Monday, October 09, 2017

ജാതി ഇല്ലാതാക്കാൻ

ജാതി ഇല്ലാതാക്കാൻ ജാതിയും സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കുന്നതും നിരോധിച്ചാൽ മതിയോ ?

മതിയായേക്കും. പക്ഷേ ഇന്ത്യൻ ഭരണഘടനയും ഇന്ത്യയിലെ ജനകോടികളും അതിനനുവദിക്കുമെന്ന് തോന്നുന്നില്ല. നൂറ്റാണ്ടുകളിലെ തലമുറകളിലൂടെ പടർന്നു കയറിയ ഈ വിഷവേര് ഒറ്റയടിക്ക് മുറിച്ച് മനുഷ്യജാതി മാത്രമായി ജീവിക്കാൻ ഇവിടത്തെ ഭൂരിപക്ഷജനത അനുവദിക്കാത്തിടത്തോളം കാലം അതേ കുറിച്ച് ചിന്തിക്കാനോ പറയാനോ പോലും ഇവിടത്തെ രാഷ്ട്രീയപാർട്ടികൾ തയ്യാറാവില്ല; കമ്മ്യൂണിസ്റ്റ് പാർട്ടികൾ പോലും. ചുരുങ്ങിയത്  പത്തുതലമുറകൾക്കെങ്കിലും  അതൊരു  ചിന്തിക്കാനാവാത്ത കാര്യമായി തന്നെ തുടരും.


നവോത്ഥാനകാലഘട്ടങ്ങൾ ശ്രദ്ധിക്കുക.

തങ്ങൾക്ക് നിഷേധിക്കപ്പെട്ട പേരുകൾ  തങ്ങളുടേ കുഞ്ഞുങ്ങൾക്ക് ഇട്ടുകൊണ്ട് അടിച്ചമർത്തപ്പെട്ടവർ മുന്നോട്ടുവരാൻ തുടങ്ങിയപ്പോൾ, തങ്ങളുടെ വർഗ്ഗത്തിന്റെ മേധാവിത്ത അടയാളങ്ങളും ജാതിപ്പേരുകളും ഉപേക്ഷിച്ചുകൊണ്ട്  അടിച്ചമർത്തപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്  സവർണ്ണരിലെ മനുഷ്യസ്നേഹികൾ ചെയ്തത്.

തങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഓരോയിടത്തും  'തുല്യത' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട്  കടന്നു ചെല്ലാൻ അടിച്ചമർത്തപ്പെട്ടവർ പോരാട്ടങ്ങൾ തുടങ്ങിയപ്പോൾ യാഥാസ്ഥിതികർ അടച്ചു കളഞ്ഞ  വാതിലുകൾ തുറന്നുകൊടുക്കാൻ അവർക്കൊപ്പം അണിചേരുകയാണ് സവർണ്ണരിലെ മനുഷ്യസ്നേഹികൾ ചെയ്തത്.

ആ പോരാട്ടങ്ങളുടെ തുടർച്ചയാണ് ജാതിസംവരണം എന്ന നീതി. എന്നാൽ, ഇന്നയിന്ന ജാതികളിൽപ്പെട്ടവർ എന്ന് വ്യക്തമായി രേഖപ്പെടുത്തികൊണ്ടു തന്നെ അടിച്ചമർത്തപ്പെട്ടവർക്ക് ഉദ്യോഗങ്ങൾ ഉറപ്പുവരുത്തിയ ജനത, അതേ ജാതിപ്പേര് അവരെ വിളിക്കുന്നത് കുറ്റകരമായി പ്രഖ്യാപിക്കുന്നതിനും ജാഗ്രത കാണിച്ചു. എത്ര മഹത്തായ ദീർഘവീക്ഷണം !!!

നിയമങ്ങൾ ഇന്നും നിലനിൽക്കുന്നു. എന്നാൽ ജനതയിലൊരു വിഭാഗം പിന്നോട്ടുനടക്കാൻ തുടങ്ങുന്നു. അവർ തങ്ങളുടെ ജാതിപ്പേരും അടയാളങ്ങളും ധരിച്ച് മേൽക്കോയ്മ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു. തിരുവിതാംകൂർ ദേവസം 32 അബ്രാഹ്മണശാന്തിമാരെ നിയമിച്ചപ്പോൾ അതിനെതിരെ നമ്പൂതിരി യോഗക്ഷേമസഭ രംഗത്തു വരുന്നു.( മാതൃഭൂമി - ജൂലൈ 18, 2017 ) നാളെ അവർ മറ്റു സമരരൂപങ്ങളിലേക്ക് കടന്നേക്കാം.  സാമൂഹ്യവിരുദ്ധമാണെങ്കിലും നിയമവിരുദ്ധമല്ല അത്.

എങ്ങനെയാണിത് തകർക്കാനാവുക ?

നവോത്ഥാനകാലത്താണ് ജാതീയ ഉച്ചനീചത്വങ്ങൾക്ക് അറുതിവരാൻ തുടങ്ങിയത് എന്നുള്ളത് നിസ്തർക്കമാണല്ലോ. അന്നുണ്ടായ പോരാട്ടങ്ങളേയും മാറ്റങ്ങളേയും  അത്തരം പോരാട്ടങ്ങൾ സൃഷ്ടിച്ച നിയമങ്ങളേയും സൂഷ്മമായി പഠിക്കുക, അതിനു തുടർച്ചയുണ്ടാക്കുക  എന്നതു തന്നെയാണ്  പോംവഴിയായി കാണാവുന്നത്.

ഇപ്പോൾ ശാന്തിപ്പണി നൽകിയതു പോലെ, സവർണ്ണർ കൈയ്യടക്കി വച്ച എല്ലാ തൊഴിൽ മേഖലകൾ അവർണ്ണർക്കു കൂടി നൽകുക, അവരുടെ മതപരമായ എല്ലാ മേൽക്കോയ്മകളും അവർണ്ണർക്കു കൂടി അനുവദിക്കുക ഇതൊക്കെയാണ് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്നു തോന്നുന്നു.

അവർണ്ണരും പൂണൂൽ ധരിക്കുക, സംസ്കൃതവും താന്ത്രിക വിധികളും ജ്യോതിഷവും പഠിക്കുക, എല്ലാ ക്ഷേത്രങ്ങളിലും പുജാരിയാവുക, നമ്പൂതിരി, നായർ, മേനോൻ തുടങ്ങിയ ജാതിവാലുകൾ ചേർത്ത് പേരിടുക, മഠം, ഇല്ലം, പിഷാരത്ത് എന്നൊക്കെ വീടുകൾക്ക് പേരിടുക.. മഹാക്ഷേത്രങ്ങൾക്കു ചുറ്റും താമസിക്കുക, മുറ്റത്ത് കോലമിടുക, അവരുടെ വേഷവിധാനങ്ങൾ സ്വീകരിക്കുക.. ഇതൊക്കെ ചെയ്യണം. ഇങ്ങനെയൊരു മാറ്റമുണ്ടാവുമ്പോൾ, തങ്ങളുടേ 'വ്യതിരിക്തത' നിലനിർത്താൻ തുടർന്ന് സവർണ്ണർ എന്തൊക്കെ ചെയ്യുമോ, അതൊക്കെ അനുകരിക്കുക..ചുരുക്കത്തിൽ തങ്ങൾക്കിടയിലെ അവർണ്ണരെ തിരിച്ചറിയാൻ സവർണ്ണർക്ക് ഒരു മാർഗ്ഗവുമില്ലാതെ വരുന്ന എല്ലാ മാർഗ്ഗവും സ്വീകരിക്കുക, അങ്ങനെ ദൈവം/മതം തങ്ങൾക്ക് നൽകിയതെന്നു കരുതുന്നതെന്തും മറ്റു മനുഷ്യർക്കും പ്രാപ്യമാണെന്ന ബോധ്യം അവരിലുണ്ടാക്കി ആ ബോധം അപ്രസക്തമാക്കുക.

ഒരു സാമൂഹ്യമുന്നേറ്റത്തിന്റെ തുടർച്ചയായി/ ഭാഗമായി പിന്നോക്ക ജാതികളിൽ പെട്ടവരുടെ സംഘടനകളും അവർക്ക് പിന്തുണ നൽകുന്നവരും ചെയ്യേണ്ടതും പുരോഗമനചിന്തയുള്ള ഭരണകൂടങ്ങൾ നടപ്പാക്കേണ്ടതുമായ വിപ്ലവമായിരുന്നു അത്. അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സവർണ്ണരും, തുല്യതാബോധം ഓരോ അണുവിലും അനുഭവപ്പെടുന്ന അടിച്ചമർത്തപ്പെട്ടവരിലെ മനുഷ്യരും  ജാതിയില്ലാത്ത വെറും മനുഷ്യരായി ജീവിച്ച് തുടങ്ങുകയും വേണം.

നിർഭാഗ്യവശാൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇന്ത്യൻ സാഹചര്യത്തിലും തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം എന്ന സ്വപ്നം മാത്രമാണ് കണ്ടത്. അതിനേക്കാൾ ആഴത്തിൽ , നൂറ്റാണ്ടുകളായി വേരുകളാഴ്ത്തി നിന്ന ജാതീയത എന്ന വിഷവൃഷത്തിന്റെ തണലിലാണ് തങ്ങളും ഇരിക്കുന്നതെന്നും അതാണാദ്യം മുറിച്ചു മാറ്റേണ്ടതെന്നും എപ്പോഴാണവർ തിരിച്ചറിയുകയെന്നറിയില്ല., അറുപത് - എഴുപതുകളിലെ കേരളത്തിലെ ചില സമരങ്ങളും പാർട്ടി സഖാക്കളുടെ മിശ്രവിവാഹവും ( അതിൽ തന്നെ ഒരു സവർണ്ണൻ, അവർണ്ണവിഭാഗത്തിൽ പെട്ടവരെ വിവാഹം കഴിച്ചത് വിരലിലെണ്ണാൻ കഴിയും ) തമിഴ്നാട്ടിലെ 'ജാതി ചുമർ' തകർത്തതുമെല്ലാം ചില സഖാക്കൾ ഉദ്ധരിച്ചേക്കാം. ജാതീയതയെ സംബന്ധിച്ച് അതെല്ലാം നിസ്സാര ഉറുമ്പുകടികൾ മാത്രമാണ് സഖാക്കളേ. ബോധ്യപ്പെടുന്നില്ലെങ്കിൽ, നമ്മളിൽ തന്നെ എത്രപേർ ജാതിപരിഗണിക്കാതെ പ്രണയവിവാഹം ചെയ്യുന്നുണ്ട് എന്നു പരിശോധിക്കുക. മതപരിഗണനയില്ലാതെ വിവാഹം കഴിച്ചവരിൽ നിന്ന് തുലോം കുറവായിരിക്കും അത്. ( പ്രത്യേകിച്ചും സ്ത്രീ, പുരുഷനെക്കാൾ ജാതിവ്യവസ്ഥയിൽ താഴെയുള്ളവർ ).  ജാതിവ്യവസ്ഥയിൽ താഴെയുള്ള പെൺകുട്ടികളോടാണോ അതോ ഒപ്പമോ അതോ മുകളിലിലുള്ള പെൺകുട്ടികളോടാണോ പലപ്പോഴായി പ്രണയം തോന്നിയിട്ടുണ്ട് എന്നും പരിശോധിക്കാം.  അതെന്തുകൊണ്ടായിരിക്കാം എന്നുമാത്രം ചിന്തിക്കുക.

@Manoj V D Viddiman

No comments:

Post a Comment