവര്‍ക്കും "ശാസ്ത്ര ബോധവും, ശാസ്ത്രീയമായി പ്രശ്നങ്ങളെ വിശകലനം ചെയ്യാനും, ശാസ്ത്രീയമായ പ്രശ്നപരിഹാരം കണ്ടെത്താനും ശേഷി ഉണ്ടാകുമ്പോള്‍ വിശ്വാസങ്ങളുടെ എല്ലാ കുറ്റികളും ഇല്ലാതാവും. പരിഷത്ത് കേവല യുക്തിവാദ പ്രചാരണം നടത്തുന്ന ഒരു സംഘടനയല്ല. അങ്ങനെ ആവുകയും അരുത്. പരിഷത്ത് ജനകീയ ശാസ്ത്ര പ്രസ്ഥാനമായി തന്നെ നിലനില്‍ക്കണം. ശ്രീ. രവിചന്ദ്രൻ സി :
പ്രിയ ജെഫ്രി, പരിഷത്ത് യുക്തിവാദിസംഘമാകണമെന്നോ തിരിച്ചാകണമെന്നോ ഉള്ള ആവശ്യം പ്രസക്തമല്ല. പരിഷത്ത് ശാസ്ത്രീയ അവലോകനരീതിയും മുന്‍വിധികളും വെച്ചുപുലര്‍ത്തേണ്ടതുണ്ട്. ദൈവത്തെയും പ്രേതത്തേയും നേരിടാന്‍ താല്പര്യമില്ലെന്നൊക്കെ പറയുന്നതില്‍ കഥയില്ല. മറിച്ചു തീരുമാനിച്ചാലും കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല. വഴി മാറിപ്പോകുന്നത് തന്നെയാണ് ബുദ്ധി. ഇക്കാര്യത്തില്‍ ഉന്നയിക്കുന്ന പല ഉപമകളും സ്വയംപരാജയപ്പെടുത്തുന്നവയാണ്. കിണറ് കുഴിച്ച് കഴിഞ്ഞാല്‍ സ്ഥാനംകാണാന്‍ ഉപയോഗിച്ച കുറ്റി കാണില്ലെന്ന ഉപമ ഇവിടെ ഒട്ടും പൊരുത്തപ്പെടാത്തതാണ്. കുറ്റി എവിടെപ്പോകും? കിണറു കുഴിക്കുന്ന ആള്‍ അത് എടുത്ത് ദൂരെയെറിയണം. എങ്കിലേ അത് മാറിപ്പോകൂ. അല്ലാതെ സ്വയം ആവിയാകുമെന്ന് കരുതാന്‍ വയ്യ. മറിച്ചായാല്‍ കുറ്റികൂടി കിണറിനകത്തായിപ്പോകും, അതവിടെ കിടന്ന് ജീര്‍ണ്ണിച്ച് നാറും, വെള്ളം കുടിക്കാന്‍ കൊള്ളതാകും. അതാണ് കൃത്യമായും പരിഷത്ത് പോലുള്ള പ്രസ്ഥാനങ്ങളില്‍ സംഭവിക്കുന്നത്. തൊട്ടുതേക്കലുകളും ഒഴിഞ്ഞുമാറലുകളും തെറ്റല്ല. ശാസ്ത്രം പഠിപ്പിച്ചാല്‍, ശാസ്ത്ര പുസ്തകങ്ങള്‍ വിതരണം ചെയ്താല്‍ ജനത്തെ ശാസ്ത്രീയബോധമുള്ളവരാക്കി മാറ്റാം എന്നത് മറ്റൊരു അന്ധവിശ്വാസമാണ്. ശാസ്ത്രജ്ഞാനവും(scientific knowledge) ശാസ്ത്രീയമനോവൃത്തിയും(scientific temper) തമ്മിലുള്ള അന്തരം പ്രകാശവര്‍ഷങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തേണ്ട ഒന്നാണ്.

ശ്രീ. ജെഫ്രി ജേക്കബ്ബ് :
അതുകൊണ്ടാണ് സാര്‍, പരിഷത്തിന്റെ  പ്രവര്‍ത്തന മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ജീവശാസ്ത്രവും വൈദ്യശാസ്ത്രവും  പഠിച്ച ഡോക്ടര്‍ ശസ്ത്രക്രിയക്ക് മുന്പ് പ്രാര്‍ഥിക്കാന്‍ പോകുന്നതും വൈദ്യശാസത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആള്‍ "റെഡി ടു വെയിറ്റ്" ക്യാമ്പൈനിന്റെ വക്താവാകുന്നതും, ആസ്ട്രോ ഫിസിക്സില്‍ ഡോക്ടരേറ്റ് ഉള്ള ആള്‍ ബാങ്ക് വിളികേട്ടാല്‍ നമസ്കാരത്തിനായി പള്ളിയിലേക്ക് ഓടുന്നതും, റോക്കറ്റ് വിക്ഷേപിക്കുന്നതിന് മുന്പ് ഗണപതിപൂജക്കൊരുങ്ങുന്നതും പഠിച്ച ശാസത്രത്തില്‍ വിശ്വാസമില്ലാത്തത് കൊണ്ടല്ല, മറിച്ച് ശാസ്ത്ര ബോധം ഉള്ളവനാക്കി അയാളെ മാറ്റാന്‍ നമ്മുടെ വിദ്യാഭ്യാസ പദ്ധതിക്ക് കഴിയാത്തത് കൊണ്ടാണ്.
പരിഷത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഈ ദിശയിലുള്ളതാണ്.  പ്രവര്‍ത്തകരില്‍ ശാസ്ത്രബോധം നഷ്ടപ്പെടുന്നുവെങ്കില്‍ അത് പരിശോധിക്കേണ്ടത് തന്നെയാണ്. തര്‍ക്കമില്ല. പരിഷത്തിലെക്ക് ആളുകള്‍ വരുന്നത് പല പല പ്രവര്‍ത്തനങ്ങളില്‍ ചിലതിലെല്ലാം ആകൃഷ്ടരായാണ്. സംഘടനയില്‍ വന്ന ശേഷമാണ് പലരും പരിഷത്ത് എന്താണെന്ന് സമഗ്രമായി അറിയുന്നത്. അതില്‍ തന്നെ എത്രമാത്രം സമഗ്രതയോടെയാണ് മനസ്സിലാക്കുന്നതെന്ന കാര്യത്തിലും സംശയമുണ്ട്. ഇപ്പോള്‍ യുവസമിതി വഴി ഇരച്ചുകയറി വരുന്ന ഒരു പുതു തലമുറ പ്രതീക്ഷ നല്‍കുന്നതാണ്. അവര്‍ ഏറെക്കുറെ എല്ലാവരും ശാസ്ത്ര ബോധം ഉള്ളവരാനെന്നാണ് മനസ്സിലാക്കുന്നത്. അല്ലാത്തവര്‍ സംഘടനിയിലോ യുവസമിതിയിലോ നിലനില്‍ക്കുന്നുമില്ല. അവര്‍ ഏതാണ്ട് മുഴുവനായും മറയില്ലാതെ കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ടെന്നും മനസ്സിലാക്കുന്നു. ജ്യോതിഷം, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പരിഷത്ത് ഇടപെട്ടപോലെ മറ്റേതെങ്കിലും സംഘടന ഇടപെട്ടിട്ടുണ്ടോ എന്നതും സംശയമാണ്.

പ്രകൃതി സമൂഹം ശാസ്ത്രം ക്ലാസ്സുകള്‍, ശാസ്ത്രവും വിശ്വാസവും ക്ലാസ്സുകള്‍, ജ്യോതിശാസ്ത്ര ക്ലാസ്സുകള്‍............ തുടങ്ങി ശാസ്ത്ര സത്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പരിഷത്ത് പോലെ ശ്രമിച്ച ഏതെങ്കിലും ഒരു സംഘടനയെ/സംഘത്തെ കേരളത്തില്‍ കാണിക്കാന്‍ കഴിയുമോ? ഈ ഞാന്‍ തന്നെ ഈ വിഷയങ്ങളില്‍ എടുത്തിട്ടുള്ള ക്ലാസുകള്‍ എത്രയാണെന്ന് ഓര്‍മ്മയില്ല. ക്ലാസ്സിന്റെ അനന്തരഫലങ്ങലായ ഒട്ടേറെ ആവേശം കൊള്ളിക്കുന്ന അനുഭവങ്ങള്‍ ഉണ്ട്. വിസ്തര ഭയത്താല്‍ എഴുതുന്നില്ല. അങ്ങനെ ഒട്ടേറെ അനുഭവങ്ങള്‍ ഓരോ സജീവ പരിഷത്ത് പ്രവര്‍ത്തകനും പറയാനുണ്ടാവും. പരിഷത്തിന്റെ ഓരോ പ്രവര്‍ത്തനവും അതിന്റെ പ്രഖ്യാപിത ലക്ഷ്യമായ "ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്" എന്ന ലക്ഷ്യത്തിലെക്കെത്താന്‍ എത്രമാത്രം സഹായിക്കും എന്ന് നേട്ടകോട്ട വിശ്ലേഷണം നടത്തിയാണ് തീരുമാനിക്കപ്പെടുന്നത്. പരിപാടിക്ക് വേണ്ടി പരിപാടി നടുത്തുന്ന ഒരു പരിപാടി പരിഷത്തിനില്ല. അതുകൊണ്ട് തന്നെ ചിലര്‍ക്കൊക്കെ എന്തുകൊണ്ടിങ്ങനെ എന്ന സംശയം ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഒരു കാര്യമേയുള്ളൂ........."റോമിലേക്കുള്ള വഴി പലതാണ്. ഒരേ ലക്ഷ്യത്തില്‍ സഞ്ചരിക്കുന്നവര്‍ അവിടെ വച്ച് കണ്ടുമുട്ടും." *റോം എന്ന് ഉദ്ദേശിച്ചത് മാര്‍പാപ്പയുടെ റോം അല്ലെന്നു പ്രത്യേകം എടുത്തു പറയട്ടെ. ഏതെങ്കിലും "വിശുദ്ധ നഗരവുമല്ല. ഇത് എന്റെ ചില ധാരണകള്‍ ആണ്. ഇപ്പോള്‍ പരിഷത്തില്‍ സജീവമല്ല. ഇപ്പോള്‍ സജീവമായുള്ള പരിഷത്തുകാരും ചര്‍ച്ചയിലേക്ക് വരട്ടെ. എന്തായാലും ഈ വിഷയം പരിഷത്തും ചര്‍ച്ച ചെയ്യേണ്ടതാണ്. തുടക്കമിട്ടതിനു രവിസാറിനു നന്ദി. പൊതു വേദിയില്‍ തന്നെ സംവാദം നടക്കട്ടെ.

----------------------------


എനിക്കു തോന്നിയത് :


കുറ്റി ഇവിടെ സ്വയം ഇല്ലാതാകുന്നതല്ല. പക്ഷേ കുറ്റി എടുത്തു കളയുന്ന പണി കിണർ കുഴിക്കുന്നതിനിടയിൽ സ്വാഭാവികമായി സംഭവിക്കുന്നു. ലക്ഷ്യം കിണർ കുഴിക്കുകയാണ്, കിണറ്റിൽ നിന്ന് അഴുക്കൊന്നുമില്ലാതെ വെള്ളം ലഭ്യമാക്കുകയാണ്. കുറ്റി കിണറ്റിൽ വീണ് അഴുകാതിരിക്കണമെങ്കിൽ, കിണർ താഴ്ത്തുന്നതിനിടയിൽ കുറ്റി എടുത്തു പുറത്തേക്കെറിയേണ്ടതുണ്ട് എന്ന ബോധം കിണർ നിർമ്മാണത്തെ കുറിച്ചുള്ള സമഗ്രമായ ബോധം പകർന്നു നൽകുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്നു. കുറ്റി അപ്രസക്തമാവുന്നു.

കിണർ കുഴിക്കുമ്പോൾ ആരോക്കെ ചേർന്ന് കുഴിക്കണം, വെള്ളം കിട്ടുമ്പോൾ ആരൊക്കെ ചേർന്ന് പങ്കിട്ടെടുക്കണം, വെള്ളം വറ്റാതിരിക്കാൻ എന്തു ചെയ്യണം എന്നൊക്കെ കൂടി ചർച്ചയും ചിന്തയും വരുമ്പോൾ അത്തരം സാമൂഹ്യ വിഷയങ്ങളേയും ശാസ്ത്രത്തിന്റേയും യുക്തിയുടേയും സഹായത്തോടെ നിർധാരണം ചെയ്യേണ്ടി വരുന്നു. ശാസ്ത്ര സംഘടന, സാമൂഹ്യ സംഘടന കൂടിയാവുന്നു.

പരിഷത്ത് ഇപ്പോൾ നേരിടുന്ന പ്രശ്നം, കിണർ നിർമ്മാണം സമഗ്രമായി അറിയാവുന്നവരെ സമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കാനാവുന്നില്ല, രൂപപ്പെടുത്തിയെടുക്കാനാവുന്നില്ല എന്നൊക്കെയുള്ളതാണ് കരുതുന്നു. അതിന്റെ ഒന്നാമത്തെ കാരണം, ഉപഭോക്തൃസംസ്ക്കാരത്തിന്റെ പിടിയിലമർന്ന് സാമൂഹ്യബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതക്കിടയിൽ നിന്ന് ഒഴുക്കിനെതിരെ നീന്താനും നിലവിൽ പല തരത്തിൽ നീന്തുന്നവരെ കണ്ടെത്തി അണിചേർക്കാനുമുള്ള ബുദ്ധിമുട്ടു തന്നെയാണ്. എതിരെയുള്ള ശക്തമായ ഒഴുക്കിൽ പലരും നീന്തൽ നിർത്തി കരയ്ക്കിരിക്കുകയോ 'ഇടയ്ക്കൊക്കെ ഒന്നു ഒപ്പം നീന്തിയാലെന്താ' എന്ന ചിന്തയിലേക്കോ - അങ്ങനെ പലതരത്തിലുള്ള സന്ധി ചെയ്യലുകൾക്കും കീഴടങ്ങലുകൾക്കും വിധേയരായി കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ പ്രതിസന്ധി പരിഷത്ത് മാത്രമായി നേരിടുന്നതാണെന്നും കരുതുന്നില്ല.

കിണർ കുഴിച്ചു തുടങ്ങുമ്പോഴേക്കും കുറ്റി പറിച്ചു കളയണം എന്നതിനായിരിക്കണം ഊന്നൽ എങ്കിൽ', കിണർകുഴിക്കൽ കുറ്റി പറിച്ചു കളയലിൽ മാത്രം ഒതുങ്ങി നിന്നേക്കാൻ ഇടയുണ്ട്. എന്തുകൊണ്ടെന്നാൽ, അങ്ങനെ നിർബന്ധവും വാശിയുമുള്ള ആളുകൾക്ക് മറ്റൊരിടത്ത് മറ്റുള്ളവർ കിണർ കുഴിക്കാൻ തുടങ്ങുമ്പോൾ ഉടനേ കുറ്റി പറിച്ചു കളയാൻ അങ്ങോട്ടോടേണ്ടി വരും. അത്തരം നിർബന്ധബുദ്ധിക്കാർക്ക് മിക്കവർക്കും തങ്ങൾക്കും സമൂഹത്തിനും വേണ്ടി കിണർ കുഴിക്കാൻ കഴിഞ്ഞെന്നു വരില്ല. അതേ സമയം കിണർ കുഴിക്കുകയും അതിൽ നിന്നു വെള്ളം കിട്ടുകയും ആവശ്യമായ സമൂഹത്തിലെ ഭൂരിപക്ഷവും കുറ്റി നിർത്തിയും കിണർ കുഴിച്ചവരുടെ പിന്നാലേ പോകേണ്ടിയും വരുന്നു. കേവലയുക്തിവാദം കൊണ്ട് മാത്രം സമൂഹത്തിനു വലിയ ഗുണമുണ്ടാകുന്നില്ല എന്നു പറയേണ്ടി വരുന്നത് അതുകൊണ്ടാണ്. അതേ സമയം എല്ലാവർക്കും വെള്ളവും വെളിച്ചവും ഭക്ഷണവും വീടും വരുമാനവും സ്വാതന്ത്ര്യവുമുള്ള, അസമത്വങ്ങൾ കുറവുള്ള ഒരു സമൂഹത്തിൽ അതിനു കൂടുതൽ വേരോട്ടം ലഭിക്കുമെന്ന് കാണാനും പ്രയാസമില്ല. ഒരു പക്ഷേ അതിനു മുമ്പേ തന്നെ അത്തരം സമൂഹം, കുറ്റി അപ്രസക്തമാണെന്ന് തിരിച്ചറിഞ്ഞെന്നും വരാം.

‌--------------------------------


നിരാകരണം : ഞാനോ ശ്രീ ജെഫ്രീ ജേക്കബോ പരിഷത്തിന്റെ ഔദ്യോഗീക വക്താക്കളല്ല.  ഇത്തരത്തിലൊരു മറുപടി പറയാൻ പരിഷത്ത് ഞങ്ങളെ ചുമതലപ്പെടുത്തിയിട്ടുമില്ല. ഞങ്ങൾ ഇരുവരുടേയും അനുഭവത്തിലും കാഴ്ച്ചപ്പാടിലുമുള്ള പരിഷത്ത് എന്താണെന്ന് പറയുക മാത്രമാണുദ്ദേശം. ശ്രീ. രവിചന്ദ്രൻ സി എഴുതിയ ഒരു ഫേസ് ബുക്ക് പോസ്റ്റിലാണ് ഈ ചർച്ച നടന്നിരിക്കുന്നത്. പോസ്റ്റിന്റെ ലിങ്ക് : അന്ധവിശ്വാസങ്ങളും പരിഷത്തും

Monday, October 09, 2017

ജാതി ഇല്ലാതാക്കാൻ

ജാതി ഇല്ലാതാക്കാൻ ജാതിയും സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കുന്നതും നിരോധിച്ചാൽ മതിയോ ?

മതിയായേക്കും. പക്ഷേ ഇന്ത്യൻ ഭരണഘടനയും ഇന്ത്യയിലെ ജനകോടികളും അതിനനുവദിക്കുമെന്ന് തോന്നുന്നില്ല. നൂറ്റാണ്ടുകളിലെ തലമുറകളിലൂടെ പടർന്നു കയറിയ ഈ വിഷവേര് ഒറ്റയടിക്ക് മുറിച്ച് മനുഷ്യജാതി മാത്രമായി ജീവിക്കാൻ ഇവിടത്തെ ഭൂരിപക്ഷജനത അനുവദിക്കാത്തിടത്തോളം കാലം അതേ കുറിച്ച് ചിന്തിക്കാനോ പറയാനോ പോലും ഇവിടത്തെ രാഷ്ട്രീയപാർട്ടികൾ തയ്യാറാവില്ല; കമ്മ്യൂണിസ്റ്റ് പാർട്ടികൾ പോലും. ചുരുങ്ങിയത്  പത്തുതലമുറകൾക്കെങ്കിലും  അതൊരു  ചിന്തിക്കാനാവാത്ത കാര്യമായി തന്നെ തുടരും.


നവോത്ഥാനകാലഘട്ടങ്ങൾ ശ്രദ്ധിക്കുക.

തങ്ങൾക്ക് നിഷേധിക്കപ്പെട്ട പേരുകൾ  തങ്ങളുടേ കുഞ്ഞുങ്ങൾക്ക് ഇട്ടുകൊണ്ട് അടിച്ചമർത്തപ്പെട്ടവർ മുന്നോട്ടുവരാൻ തുടങ്ങിയപ്പോൾ, തങ്ങളുടെ വർഗ്ഗത്തിന്റെ മേധാവിത്ത അടയാളങ്ങളും ജാതിപ്പേരുകളും ഉപേക്ഷിച്ചുകൊണ്ട്  അടിച്ചമർത്തപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്  സവർണ്ണരിലെ മനുഷ്യസ്നേഹികൾ ചെയ്തത്.

തങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഓരോയിടത്തും  'തുല്യത' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട്  കടന്നു ചെല്ലാൻ അടിച്ചമർത്തപ്പെട്ടവർ പോരാട്ടങ്ങൾ തുടങ്ങിയപ്പോൾ യാഥാസ്ഥിതികർ അടച്ചു കളഞ്ഞ  വാതിലുകൾ തുറന്നുകൊടുക്കാൻ അവർക്കൊപ്പം അണിചേരുകയാണ് സവർണ്ണരിലെ മനുഷ്യസ്നേഹികൾ ചെയ്തത്.

ആ പോരാട്ടങ്ങളുടെ തുടർച്ചയാണ് ജാതിസംവരണം എന്ന നീതി. എന്നാൽ, ഇന്നയിന്ന ജാതികളിൽപ്പെട്ടവർ എന്ന് വ്യക്തമായി രേഖപ്പെടുത്തികൊണ്ടു തന്നെ അടിച്ചമർത്തപ്പെട്ടവർക്ക് ഉദ്യോഗങ്ങൾ ഉറപ്പുവരുത്തിയ ജനത, അതേ ജാതിപ്പേര് അവരെ വിളിക്കുന്നത് കുറ്റകരമായി പ്രഖ്യാപിക്കുന്നതിനും ജാഗ്രത കാണിച്ചു. എത്ര മഹത്തായ ദീർഘവീക്ഷണം !!!

നിയമങ്ങൾ ഇന്നും നിലനിൽക്കുന്നു. എന്നാൽ ജനതയിലൊരു വിഭാഗം പിന്നോട്ടുനടക്കാൻ തുടങ്ങുന്നു. അവർ തങ്ങളുടെ ജാതിപ്പേരും അടയാളങ്ങളും ധരിച്ച് മേൽക്കോയ്മ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു. തിരുവിതാംകൂർ ദേവസം 32 അബ്രാഹ്മണശാന്തിമാരെ നിയമിച്ചപ്പോൾ അതിനെതിരെ നമ്പൂതിരി യോഗക്ഷേമസഭ രംഗത്തു വരുന്നു.( മാതൃഭൂമി - ജൂലൈ 18, 2017 ) നാളെ അവർ മറ്റു സമരരൂപങ്ങളിലേക്ക് കടന്നേക്കാം.  സാമൂഹ്യവിരുദ്ധമാണെങ്കിലും നിയമവിരുദ്ധമല്ല അത്.

എങ്ങനെയാണിത് തകർക്കാനാവുക ?

നവോത്ഥാനകാലത്താണ് ജാതീയ ഉച്ചനീചത്വങ്ങൾക്ക് അറുതിവരാൻ തുടങ്ങിയത് എന്നുള്ളത് നിസ്തർക്കമാണല്ലോ. അന്നുണ്ടായ പോരാട്ടങ്ങളേയും മാറ്റങ്ങളേയും  അത്തരം പോരാട്ടങ്ങൾ സൃഷ്ടിച്ച നിയമങ്ങളേയും സൂഷ്മമായി പഠിക്കുക, അതിനു തുടർച്ചയുണ്ടാക്കുക  എന്നതു തന്നെയാണ്  പോംവഴിയായി കാണാവുന്നത്.

ഇപ്പോൾ ശാന്തിപ്പണി നൽകിയതു പോലെ, സവർണ്ണർ കൈയ്യടക്കി വച്ച എല്ലാ തൊഴിൽ മേഖലകൾ അവർണ്ണർക്കു കൂടി നൽകുക, അവരുടെ മതപരമായ എല്ലാ മേൽക്കോയ്മകളും അവർണ്ണർക്കു കൂടി അനുവദിക്കുക ഇതൊക്കെയാണ് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്നു തോന്നുന്നു.

അവർണ്ണരും പൂണൂൽ ധരിക്കുക, സംസ്കൃതവും താന്ത്രിക വിധികളും ജ്യോതിഷവും പഠിക്കുക, എല്ലാ ക്ഷേത്രങ്ങളിലും പുജാരിയാവുക, നമ്പൂതിരി, നായർ, മേനോൻ തുടങ്ങിയ ജാതിവാലുകൾ ചേർത്ത് പേരിടുക, മഠം, ഇല്ലം, പിഷാരത്ത് എന്നൊക്കെ വീടുകൾക്ക് പേരിടുക.. മഹാക്ഷേത്രങ്ങൾക്കു ചുറ്റും താമസിക്കുക, മുറ്റത്ത് കോലമിടുക, അവരുടെ വേഷവിധാനങ്ങൾ സ്വീകരിക്കുക.. ഇതൊക്കെ ചെയ്യണം. ഇങ്ങനെയൊരു മാറ്റമുണ്ടാവുമ്പോൾ, തങ്ങളുടേ 'വ്യതിരിക്തത' നിലനിർത്താൻ തുടർന്ന് സവർണ്ണർ എന്തൊക്കെ ചെയ്യുമോ, അതൊക്കെ അനുകരിക്കുക..ചുരുക്കത്തിൽ തങ്ങൾക്കിടയിലെ അവർണ്ണരെ തിരിച്ചറിയാൻ സവർണ്ണർക്ക് ഒരു മാർഗ്ഗവുമില്ലാതെ വരുന്ന എല്ലാ മാർഗ്ഗവും സ്വീകരിക്കുക, അങ്ങനെ ദൈവം/മതം തങ്ങൾക്ക് നൽകിയതെന്നു കരുതുന്നതെന്തും മറ്റു മനുഷ്യർക്കും പ്രാപ്യമാണെന്ന ബോധ്യം അവരിലുണ്ടാക്കി ആ ബോധം അപ്രസക്തമാക്കുക.

ഒരു സാമൂഹ്യമുന്നേറ്റത്തിന്റെ തുടർച്ചയായി/ ഭാഗമായി പിന്നോക്ക ജാതികളിൽ പെട്ടവരുടെ സംഘടനകളും അവർക്ക് പിന്തുണ നൽകുന്നവരും ചെയ്യേണ്ടതും പുരോഗമനചിന്തയുള്ള ഭരണകൂടങ്ങൾ നടപ്പാക്കേണ്ടതുമായ വിപ്ലവമായിരുന്നു അത്. അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സവർണ്ണരും, തുല്യതാബോധം ഓരോ അണുവിലും അനുഭവപ്പെടുന്ന അടിച്ചമർത്തപ്പെട്ടവരിലെ മനുഷ്യരും  ജാതിയില്ലാത്ത വെറും മനുഷ്യരായി ജീവിച്ച് തുടങ്ങുകയും വേണം.

നിർഭാഗ്യവശാൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇന്ത്യൻ സാഹചര്യത്തിലും തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം എന്ന സ്വപ്നം മാത്രമാണ് കണ്ടത്. അതിനേക്കാൾ ആഴത്തിൽ , നൂറ്റാണ്ടുകളായി വേരുകളാഴ്ത്തി നിന്ന ജാതീയത എന്ന വിഷവൃഷത്തിന്റെ തണലിലാണ് തങ്ങളും ഇരിക്കുന്നതെന്നും അതാണാദ്യം മുറിച്ചു മാറ്റേണ്ടതെന്നും എപ്പോഴാണവർ തിരിച്ചറിയുകയെന്നറിയില്ല., അറുപത് - എഴുപതുകളിലെ കേരളത്തിലെ ചില സമരങ്ങളും പാർട്ടി സഖാക്കളുടെ മിശ്രവിവാഹവും ( അതിൽ തന്നെ ഒരു സവർണ്ണൻ, അവർണ്ണവിഭാഗത്തിൽ പെട്ടവരെ വിവാഹം കഴിച്ചത് വിരലിലെണ്ണാൻ കഴിയും ) തമിഴ്നാട്ടിലെ 'ജാതി ചുമർ' തകർത്തതുമെല്ലാം ചില സഖാക്കൾ ഉദ്ധരിച്ചേക്കാം. ജാതീയതയെ സംബന്ധിച്ച് അതെല്ലാം നിസ്സാര ഉറുമ്പുകടികൾ മാത്രമാണ് സഖാക്കളേ. ബോധ്യപ്പെടുന്നില്ലെങ്കിൽ, നമ്മളിൽ തന്നെ എത്രപേർ ജാതിപരിഗണിക്കാതെ പ്രണയവിവാഹം ചെയ്യുന്നുണ്ട് എന്നു പരിശോധിക്കുക. മതപരിഗണനയില്ലാതെ വിവാഹം കഴിച്ചവരിൽ നിന്ന് തുലോം കുറവായിരിക്കും അത്. ( പ്രത്യേകിച്ചും സ്ത്രീ, പുരുഷനെക്കാൾ ജാതിവ്യവസ്ഥയിൽ താഴെയുള്ളവർ ).  ജാതിവ്യവസ്ഥയിൽ താഴെയുള്ള പെൺകുട്ടികളോടാണോ അതോ ഒപ്പമോ അതോ മുകളിലിലുള്ള പെൺകുട്ടികളോടാണോ പലപ്പോഴായി പ്രണയം തോന്നിയിട്ടുണ്ട് എന്നും പരിശോധിക്കാം.  അതെന്തുകൊണ്ടായിരിക്കാം എന്നുമാത്രം ചിന്തിക്കുക.

@Manoj V D Viddiman

Saturday, June 10, 2017

സംഘപരിവാർ റിക്രൂട്ട്മെന്റ് തന്ത്രങ്ങൾ ; മറ്റു മതമൗലീകവാദികളുടേയും. – 2.

--------------------------------------------------------
സംഘപരിവാർ റിക്രൂട്ട്മെന്റ് തന്ത്രങ്ങൾ ; മറ്റു മതമൗലീകവാദികളുടേയും. – 2.
--------------------------------------------------------

1. വിഗ്രഹത്തിൽ നിന്ന് ഒരു ‘പോസറ്റീവ് എനർജി’ പ്രസരിക്കുന്നുണ്ട്. അത് വിശ്വാസികളുടെ ശരീരത്തിലേക്ക് പ്രവഹിക്കുന്ന പാത സുഗമമാവാനാണ് ചെരിപ്പ് ഇടാതെ ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന് നിഷ്ക്കർഷിക്കുന്നത്.

2. ഇന്ത്യയിലെ മഹാശിവക്ഷേത്രങ്ങളെല്ലാം ഭൂപടത്തിൽ നേർരേഖയിലാണ് സ്ഥിതി ചെയ്യുന്നത്.

3. ഭൂമി ഉരുണ്ടതാണെന്ന് ഖുറാനിൽ പറയുന്നുണ്ട്.

4. ക-അബ സ്ഥിതി ചെയ്യുന്നത് ഭൂമിയുടെ കേന്ദ്രത്തിലാണ്.

5. പുരോഹിതർ/ധ്യാനഗുരുക്കൾ നടത്തുന്ന രോഗശാന്തിധ്യാനത്തിലൂടെ വിശ്വാസികളുടെ മുട്ടുവേദന തൊട്ട് കാൻസർ വരെ  മാറ്റിയെടുക്കാം.

ഇതൊക്കെ ഫേസ്ബുക്കിലും വാട്ട്സാപ്പിലുമായി പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പ്രസ്താവനകളുടെ ഏതാനും സാമ്പിളുകൾ മാത്രമാണ്. ഇത്തരം പ്രചരണങ്ങൾക്ക് എന്തുകൊണ്ട് സ്വീകാര്യത കിട്ടുന്നു, ആരൊക്കെയാണിതിന്റെ പുറകിൽ എന്ന ചിന്ത പങ്കു വെക്കുന്നു.

1. തന്റെ ബുദ്ധിയും അനുഭവങ്ങളും വച്ച് ‘യുക്തി’പൂർവ്വം തീരുമാനമെടുക്കുകയും, എല്ലാ തീരുമാനങ്ങളും താൻ അങ്ങനെ എടുത്തതാണെന്ന് വിശ്വസിക്കാനിഷ്ടപ്പെടുകയും ചെയ്യുന്നവരാണ് മനുഷ്യൻ. അടിസ്ഥാനപരമായി മനുഷ്യൻ ‘യുക്തി’ജീവിയാണ്. അവൻ തന്റെ ‘ആരാധനാമൂർത്തി’കളെ രൂപപ്പെടുത്തിയതും ഈ ‘യുക്തി’ വെച്ചായിരിക്കണം. തന്റെ ഇച്ഛയ്ക്ക് വഴങ്ങാത്ത, പ്രവചനാതീതമായ എല്ലാ പ്രതിഭാസങ്ങളേയും ആരാധനാ മൂർത്തികളായി മാറ്റുകയും, അവർക്ക്/അവയ്ക്ക് കാണിക്ക നൽകിയും പുകഴ്കീർത്തികൾ പാടിയും ആടിയും പ്രീതിപ്പെടുത്തി ‘തോഴരാ’ക്കി മാറ്റി തന്റെ തന്നെ വരുതിക്ക് നിർത്താമെന്നും കരുതിയതിനു പിന്നിൽ പ്രവർത്തിച്ചത് അത്തരമൊരു ‘യുക്തി’ തന്നെയായിരിക്കണം.

വിശ്വാസിയായ ഓരോ മനുഷ്യനേയും അവനറിയാതെ തന്നെ നയിക്കുന്നത്, തലമുറകളായി കൈമാറി വന്ന ഇത്തരമൊരു പ്രാകൃതയുക്തിയാണെന്ന ബോധ്യത്തോടെ വേണം അവന്റെ നടപടികളെ പരിശോധിക്കാൻ. ഒരു വിശ്വാസി, ക്ഷേത്രത്തിലോ പള്ളിയിലോ പോകുന്നതും ആരാധനയിൽ ഏർപ്പെടുന്നതും അവൻ ജനിക്കുന്നതിനു മുമ്പേ ആരംഭിക്കുന്ന പ്രക്രിയയാണല്ലോ. അവൻ ജനിച്ച നിമിഷം മുഴുവൻ കേൾക്കുന്നതും അത്തരം ആരാധനാമൂർത്തികളുടെ സ്തുതിഗീതങ്ങൾ തന്നെ. മറ്റേതൊരു മനുഷ്യനെയും വിമർശിക്കാനും ചോദ്യം ചെയ്യാനും മടിക്കാത്ത തന്റെ മാതാപിതാക്കളും സമൂഹവും, ജനനത്തിലും മരണത്തിലും തുടങ്ങി ഏത് സന്തോഷങ്ങളിലും ദു‌:ഖങ്ങളിലും ദുരന്തങ്ങളിലും ഈ സ്തുതിഗീതങ്ങൾ ഭക്തിപുരസ്സരം ആവർത്തിക്കുന്നത് അവൻ കാണുന്നു. ക്രമേണ അവനും അത് പിന്തുടരുന്നു.

എന്നാൽ ജീവിതത്തിൽ താനങ്ങനെ പിന്തുടരുന്ന മറ്റ് വ്യവസ്ഥകൾ - മാതാപിതാക്കളെയും ഇണയേയും മക്കളേയും സംരക്ഷിക്കൽ, പൊതുനിയമങ്ങൾ അനുസരിക്കൽ തുടങ്ങിയവയ്ക്കെല്ലാം യുക്തിപൂർവ്വമായ പിന്തുണ കാണുന്ന അവൻ, ഈ വ്യവസ്ഥയ്ക്ക് – ആരാധനയ്ക്ക്, യുക്തിപൂർവ്വമായ ഉത്തരങ്ങൾ കിട്ടാതെ കുഴങ്ങുന്ന അവസരങ്ങൾ ധാരാളമുണ്ടായിരിക്കും. ഇവിടെയാണ് മതഗ്രന്ഥങ്ങളും മതപ്രചാരകരും പുരോഹിതരും അവനു കൂട്ടിനെത്തുക. ഒന്നാമതായി അവർ പറയുക, ഇതെല്ലാം ‘ദൈവഹിതമാണെന്നും അത് പ്രവചനാതീതമാണെന്നും, ഇപ്പോൾ അനുഭവിക്കുന്നതിനെല്ലാം മറുപടി പരലോകത്ത് ലഭിക്കുമെന്നും പരലോകം/ദൈവലോകം മനുഷ്യർക്ക് ഗോചരമല്ലെ'ന്നുമായിരിക്കും . വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്ന അവരിൽ ഭൂരിഭാഗവും ഈ ഉത്തരം കൊണ്ട് തൃപ്തരാവില്ല. അതുകൊണ്ട്, കൂടുതൽ ‘വിശ്വസനീയമായ’ തെളിവുകൾ അവർക്കു മുമ്പിൽ നിരത്തേണ്ടി വരും. അവിടെയാണ് ഗോപാലകൃഷ്ണനും ശശികലയും സക്കീർനായക്കും യോഹന്നാൻ ബിഷപ്പും എല്ലാം ഇടപെടുന്നതും മുകളിൽ പറഞ്ഞതു പോലുള്ള പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതും.

2. മനുഷ്യരുടെ ഈ മത/ദൈവവിശ്വാസം സംഘപരിവാറും മറ്റ് മതമൗലികവാദികളും എങ്ങനെയാണ് ഉപയോഗപ്പെടുത്തുക എന്നു നോക്കാം.

ആദ്യം, മേല്പറഞ്ഞ രീതിയിലുള്ള പ്രസ്താവനകൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ( ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും )    നിരുപദ്രവകരമെന്ന്  കരുതപ്പെടുന്ന ഭക്തിപ്രഭാഷണങ്ങളിലൂടെയും പുറത്തു വിടുകയാണ് ആദ്യം ചെയ്യുക. അത്തരത്തിലുള്ള പ്രസ്താവനകൾ കാണുന്ന/കേൾക്കുന്ന, അതാത് മതവിഭാഗത്തിൽപ്പെട്ട ആളെ, തന്റെ വിശ്വാസത്തിനു ‘യുക്തി’ പകരുന്ന ഒന്നായതുകൊണ്ട് അത് സന്തോഷിപ്പിക്കാതിരിക്കില്ല. അയാൾ/അവൾ അത് പങ്കു വെക്കും. അതേ മതവിശ്വാസത്തിൽപ്പെട്ട മറ്റു പലരേയും അത് സന്തോഷിപ്പിക്കും, അവരും ലൈക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യും. മറ്റൊരു മതവിശ്വാസിയോ യുക്തി/നിരീശ്വരവാദിയോ അതിലെ ‘യുക്തി’ കമന്റിലൂടെ ചോദ്യം ചെയ്യുമ്പോൾ, മൗലീകവാദികൾക്ക് പ്രചരണത്തിനുള്ള അടുത്ത അവസരം തുറന്നു കിട്ടുകയായി.

എന്തുകൊണ്ടെന്നാൽ, ഷെയർ ചെയ്യപ്പെട്ട പ്രസ്താവനയിലെ ‘യുക്തി’ ക്ക് വേണ്ടത്ര തെളിവ് അവന്റെ/അവളുടെ പക്കൽ ഉണ്ടാവുകയില്ല, തന്നെ ആനന്ദിപ്പിക്കുന്ന ഒന്നായതുകൊണ്ട്, ആ പ്രസ്താവന ആദ്യം കണ്ടപ്പോൾ അവൻ അങ്ങനെ സ്വയം ചോദിക്കുകയുമുണ്ടായിട്ടുണ്ടാവില്ല. ( ഉദാഹരണത്തിന്, വിഗ്രഹം – കൽക്കഷണം മാത്രമല്ലേ ?, വിഗ്രഹത്തിൽ നിന്ന് ‘പോസറ്റീവ് എനർജി പ്രസരിക്കുന്നതിനുള്ള ശാസ്ത്രീയമായ തെളിവ് ? ). സ്വാഭാവികമായും, അവൻ ആ പോസ്റ്റ് ഷെയർ ചെയ്തയാളെ തേടിപ്പോകുന്നു, മിക്കപ്പോഴും അതവനെ അത്തരക്കാർ ധാരാളാമുള്ള മറ്റൊരു ‘ഗ്രൂപ്പിലേക്ക്’ നയിക്കുന്നു. അവിടെ അത്തരം ചർച്ചകൾ നടക്കുകയും, മേല്പറഞ്ഞ ചോദ്യത്തിനുള്ള ‘യുക്തിപരവും ശാസ്ത്രപരവുമായ തെളിവുകൾ' മുൻപേ ലഭിച്ചതായും കാണുന്നു, അത്തരം ‘അറിവുകൾ’ പങ്കു വെച്ച ‘വിശ്വാസിശാസ്ത്രജ്ഞ’രെ പരിചയപ്പെടാനും അവസരം ലഭിക്കുന്നു. അവന് ആ ഗ്രൂപ്പിനോട് ആദരവു തോന്നുന്നു. അവിടെ നിന്ന് ലഭിച്ച മറുപടി ( ഉദാ : പൂജയിലൂടെ ലഭിക്കുന്ന ‘ഊർജ്ജം’, ഡൗസർ ദണ്ഢുകൾ, കിർലിയൻ ഫോട്ടോഗ്രാഫി) അവൻ തനിക്കു ചോദ്യം ചെയ്തവന് ഉത്തരമായി നൽകുന്നു. അവൻ അതിന്റെ ശാസ്ത്രീയത/ആധികാരികത ചോദ്യം ചെയ്യുമ്പോൾ, വിശ്വാസി വീണ്ടും പഴയ ഗ്രൂപ്പിലേക്ക് വരുന്നു.

 ‘ശാസ്ത്രത്തിൽ’ അങ്ങനെ പല ശാഖകളും സിദ്ധാന്തങ്ങളും നിലവിലുണ്ടെന്നും’ ,‘ അവൻ അന്യമതമൗലീകവാദിയാണ്,’ ‘അവനോടു തർക്കിച്ച് സമയം പാഴാക്കരുത്’ തുടങ്ങിയ മറുപടികളും ലഭിക്കുന്നു. കൂടുതൽ പഠിക്കുന്നതിനേക്കാൾ തന്റെ വിശ്വാസം ‘യുക്തിപൂർവ്വം’ നിലനിർത്താൻ നല്ലത് ഈ ‘വിശ്വാസിശാസ്ത്രജ്ഞരെ’ വിശ്വസിക്കുകയാണ് എന്ന് അവന്/അവൾക്ക് ബോധ്യപ്പെടുന്നു. അവരെ അനുസരിക്കുന്നു. എന്നു മാത്രമല്ല, തന്റെ ‘വിശ്വാസയുക്തി’യെ പിന്തുണയ്ക്കുന്ന അനേകം പോസ്റ്റുകൾ അവനാ ഗ്രൂപ്പിൽ കാണുന്നു, ആ ഗ്രൂപ്പും അതിലുള്ളവരും അവനു പ്രിയപ്പെട്ടതാവുന്നു. ആ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയ ‘രാഷ്ട്രീയവിശ്വാസവും’ അവനു പതിയെ പ്രിയപ്പെട്ടതാവുന്നു. ‘പുരാതനവും മനുഷ്യനന്മയിലധിഷ്ഠിതവും ശാസ്ത്രീയവു’മായ അതിനെ എതിർക്കുന്നവർ/ചോദ്യം ചെയ്യുന്നവർ അവന്റെ ശത്രുക്കളാവുന്നു. അവനൊരു സംഘപരിവാറുകാരൻ/മതമൗലീകവാദിയായി മാറുന്നു.

അന്വേഷണത്വരയുള്ളവനും സക്രിയമാവാൻ ആഗ്രഹമുള്ളവനും ‘കൂടുതൽ കൂടുതൽ അറിയാനും ആഴത്തിൽ പഠിക്കാനും’ അവിടെ നിന്ന് ക്ലോസ്ഡ് ഗ്രൂപ്പുകളിലേക്കും സീക്രട്ട് ഗ്രൂപ്പുകളിലേക്കും യാത്ര തുടരുന്നു. ആ യാത്ര,  മതമൗലീകവാദത്തിലേക്കോ മത /രാഷ്ട്രീയ സംഘർഷത്തിലെ പ്രതിയാകുന്നതുവരേയോ സിറിയയിൽ ആടു മേയ്ക്കുന്നതു വരെയോ അതിനു ശേഷമോ നീണ്ടു പോകുന്നു.

ജാതിയിലും വർണ്ണത്തിലും അധിഷ്ഠിതമായതിനാൽ ഇങ്ങനെയൊരു പ്രക്രിയ ഹിന്ദു മതത്തിൽ കുറച്ചു കാലം മുമ്പു വരെ എളുപ്പമായിരുന്നില്ല. എന്നാൽ ഇന്നത് സാധ്യമാണ്.( അതിനു പല കാരണങ്ങൾ ഉണ്ട്. അത് പിന്നീട് പരിശോധിക്കാം ) ക്ഷേത്രങ്ങളിലേയും ഭക്തജനക്കൂട്ടായ്മകളിലേയും ഭക്തിപ്രഭാഷണങ്ങൾ വഴിയും പുരാണപാരായണങ്ങൾ വഴിയും ഫേസ്ബുക്ക്/വാട്ട്സ്സാപ്പ് ഗ്രൂപ്പുകൾ വഴിയും അത് നടക്കുന്നു. സമാന്തരമായി പള്ളികളിലെ മതപ്രഭാഷണങ്ങളും ധ്യാനകേന്ദ്രങ്ങളും അതിന് വേദിയാവുന്നു. സംഘപരിവാറിനും മതമൗലീകവാദികൾക്കും ചാകര !!

3. ആദ്യം പറഞ്ഞ പ്രസ്താവനകൾ ഒന്നു കൂടി പരിശോധിക്കാം. ഇത്തരം പ്രസ്താവനകൾ പരോക്ഷമായി പറഞ്ഞു വെക്കുന്ന മറ്റൊന്നു കൂടിയുണ്ട്- തങ്ങളുടെ മതസ്ഥർ/വിശ്വാസികൾ ഒഴിച്ച് മറ്റുള്ളവരെല്ലാം തങ്ങൾ പറയുന്ന ഈ ‘സ്വർലോകം’ നേടുന്നതിന് അർഹതയില്ലാത്തവരോ അതിന് തടസ്സം നിൽക്കുന്നവരോ ആണ്, ലോകത്തിന് (തങ്ങളുടെ ? ) ഒന്നാകെ നല്ലതു സംഭവിക്കണമെങ്കിൽ അവർ കൂടി തങ്ങളുടേ മാർഗ്ഗത്തിലേക്കു വരികയോ തങ്ങളുടെ മാർഗ്ഗത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുകയോ വേണ്ടതുണ്ട്. ഇത്രയും കടന്നു ചിന്തിക്കാൻ, ഈ പ്രസ്താവനകളുടെ ലോകത്തേയ്ക്കു കടന്നു വരുന്ന, മൃദുലമനസ്ക്കനും മനുഷ്യസ്നേഹിയുമായ ഒരാൾ തയ്യാറാവില്ലെന്നത് ശരി തന്നെ.

പക്ഷേ തന്റെ മതത്തിന്റെ 'നന്മകൾ' (?) പകരുന്നതിനേക്കാളുപരി ഓരോ മതമൗലീകവാദിയും ശ്രദ്ധിക്കുക, ഇങ്ങനെ അന്യമതങ്ങളോടുള്ള വെറുപ്പ് വർദ്ധിപ്പിക്കാനായിരിക്കും. ആരൊക്കെയാണ് ശത്രുക്കൾ, അവരെന്തുകൊണ്ട് ശത്രുക്കളാണ് എന്ന് ആവർത്തിച്ചാവർത്തിച്ച് ഓർമ്മിപ്പിക്കാനാണ് സംഘപരിവാർ ശ്രമിച്ചു കൊണ്ടിരിക്കുക. ഈ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ചു കൊണ്ടാണ് ലോകമെങ്ങും മതമൗലീകവാദികളും ഫാസിസ്റ്റുകളും ഭരണം പിടിച്ചെടുത്തിട്ടുള്ളതും അന്യരെ നിഷ്ക്കാസനം ചെയ്തിട്ടുള്ളതും. അവർക്കേറ്റവും പ്രിയപ്പെട്ട തന്ത്രങ്ങളിലൊന്നാണത്.


 ഇത്തരം പ്രസ്താവനകളുടേ നൈരന്തര്യവും, അത്തരം പ്രസ്താവനകളുടെ ഉടമകളുമായുള്ള അടുപ്പവും, ഒരു മനുഷ്യന്റെ മാനസീകാവസ്ഥ അത്തരത്തിൽ മാറ്റിയെടുക്കുക തന്നെ ചെയ്യും. അതുകൊണ്ടാണ് ഇവിടെ മതമൗലീകവാദികൾ അഴിഞ്ഞാടുന്ന ഗ്രൂപ്പുകളും മതവൈരം വളർത്തുന്ന പ്രസ്താവനകളും അന്യമതവിശ്വാസികളെല്ലാം അന്യരാജ്യങ്ങളിലേക്ക് പോകണമെന്ന് ആക്രോശിക്കുന്നവരും 'ഞാൻ തിന്നാത്ത പശുവിറച്ചി നീയും തിന്നരു'തെന്ന് തിട്ടീരുമിറക്കി മനുഷ്യരെ കൊല്ലുന്നവരും  മനുഷ്യർക്കിടയിൽ വന്ന്  സ്വയം പൊട്ടിത്തെറിച്ച് മറ്റുള്ളവരെ കൊന്നൊടുക്കുന്ന മത/രാഷ്ട്രീയവിശ്വാസികളും ഉണ്ടായത്.

4. ‘ക്രിസ്ത്യൻ മതവിശ്വാസികൾ ഇതിൽ നിന്നെല്ലാം മുക്തരും സംയമനത്തോടെ ഇടപെടുന്നവരുമാണല്ലോ’ എന്നു ചോദിക്കുന്നവരുണ്ടാവും. പരിഹാസ്യമായ ചോദ്യങ്ങളുയർത്തുന്നവിധത്തിൽ തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കാതിരിക്കുക, അഥവാ അങ്ങനെ ഉയർന്നാൽ തന്നെ നിസ്സംഗത പാലിക്കുക എന്നീ പൊതുബോധ്യങ്ങൾ ക്രിസ്ത്യാനികൾക്കിടയിലുണ്ട്. സ്വന്തം വിശ്വാസത്തെ തുറന്ന പരിശോധനയിൽ നിന്ന് മാറ്റി നിർത്തുന്ന ഈ നിലപാട്, സഹിഷ്ണുതയെക്കാളുപരി, താൻ പ്രകോപിതനായേക്കാവുന്ന വേദികളിൽ നിന്ന് ഒഴിഞ്ഞു പോവുക എന്ന ഒരു ബൗദ്ധികതന്ത്രം മാത്രമാണ്.

അതൊരിക്കലും കൃസ്ത്യാനികൾ മതമൗലീകവാദികളല്ല എന്ന നിഗമനത്തിലെത്താൻ സഹായകമല്ല. സംശയമുണ്ടെങ്കിൽ മതവിശ്വാസിയായ ഒരു ക്രിസ്ത്യാനിയുമായി ഒരു സ്വകാര്യസംവാദം നടത്തിനോക്കുക. പക്ഷേ കായികമായ മതസംഘർഷങ്ങൾ നടക്കുന്ന ഒരിടത്ത്, അതൊരു ഭേദപ്പെട്ട നിലപാട് തന്നെയാണ്. സഭയാണെങ്കിൽ, സാത്താനിറക്കിയ പുതിയ ചീട്ടുകളായ ബിലീവേഴ്സ് ചർച്ചും സ്പിരിറ്റ് ഇൻ ജീസസ്സുമൊക്കെയായി മുട്ടാൻ ആന്തരീകനവീകരണധ്യാനവും ഊട്ടുതിരുനാളുമൊക്കെയായി പുതിയ ചീട്ടുകളിറക്കി ദൈവനാമത്തിൽ വിശുദ്ധയുദ്ധത്തിലുമാണ്.

5. കൗതുകകരമായ മറ്റൊരു നിരീക്ഷണം കൂടി പങ്കു വെച്ചുകൊണ്ട് അവസാനിപ്പിക്കാം. മേല്പറഞ്ഞ
‘ശാസ്ത്ര പ്രസ്താവന’കൾക്കെല്ലാം ( ഇനി വരാൻ പോകുന്നവയ്ക്കും) മതങ്ങളിൽ നിന്ന് പുരാതനമായ ‘തെളിവ്’ ഹാജരാക്കുക ഏറ്റവുമെളുപ്പം ഏതു മതത്തിനായിരിക്കും ? സംശയമില്ല. ഹിന്ദു മതത്തിനു തന്നെ. ജീവോല്പത്തിക്കും പരിണാമത്തിനുമായി ‘ദശാവതാരവും’ വിമാനത്തിന് ‘പുഷ്പകവിമാനവും’ ക്ലോണിങ്ങിന് ‘കൗരവരുടെ ജനനവും’ ആറ്റം ബോബ് മിസൈലിനു ‘ബ്രഹ്മാസ്ത്ര’വും അങ്ങനെ ഉദാഹരിക്കാൻ അനേകമുണ്ടാവുമല്ലോ പുരാണങ്ങളിലും ഇതിഹാസങ്ങളിലും മറ്റ് നാട്ടുകഥകളിലുമായി.

എന്തിന്, മുഷ്ടി ചുരുട്ടി പിടിച്ച് വലതു കൈ നീട്ടി, ഇടതുകാൽ പുറകിലേക്ക് മടക്കി വെച്ചാൻ പറന്നു പോകാൻ കഴിയുന്ന ഹനുമാൻമന്ത്രം വരെ പൗരാണികഹിന്ദുമതത്തിന്റെ കൈയ്യിലുണ്ട്. രഹസ്യം വെളിപ്പെടുമെന്നുള്ളതുകൊണ്ട്, ശാസ്ത്രം അങ്ങനെയൊരു കണ്ടുപിടിത്തം നടത്തിയ ശേഷമേ സംഭവം പുറത്തു വിടുള്ളൂ എന്നു മാത്രം. എന്നു മാത്രമല്ല, ‘അപ്പോ ബ്രഹ്മാവ് സൃഷ്ടി നടത്തിയതോ ? പിന്നീടുള്ള ഹിന്ദുക്കൾ മുഗളന്മാരെയും ബ്രിട്ടീഷുകാരെയുമെല്ലാം ഓടിക്കാൻ ബ്രഹ്മാസ്ത്രം പ്രയോഗിക്കാഞ്ഞതെന്ത്? തുടങ്ങിയ വഷളൻ ചോദ്യങ്ങളൊന്നും ചോദിക്കരുത്. ഞങ്ങൾക്കത് ഇഷ്ടമല്ല, പറഞ്ഞേക്കാം.

മുസ്ലീങ്ങൾക്ക് അകെയൊരു ഖുറാനും പിന്നെ ഏതാനും ചില ഹദീസ്സുകളും മാത്രമുള്ളതുകൊണ്ട് ഇത്രയും സാദ്ധ്യമല്ല. അതുകൊണ്ട് ശ്രദ്ധാപൂർവ്വമാണ് ഇടപെടൽ. ഭൂമി ഉരുണ്ടതാണെന്നും സൂരനെ ചുറ്റുകയാണെന്നുമ്മുള്ള ശാസ്ത്രസിദ്ധാന്തം മുസ്ലീങ്ങൾക്ക് പഥ്യമാണ്. കാരണം, അങ്ങനെ പറഞ്ഞതെന്ന് വ്യാഖ്യാനിക്കാവുന്ന ചിലത് ഖുറാനിലുണ്ടത്രെ. പക്ഷേ പരിണാമത്തെ കുറിച്ചു പറഞ്ഞാൽ അവർ കണ്ടം തുണ്ടം അരിഞ്ഞു കളയും. ഖുറാനിൽ കളിമണ്ണുരുട്ടി ഊതിയാണ് മനുഷ്യനെ സൃഷ്ടീച്ചതെന്ന് എഴുതി വെച്ചിരിക്കുകയല്ലേ, പിന്നെങ്ങനെ പരിണാമം ശാസ്ത്രീയമാവും ?

ക്രിസ്തീയ സഭകൾ ഈ സീനൊക്കെ പണ്ടേ വിട്ടതാണ് . ഗലീലിയോയെ തടവിലിട്ടും ഡാർവിനെ ഭീഷണിപ്പെടുത്തിയും ബ്രൂണോയെ ചുട്ടെരിച്ചും, കുരിശിൽ തറച്ചതിന്റെ മൂന്നാം നാൾ ശാസ്ത്രം ഉയർത്തെഴുന്നേറ്റതു നേരിട്ടു കണ്ട അനുഭവം തന്നെ അവർക്കു ഗുരു. അതുകൊണ്ട് സഭ അത്തരം അവകാശവാദങ്ങൾക്കൊന്നും നിൽക്കാറില്ല. എന്നു മാത്രമല്ല, പണ്ടു ചെയ്ത പാതകങ്ങൾക്ക് മാപ്പു ചോദിക്കുകയും ചെയ്യുന്നു. പുതിയ മാർപ്പാപ്പ വിപ്ലവകരമായ നിലപാടുകൾ സ്വീകരിക്കുന്നു, യേശുവിനെ കണ്ടെത്താൻ ശ്രമിക്കുന്നു. ഇവിടത്തെ ബിഷപ്പുമാർ പല്ലു കടിച്ചിരിക്കുകയാണെന്നതു തന്നെ, അത് സ്വാഗതാർഹമായ നിലപാടാണെന്നുള്ളതിന്റെ തെളിവ്. കാലത്തിനനുസരിച്ച് മാറുക എന്നത് നിലനില്പിന്റെ തന്ത്രമായെങ്കിലും തോന്നുന്നുണ്ടല്ലോ. അത്രയും നല്ലത്.
 Manoj V D Viddiman

ചിത്രത്തിനു കടപ്പാട്.